---
title: "ഫോൺ ഉപയോഗിക്കാത്ത കൊലയാളി; മോഷണ മുതലിനായുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ , മിന്നൽ ഫൈസൽ വധക്കേസിൽ പ്രതി പിടിയിൽ "
english_title: "Suspect arrested in the murder of KAAPA case accused 'Minnal' Faisal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371522/suspect-arrested-in-the-murder-of-kaapa-case-accused-minnal-faisal"
published_at: "2026-07-10T08:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a506740196f3_minnal_fisal.jpg"
keywords: ["Latest News", "KAAPA Case", "Minnal Faisal Murder Case", "Thiruvananthapuram", "Polie Case"]
---

# ഫോൺ ഉപയോഗിക്കാത്ത കൊലയാളി; മോഷണ മുതലിനായുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ , മിന്നൽ ഫൈസൽ വധക്കേസിൽ പ്രതി പിടിയിൽ 

> **Lead Summary:** **തിരുവനന്തപുരം : ** കാപ്പ കേസ് പ്രതി മിന്നല്‍ ഫൈസലിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കല്ലമ്പലം നാവായിക്കുളം സബീന മന്‍സിലില്‍ അന്‍സില്‍ ആണ് പിടിയിലായത്.

## Article Content

**തിരുവനന്തപുരം : ** കാപ്പ കേസ് പ്രതി മിന്നല്‍ ഫൈസലിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കല്ലമ്പലം നാവായിക്കുളം സബീന മന്‍സിലില്‍ അന്‍സില്‍ ആണ് പിടിയിലായത്.

നിരവധി കേസുകളില്‍ പ്രതിയായ മുട്ടപ്പലം പ്ലാവിള പുത്തന്‍വീട്ടില്‍ മിന്നല്‍ ഫൈസലിന്റെ (45) മൃതദേഹം ഈ മാസം ആദ്യം ജീര്‍ണിച്ച നിലയില്‍ ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഫൈസലിന്റെ തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

പത്തു ദിവസം പഴക്കം ചെന്ന നിലയിലാണ് ഫൈസലിന്റെ മൃതദേഹം കണ്ടത്. മോഷണ മുതല്‍ പങ്കിടുന്നതിനെ ചൊല്ലി മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കം ആണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറയുന്നു. ജൂണ്‍ 20നാണ് കൊലപാതകം നടന്നത്.

ജൂലൈ ഒന്നാണ് മൃതദേഹം കണ്ടത്. ഭക്ഷണം എത്തിച്ചു നല്‍കിയ ഓട്ടോറിക്ഷ ഡ്രൈവറിൽനിന്നു ലഭിച്ച ചെറിയ വിവരത്തില്‍ തുടങ്ങി നാട്ടിലെയാകെയുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.

സിസിടിവിയില്‍നിന്നു പ്രതിയുടെ രൂപം ലഭിച്ചെങ്കിലും ആളിനെ കണ്ടെത്താന്‍ ഏറെ പണിപ്പെട്ടു. അന്‍സില്‍ ഫോണ്‍ ഉപയോഗിക്കാത്തതും പൊലീസിനു വെല്ലുവിളിയായി.

വിശദമായ പരിശോധനയില്‍ ആറ്റിങ്ങല്‍ നഗരത്തിലെ സിസിടിവിയില്‍ പ്രതിയുടെ സമാനരൂപമുള്ള ആളും മറ്റൊരു യുവാവും ബാറിലേക്ക് പോകുന്നത് കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുവാവിനെ കണ്ടെത്തി അന്വേഷിച്ചപ്പോള്‍ ബോട്ടില്‍ മത്സ്യബന്ധത്തിനു പോയപ്പോള്‍ ഉള്ള പരിചയം ആണെന്നും കൂടുതല്‍ വിവരം അറിയില്ലെന്നും പറഞ്ഞു. തുടര്‍ന്ന് ബോട്ട് ഉടമയെ കണ്ടെത്തി നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതിയെ തിരിച്ചറിഞ്ഞത്.

അൻസിൽ കല്ലമ്പലം സ്റ്റേഷനിൽ വധശ്രമ കേസിലും ചിറയിൻകീഴ് സ്റ്റേഷനിൽ മോഷണ കേസിലും ചെന്നൈയിൽ എൻഡിപിഎസ് കേസിലും പ്രതിയാണ്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപത്തഞ്ചോളം കേസുകളില്‍ പ്രതിയായിരുന്ന ഫൈസല്‍ കാപ്പ കേസില്‍ പൂജപ്പുര ജയിലില്‍ റിമാന്‍ഡിലായിരുന്നു.

മൂന്നാഴ്ച മുന്‍പാണ് ജാമ്യം ലഭിച്ചു നാട്ടിലെത്തിയത്. റൂറല്‍ എസ്.പി പ്രശാന്തന്‍ കാണിയുടെ നിര്‍ദേശാനുസരണം ആറ്റിങ്ങല്‍ ഡിവൈഎസ്പി ജി.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് കേസ് അന്വേഷിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371522/suspect-arrested-in-the-murder-of-kaapa-case-accused-minnal-faisal)