---
title: " മമതയ്ക്ക് കനത്ത തിരിച്ചടി...!  രാജിവെച്ച മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു"
english_title: "Three former TMC MPs who resigned have joined the BJP"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371478/three-former-tmc-mps-who-resigned-have-joined-the-bjp"
published_at: "2026-07-09T20:38:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4fb9d6d3749_BJP.jpg"
keywords: ["Latest News", "Rajya Sabha MP", "BJP", "TMC", "Sushmita Dev", "Sukhendu Sekhar Ray", "Prakash Chik Baraik"]
---

#  മമതയ്ക്ക് കനത്ത തിരിച്ചടി...!  രാജിവെച്ച മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു

> **Lead Summary:** കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്‍റെ എംപിമാരായിരുന്ന മൂന്ന് നേതാക്കൾ ബിജെപിയിൽ ചേർന്നു. സുസ്മിത ദേവ്, സുകേന്ദു ശേഖർ റേ, പ്രകാശ് ചിക് ബരാക് എന്നിവരാണ് ബിജെപി ചേർന്നത്. കൊൽക്കത്തയിൽ നടന്ന ചടങ്ങിലാണ് മൂന്ന് പ്രമുഖ നേതാക്കളും ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തൃണമൂൽ കോണ്‍ഗ്രസിന്‍റെ പരാജയത്തിന് പിന്നാലെയാണ് ഇവർ പാർട്ടി വിട്ടത്.

## Article Content

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്‍റെ എംപിമാരായിരുന്ന മൂന്ന് നേതാക്കൾ ബിജെപിയിൽ ചേർന്നു. സുസ്മിത ദേവ്, സുകേന്ദു ശേഖർ റേ, പ്രകാശ് ചിക് ബരാക് എന്നിവരാണ് ബിജെപി ചേർന്നത്. കൊൽക്കത്തയിൽ നടന്ന ചടങ്ങിലാണ് മൂന്ന് പ്രമുഖ നേതാക്കളും ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തൃണമൂൽ കോണ്‍ഗ്രസിന്‍റെ പരാജയത്തിന് പിന്നാലെയാണ് ഇവർ പാർട്ടി വിട്ടത്.

കൊൽക്കത്ത സാൾട്ട് ലേക്കിലുള്ള ബിജെപി സംസ്ഥാന ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യയുടെ സാന്നിധ്യത്തിലാണ് നേതാക്കൾ ബിജെപി അംഗത്വം സ്വീകരിച്ചത്. സമിക് ഭട്ടാചാര്യ മൂന്ന് മുൻ എംപിമാർക്കും ബിജെപിയുടെ ഔദ്യോഗിക പതാക നൽകി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും ജനവിധിയുമാണ് തീരുമാനത്തിന് പിന്നിലെന്ന് തൃണമൂൽ വിട്ട നേതാക്കൾ വ്യക്തമാക്കിയിരുന്നു. ദേശീയ രാഷ്ട്രീയത്തിലും പാർലമെന്റിലും ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള ഈ മൂന്ന് നേതാക്കളുടെ കടന്നുവരവ് പശ്ചിമ ബംഗാളിൽ ബിജെപിയുടെ അടിത്തറ കൂടുതൽ ശക്തമാക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ പറഞ്ഞു.

ഇവരുടെ അനുഭവസമ്പത്ത് വരും ദിവസങ്ങളിൽ സംസ്ഥാനത്തെ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് വലിയ രീതിയിൽ ഊർജ്ജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടിഎംസിയുടെ ദേശീയ വക്താവായിരുന്നു സുസ്മിത ദേവ്. തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭയിലെ ചീഫ് വിപ്പായിരുന്ന സുകേന്ദു ശേഖർ റേ. 2023-ൽ രാജ്യസഭയിലെത്തിയ പ്രകാശ് ചിക് ബരാക് ഉത്തര ബംഗാളിലെ സ്വാധീനമുള്ള നേതാവാണ്. ഈ മൂന്ന് എംപിമാരുടെ രാജിക്ക് പിന്നാലെ വരുന്ന ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ബിജെപി. കഴിഞ്ഞ മാസമാണ് മൂവരും എംപി സ്ഥാനം രാജി വച്ച് തൃണമൂൽ കോണ്‍ഗ്രസ് വിട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371478/three-former-tmc-mps-who-resigned-have-joined-the-bjp)