---
title: "ഒന്നര മണിക്കൂർ മുൻപ് വീട്ടുകാരുമായി സംസാരിച്ചു; യുക്രെയ്ന്‍ തീരത്ത് ഇന്ത്യന്‍ നാവികനെ കാണാതായി, ദുരൂഹതയുണ്ടെന്ന് കുടുംബം"
english_title: "Indian sailor goes missing off the coast of Ukraine family suspects foul play."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371449/indian-sailor-goes-missing-off-the-coast-of-ukraine-family-suspects-foul-play"
published_at: "2026-07-09T16:49:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f8428d232b_MISSING.jpg"
keywords: ["Latest News", "Indian Sailor", "Missing Case", "Ukraine"]
---

# ഒന്നര മണിക്കൂർ മുൻപ് വീട്ടുകാരുമായി സംസാരിച്ചു; യുക്രെയ്ന്‍ തീരത്ത് ഇന്ത്യന്‍ നാവികനെ കാണാതായി, ദുരൂഹതയുണ്ടെന്ന് കുടുംബം

> **Lead Summary:** ന്യൂഡല്‍ഹി: യുക്രെയ്ന്‍ തീരത്ത് ഇന്ത്യന്‍ നാവികനെ കാണാതായി. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ഝാൻജ്ര ബാസ് സ്വദേശി ദീപക് ദുഡ്ഡിയെയാണ് ഈ മാസം രണ്ട് മുതല്‍ കാണാതായത്. പോര്‍ച്ചുഗീസ് കപ്പലിലെ ജീവനക്കാരനാണ് ദീപക്. കപ്പലില്‍ നിന്ന് കടലിലേക്ക് വീണതായാണ് സംശയിക്കുന്നത്.

## Article Content

ന്യൂഡല്‍ഹി: യുക്രെയ്ന്‍ തീരത്ത് ഇന്ത്യന്‍ നാവികനെ കാണാതായി. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ഝാൻജ്ര ബാസ് സ്വദേശി ദീപക് ദുഡ്ഡിയെയാണ് ഈ മാസം രണ്ട് മുതല്‍ കാണാതായത്. പോര്‍ച്ചുഗീസ് കപ്പലിലെ ജീവനക്കാരനാണ് ദീപക്. കപ്പലില്‍ നിന്ന് കടലിലേക്ക് വീണതായാണ് സംശയിക്കുന്നത്.

സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കാണാതാകുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പും ദീപക് വീട്ടുകാരുമായി സംസാരിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടണമെന്നും കൂടുംബം ആവശ്യപ്പെട്ടു.

ദീപക് ദുഡ്ഡിയെ ജൂലൈ രണ്ടിന് കപ്പലിൽ ഡ്യൂട്ടിയിലിരിക്കെ ഒഡെസയ്ക്ക് സമീപത്തുവെച്ച് കാണാതായതായി കപ്പലിന്റെ ഉടമസ്ഥരായ തുർക്കി കമ്പനി അയച്ച ഇ-മെയിൽ പറയുന്നു. ജൂലൈ അഞ്ചിനാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് സന്ദേശം ലഭിച്ചത്. തുടർന്ന് ദീപക്കിനെ കാണാതായെന്ന് പറഞ്ഞ് ഒരു ഫോൺ കോളും വന്നു. തെരച്ചിൽ നടത്തിയെന്നും രാത്രിയോടെ തെരച്ചിൽ നിർത്തിവെച്ചെന്നും കമ്പനി കുടുംബത്തെ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി ഷിപ്പിംഗ് കമ്പനിയുമായി പലതവണ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിശദീകരണമൊന്നും ലഭിച്ചില്ലെന്ന് കുടുംബം പറഞ്ഞു. ഡിസംബറിൽ ഹരിയാനയിലേക്ക് മടങ്ങാനിരിക്കെയാണ് ഈ സംഭവമുണ്ടായതെന്നും കുടുംബത്തിന്റെ പ്രധാന വരുമാന സ്രോതസായിരുന്നു ദീപക്കെന്നും ബന്ധു റാം നിവാസ് പറഞ്ഞു.

ദീപക്കിനായി കുടുംബം ഭിവാനി-മഹേന്ദ്രഗഡ് എംപി ധരംബീർ സിങ്ങിനെ സമീപിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് അദ്ദേഹം കത്തെഴുതി. യുക്രെയ്നിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട അധികാരികളുമായും ഏകോപിപ്പിച്ച് തെരച്ചിൽ ശക്തമാക്കണമെന്നും സ്വതന്ത്ര അന്വേഷണം നടത്തണമെന്നും സിസിടിവി ദൃശ്യങ്ങൾ, യാത്രാ രേഖകൾ, മറ്റ് ജീവനക്കാരുടെ മൊഴി എന്നിവയുൾപ്പെടെ തെളിവുകൾ സൂക്ഷിക്കണമെന്നും അന്വേഷണത്തെക്കുറിച്ച് കുടുംബത്തെ അറിയിക്കണമെന്നും എംപി തന്റെ കത്തിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371449/indian-sailor-goes-missing-off-the-coast-of-ukraine-family-suspects-foul-play)