---
title: "'ഞാൻ നിന്റെ വേലക്കാരനല്ല, താൻ വണ്ടി വാങ്ങിയിട്ടൊന്നുമില്ലല്ലോ...'; കാറിൽ പുകവലിച്ച യാത്രക്കാരനെ പുറത്താക്കി ടാക്സി ഡ്രൈവർ "
english_title: "driver cancelled the trip midway after a passenger smoked a cigarette inside the car without permission"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371436/driver-cancelled-the-trip-midway-after-a-passenger-smoked-a-cigarette-inside-the-car-without-permission"
published_at: "2026-07-09T16:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f7baf5f7c1_taxi.jpg"
keywords: ["Latest News", "Taxi Car", "Smoking Passenger", "Trip Cancelled"]
---

# 'ഞാൻ നിന്റെ വേലക്കാരനല്ല, താൻ വണ്ടി വാങ്ങിയിട്ടൊന്നുമില്ലല്ലോ...'; കാറിൽ പുകവലിച്ച യാത്രക്കാരനെ പുറത്താക്കി ടാക്സി ഡ്രൈവർ 

> **Lead Summary:** **തിരുവനന്തപുരം: കാ**റിനുള്ളിൽ അനുവാദമില്ലാതെ യാത്രക്കാരൻ സിഗരറ്റ് വലിച്ചതിനെത്തുടർന്ന് യാത്ര പാതിവഴിയിൽ റദ്ദാക്കി ഡ്രൈവർ. സാധാരണ നിലയിൽ തുടങ്ങിയ ഒരു യാത്ര ഒടുവിൽ വലിയ തർക്കത്തിലാണ് കലാശിച്ചത്.

## Article Content

**തിരുവനന്തപുരം: കാ**റിനുള്ളിൽ അനുവാദമില്ലാതെ യാത്രക്കാരൻ സിഗരറ്റ് വലിച്ചതിനെത്തുടർന്ന് യാത്ര പാതിവഴിയിൽ റദ്ദാക്കി ഡ്രൈവർ. സാധാരണ നിലയിൽ തുടങ്ങിയ ഒരു യാത്ര ഒടുവിൽ വലിയ തർക്കത്തിലാണ് കലാശിച്ചത്.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡ്രൈവറുടെ നടപടി ശരിയോ തെറ്റോ എന്നതിനെച്ചൊല്ലി വലിയ ചർച്ചയാണ് നടക്കുന്നത്.

എ/സി പ്രവർത്തിക്കുന്നതിനാൽ കാറിന്റെ ജനലുകളെല്ലാം അടച്ചിട്ട നിലയിലായിരുന്നു. ഇതിനിടയിലാണ് കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരിൽ ഒരാൾ ഫോണിൽ സംസാരിക്കുന്നതിനിടെ സിഗരറ്റ് കത്തിച്ചത്.

യാത്രക്കാരൻ പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ദേഷ്യം വന്ന ഡ്രൈവർ, സിഗരറ്റ് കത്തിക്കുന്നതിന് മുൻപ് തന്നോട് അനുവാദം ചോദിച്ചിരുന്നോ എന്ന് ചോദിച്ചു.

എന്നാൽ ചോദ്യം കേട്ട യാത്രക്കാരൻ ഡ്രൈവറോട് തർക്കിക്കാൻ തുടങ്ങുകയും കാറിനുള്ളിൽ പുകവലിച്ചാൽ എന്താണ് കുഴപ്പമെന്ന് ചോദിക്കുകയും ചെയ്തു. തന്നോട് ചോദിക്കാതെ വണ്ടിക്കുള്ളിൽ പുകവലിക്കാൻ പാടില്ലെന്ന് ഡ്രൈവർ കർശനമായി പറഞ്ഞു.

എന്നാൽ പുകവലിക്കാൻ താൻ ആരുടെയും അനുവാദം വാങ്ങേണ്ടതില്ലെന്ന നിലപാടിലായിരുന്നു യാത്രക്കാരൻ. നിങ്ങൾ ഇരിക്കുന്നത് എന്റെ കാറിലാണെന്ന് ഡ്രൈവർ വ്യക്തമാക്കിയപ്പോൾ, ഇത് നിങ്ങളുടെ കാറല്ല ടാക്സിയാണെന്നായിരുന്നു യാത്രക്കാരന്റെ മറുപടി.

ടാക്സിയാണെങ്കിലും താനാണ് ഇത് ഓടിക്കുന്നതെന്നും നിങ്ങൾ ഈ വണ്ടി വിലയ്ക്ക് വാങ്ങിയിട്ടൊന്നുമില്ലല്ലോ എന്നും ഡ്രൈവർ തിരിച്ചടിച്ചു. തർക്കം മുറുകിയതോടെ ഡ്രൈവർ യാത്ര റദ്ദാക്കാൻ തീരുമാനിക്കുകയും യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു.

തനിക്ക് പണം വേണ്ടെന്നും വണ്ടിയിൽ നിന്ന് ഇറങ്ങണമെന്നും പറഞ്ഞ ഡ്രൈവർ കാറിന്റെ ഡോർ തുറന്ന് അവരെ പുറത്താക്കുകയായിരുന്നു. തിരികെ സീറ്റിൽ വന്നിരുന്ന ശേഷം പണത്തിന്റെ അഹങ്കാരമാണ് അയാൾ കാണിച്ചതെന്നും താൻ ടാക്സി ഡ്രൈവറാണെങ്കിലും അയാളുടെ വേലക്കാരനല്ലെന്നും ഡ്രൈവർ കൂട്ടിച്ചേർത്തു. അതേസമയം ഈ സംഭവം നടന്ന തീയതിയോ സ്ഥലമോ ഇതുവരെ വ്യക്തമായിട്ടില്ല.

വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ പലവിധ പ്രതികരണങ്ങളാണ് ഉയരുന്നത്. ഭൂരിഭാഗം പേരും ഡ്രൈവറുടെ നിലപാടിനെ കൈയടിച്ച് പ്രശംസിച്ചപ്പോൾ, ഡ്രൈവർ കുറച്ചുകൂടി മാന്യമായി പെരുമാറാമായിരുന്നുവെന്നും യാത്ര റദ്ദാക്കുന്നതിന് പകരം സിഗരറ്റ് പുറത്തേക്ക് കളയാൻ ആവശ്യപ്പെടാമായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു.

റൈഡ് ബുക്ക് ചെയ്തതുകൊണ്ട് മാത്രം യാത്രക്കാരൻ വണ്ടിയുടെയോ ഡ്രൈവറുടെയോ ഉടമയാകുന്നില്ലെന്നും ഡ്രൈവർ ചെയ്തത് നൂറ് ശതമാനം ശരിയാണെന്നും ഒരു ഉപയോക്താവ് കുറിച്ചു. പുകവലിക്കരുതെന്ന് പറയാൻ ഡ്രൈവർക്ക് പൂർണ്ണ അവകാശമുണ്ടെന്നും യാത്രക്കാരന്റെ അഹങ്കാരത്തിനാണ് ഡ്രൈവർ മറുപടി നൽകിയതെന്നും മറ്റൊരാൾ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371436/driver-cancelled-the-trip-midway-after-a-passenger-smoked-a-cigarette-inside-the-car-without-permission)