---
title: "ജാഗ്രതാ നിർദ്ദേശം... ഉത്തരേന്ത്യയിൽ  മഴക്കെടുതി രൂക്ഷം; ദില്ലിയിൽ കെട്ടിടം തകർന്ന് മരണം മൂന്നായി, പലയിടത്തും റെഡ് അലേർട്ട്"
english_title: "Rain-related havoc intensifies in North India; death toll from building collapse in Delhi rises to three"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371404/rain-related-havoc-intensifies-in-north-india-death-toll-from-building-collapse-in-delhi-rises-to-three"
published_at: "2026-07-09T14:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f66506fcbe_rain.jpg"
keywords: ["Latest News", "North India Rain", "Building Collapse", "Death"]
---

# ജാഗ്രതാ നിർദ്ദേശം... ഉത്തരേന്ത്യയിൽ  മഴക്കെടുതി രൂക്ഷം; ദില്ലിയിൽ കെട്ടിടം തകർന്ന് മരണം മൂന്നായി, പലയിടത്തും റെഡ് അലേർട്ട്

> **Lead Summary:** ദില്ലി: ​ ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ദില്ലിയും, പരിസര പ്രദേശങ്ങളും രാവിലെ മൂന്ന് മണിക്കൂര്‍ റെഡ് അലേര്ട്ടിലായിരുന്നു. രോഹിണിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം മൂന്നായി.

## Article Content

ദില്ലി: ​ ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ദില്ലിയും, പരിസര പ്രദേശങ്ങളും രാവിലെ മൂന്ന് മണിക്കൂര്‍ റെഡ് അലേര്ട്ടിലായിരുന്നു. രോഹിണിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം മൂന്നായി.

മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഹിമാചൽ പ്രദേശിലും ജമ്മു കശ്മീരിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കടുത്ത ചൂടിനും ഉഷ്ണതരംഗത്തിനും ആശ്വാസമായാണ് എത്തിയതെങ്കിലും മഴകനത്തതോടെ വെള്ളക്കെട്ടും ഗതാഗതകുരുക്കും ദില്ലിയില്‍ രൂക്ഷമായി.

തലസ്ഥാന മേഖലയിലും, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പല ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അല‍‍ർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കനത്ത മഴ നിന്ന് പെയ്ത് രാവിലെ പത്ത് മണിവരെ മൂന്ന് മണിക്കൂര്‍ ദില്ലി റെഡ് അലേര്‍ട്ടിലായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോർഡ് മഴയാണ് ദില്ലിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴയെത്തുടർന്ന് രോഹിണിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ മൂന്നായി.

കെട്ടിട ഉടമയുടേതടക്കമുള്ള മൃതദേഹങ്ങളാണ് രക്ഷാപ്രവർത്തകർ ഇന്ന് കണ്ടെടുത്തത്. ദില്ലിക്ക് പുറമെ ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഹിമാചൽ പ്രദേശിലെ രാംപൂരിൽ താൽക്കാലിക പാലങ്ങൾ ഒലിച്ചുപോയതിനെ തുടർന്ന് ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.

ജമ്മു കശ്മീരിലെ വൈഷ്ണോദേവി പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ബാറ്ററി കാർ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാൾ ജില്ലയിലെ ദേശീയപാത 707A യ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ കെട്ടിടം തകർന്നു. അപകട സാധ്യത മുന്നിൽ കണ്ട് മേഖലയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നതിനാൽ ആളപായം ഒഴിവായി. മേഖലയിലേക്കുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371404/rain-related-havoc-intensifies-in-north-india-death-toll-from-building-collapse-in-delhi-rises-to-three)