---
title: "കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നു വീണതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു"
english_title: "Train traffic via Kozhikode has been disrupted."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371370/train-traffic-via-kozhikode-has-been-disrupted"
published_at: "2026-07-09T12:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f4e58b1f12_11.jpg"
keywords: ["Latest News", "Kozhikode", "Train Traffic", "Kozhikode Railway Station"]
---

# കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നു വീണതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

> **Lead Summary:** **കോഴിക്കോട്: [** റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണതിനെത്തുടർന്ന് കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. രാവിലെ 11:10-ഓടെയാണ് സംഭവം. അപകടത്തെത്തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

## Article Content

**കോഴിക്കോട്: [** റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണതിനെത്തുടർന്ന് കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. രാവിലെ 11:10-ഓടെയാണ് സംഭവം. അപകടത്തെത്തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കാണ് ടവർ തകർന്നുവീണത്. അപകടസമയത്ത് കോഴിക്കോട്-കണ്ണൂർ പാസഞ്ചർ ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്നെങ്കിലും, യാത്രക്കാർ ഇല്ലാതിരുന്നതും ജീവനക്കാർ പെട്ടെന്നുതന്നെ ഓടിമാറിയതും വൻ ദുരന്തം ഒഴിവാക്കി. ഈ സംഭവത്തെത്തുടർന്ന് രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം റെയിൽവേ നിരോധിച്ചിട്ടുണ്ട്.

ഗതാഗതം പുനഃസ്ഥാപിച്ചാലും നാലാമത്തെ പ്ലാറ്റ്‌ഫോമിലൂടെ മാത്രമായിരിക്കും ട്രെയിനുകൾ കടത്തിവിടുകയെന്ന് അധികൃതർ അറിയിച്ചു. നിലവിൽ കോഴിക്കോട് വഴിയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. നേത്രാവതി, ഏറനാട് എക്സ്പ്രസുകൾ വെസ്റ്റ് ഹിൽ, വെള്ളയിൽ സ്റ്റേഷനുകളിൽ നിർത്തിയിട്ടിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 1.45-ന് കോഴിക്കോട് നിന്ന് പുറപ്പെടേണ്ടിയിരുന്ന ജനശതാബ്ദി എക്സ്പ്രസ് കല്ലായിയിൽ നിന്നാകും സർവീസ് ആരംഭിക്കുക. ട്രെയിനുകൾ വൈകുന്നത് യാത്രക്കാരെ വലച്ചിട്ടുണ്ട്. അപകടസ്ഥലത്ത് അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371370/train-traffic-via-kozhikode-has-been-disrupted)