---
title: "മതഭ്രാന്ത് പിടിക്കുന്നോ ....? യുവാവിനൊപ്പം കണ്ട മുസ്ലിം യുവതിയുടെ നിഖാബ് അഴിപ്പിച്ചു, നിർബന്ധിച്ച് സിന്ദൂരം ചാർത്തിച്ച് അക്രമികൾ"
english_title: "Complaint filed alleging that a group of people forcibly made a Muslim woman remove her niqab"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371366/complaint-filed-alleging-that-a-group-of-people-forcibly-made-a-muslim-woman-remove-her-niqab"
published_at: "2026-07-09T12:38:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f48fdae93e_bihar.jpg"
keywords: ["Latest News", "Attack", "Muslim Woman Attack", "Niqab"]
---

# മതഭ്രാന്ത് പിടിക്കുന്നോ ....? യുവാവിനൊപ്പം കണ്ട മുസ്ലിം യുവതിയുടെ നിഖാബ് അഴിപ്പിച്ചു, നിർബന്ധിച്ച് സിന്ദൂരം ചാർത്തിച്ച് അക്രമികൾ

> **Lead Summary:** **പട്‌ന: ** ബിഹാറിലെ നവാദ ജില്ലയില്‍ ഹിന്ദു യുവാവിനൊപ്പം കണ്ട മുസ്ലിം യുവതിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് നിഖാബ് അഴിപ്പിച്ചതായി പരാതി.

## Article Content

**പട്‌ന: ** ബിഹാറിലെ നവാദ ജില്ലയില്‍ ഹിന്ദു യുവാവിനൊപ്പം കണ്ട മുസ്ലിം യുവതിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് നിഖാബ് അഴിപ്പിച്ചതായി പരാതി.

യുവതിയുടെ സുഹൃത്തായ യുവാവിനെക്കൊണ്ട് യുവതിയുടെ നെറ്റിയില്‍ നിര്‍ബന്ധിച്ച് സിന്ദൂരം ചാര്‍ത്തിച്ചതായും പരാതിയിൽ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

തീവ്ര ഹിന്ദുത്വ സംഘടനകളില്‍ പെട്ടവരാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്. തങ്ങളെ ഉപദ്രവിക്കരുതെന്നും വിട്ടയക്കണമെന്നും യുവതി ആള്‍ക്കൂട്ടത്തോട് അപേക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എന്നാല്‍ അക്രമിസംഘം ഇത് മുഖവിലയ്ക്ക് എടുക്കാതെയാണ് നിര്‍ബന്ധിച്ച് നിഖാബ് അഴിപ്പിച്ചത്. 'വിഡിയോ എന്തായാലും എടുക്കും, അത് തെളിവായി ഇരിക്കട്ടെ' എന്ന് ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ പറയുന്നത് കേള്‍ക്കാം. തുടര്‍ന്ന് 'ജയ് ബജ്രംഗ്ബലി' വിളികളോടെ അക്രമികള്‍ യുവതിയുടെ ബുര്‍ഖയുടെ ഭാഗങ്ങള്‍ മാറ്റുകയും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിക്കുകയും ചെയ്തു.

യുവതിയെ ശല്യം ചെയ്യരുതെന്ന് ഒപ്പമുണ്ടായിരുന്ന ഹിന്ദു സുഹൃത്തും ആള്‍ക്കൂട്ടത്തോട് അപേക്ഷിച്ചു. എന്നാല്‍, 'നീ ആദ്യം ഇവിടെ വെച്ച് സിന്ദൂരം ചാര്‍ത്ത്, അതിനുശേഷം മുസ്ലിം ആചാരപ്രകാരം പിന്നീട് ചെയ്‌തോളൂ' എന്നാണ് അക്രമികളില്‍ ഒരാള്‍ ഇതിനോട് പ്രതികരിച്ചത്. ഇവര്‍ പോയതിനു ശേഷവും സംഘം പിന്തുടരുകയും വിഡിയോ പകര്‍ത്തുന്നത് തുടരുകയും ചെയ്തു.

സംഭവത്തിന്റെ വിഡിയോ ലഭിച്ചിട്ടുണ്ടെന്ന് നവാദയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. വിഡിയോയുടെ വിശ്വാസ്യത പരിശോധിച്ചുവരികയാണെന്നും, യുവതിയെ ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371366/complaint-filed-alleging-that-a-group-of-people-forcibly-made-a-muslim-woman-remove-her-niqab)