---
title: "ബ്ലാക്ക് മെയിലിങ് ജേർണലിസത്തിനെതിരെയും 'ഓപ്പറേഷൻ തൂഫാൻ' വേണമെന്ന് കോം ഇന്ത്യ; പുതിയ ഭാരവാഹികളായി; വിൻസെന്റ് നെല്ലിക്കുന്നേൽ- പ്രസിഡന്റ്, സോയിമോൻ മാത്യു- ജനറൽ സെക്രട്ടറി, കെ കെ ശ്രീജിത്ത്- ട്രഷറർ"
english_title: "Operation Toofan, Blackmailing Journalism, COM India; Vincent Nellikunnel – President, Soimon Mathew – General Secretary, K.K. Sreejith – Treasurer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371333/operation-toofan-blackmailing-journalism-com-india-vincent-nellikunnel-president-soimon-mathew-general-secretary-kk-sreejith-treasurer"
published_at: "2026-07-09T10:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f31d1d3bdc_sreejith.jpg"
keywords: ["Latest News", "Operation Toofan", "COM India", "Blackmailing Journalism", "Kochi", "K K Sreejith", "Soimon Mathew", "Vincent Nellikunnel"]
---

# ബ്ലാക്ക് മെയിലിങ് ജേർണലിസത്തിനെതിരെയും 'ഓപ്പറേഷൻ തൂഫാൻ' വേണമെന്ന് കോം ഇന്ത്യ; പുതിയ ഭാരവാഹികളായി; വിൻസെന്റ് നെല്ലിക്കുന്നേൽ- പ്രസിഡന്റ്, സോയിമോൻ മാത്യു- ജനറൽ സെക്രട്ടറി, കെ കെ ശ്രീജിത്ത്- ട്രഷറർ

> **Lead Summary:** **കൊച്ചി: **ഡിജിറ്റൽ മാധ്യമ പ്രവർത്തകരുടെ വേഷം ധരിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യയുടെ (കോം ഇന്ത്യ) വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോടും പൊലീസ് അധികൃതരോടും ആവശ്യപ്പെട്ടു.

## Article Content

**കൊച്ചി: **ഡിജിറ്റൽ മാധ്യമ പ്രവർത്തകരുടെ വേഷം ധരിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യയുടെ (കോം ഇന്ത്യ) വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോടും പൊലീസ് അധികൃതരോടും ആവശ്യപ്പെട്ടു.

യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജുകൾ, ന്യൂസ് എന്ന് പേരിടുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ബ്ലോഗുകൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ രൂപീകരിച്ച് വിവിധ ജില്ലകളിൽ വ്യാപക തട്ടിപ്പും ബ്ലാക്ക് മെയിലിങ്ങുമാണ് അരങ്ങേറുന്നത്.

സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ, ബിസിനസുകാർ ഉൾപ്പെടെയുള്ളവരിൽ നിന്നും ലക്ഷങ്ങളാണ് ഇവർ ഇത്തരത്തിൽ തട്ടിച്ചെടുക്കുന്നത്.

ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഓൺലൈൻ മീഡിയ സ്ഥാപനങ്ങൾക്ക് അവമതിപ്പുണ്ടാക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

ഇത്തരക്കാരുടെ പ്രവൃത്തി ഡിജിറ്റൽ മീഡിയകളുടെ വിശ്വാസ്യതയെ പോലും ബാധിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകാനും കോം ഇന്ത്യ വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു.

ഇതുസംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, സംസ്ഥാന പൊലീസ് ചീഫ് എന്നിവർക്ക് സംഘടന പരാതി നൽകും.

ഇത്തരം പുഴുക്കുത്തുകളെ തൂത്തെറിയാൻ, ബ്ലാക്ക് മെയിലിങ് സംബന്ധമായി വിവരം നൽകുന്നതിനായി പൊലീസ് തന്നെ ഔദ്യോഗികമായി അറിയിപ്പ് പുറത്തിറക്കുകയും വിവരം കൈമാറാൻ പ്രത്യേക നമ്പർ നൽകുകയും വേണം.

എല്ലാ ജില്ലകളിലും ഇതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു. യോഗത്തിൽ വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ മുട്ടത്ത് അധ്യക്ഷത വഹിച്ചു.

**കോം ഇന്ത്യയെ നയിക്കാൻ പുതിയ ഭാരവാഹികൾ**

ഇന്ത്യയിലെ ഏറ്റവും പ്രധാന ഡിജിറ്റൽ മീഡിയ സംഘടനയും മലയാളത്തിലെ ഏറ്റവും പ്രമുഖ ഓൺലൈൻ മാധ്യമ മാനേജ്മെന്റ് അസോസിയേഷനുമായ 'കോം ഇന്ത്യ'യുടെ പുതിയ പ്രസിഡന്റായി സത്യം ഓൺലൈൻ എഡിറ്റർ വിൻസെന്റ് നെല്ലിക്കുന്നേലിനെ തിരഞ്ഞെടുത്തു.

**

മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ആണ് ജനറൽ സെക്രട്ടറി. ട്രൂ വിഷൻ ന്യൂസ് എഡിറ്റർ കെ കെ ശ്രീജിത്ത് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

കുഞ്ഞിക്കണ്ണൻ മുട്ടത്ത് (കാസർകോട് വാർത്ത), കെ ബിജിനു (കേരള ഓൺലൈൻ ന്യൂസ്) എന്നിവർ വൈസ് പ്രസിഡന്റുമാരായും, കെ ആർ രതീഷ് (ഗ്രാമജ്യോതി), സ്മിത അത്തോളി (മലബാറി ന്യൂസ്) എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.

ഷാജൻ സ്കറിയ (മറുനാടൻ മലയാളി),,സാജ് കുര്യൻ (സൗത്ത് ലൈവ്), അബ്ദുൾ മുജീബ് (കെ വാർത്ത), കെ ഷാജി (എക്സ്പ്രസ് കേരള), അജയ് മുത്താന (വൈഗ ന്യൂസ്), അൽ അമീൻ (ഇ വാർത്ത), ഇസ്ഹാഖ് ഈശ്വരമംഗലം (മലബാർ ന്യൂസ്) എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്.

കൊച്ചി ഐ.എം.എ ഹാളിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ കുഞ്ഞിക്കണ്ണൻ മുട്ടത്ത് അധ്യക്ഷത വഹിച്ചു . കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും ഡിജിറ്റൽ മീഡിയ സംഘടനയാണ് കോം ഇന്ത്യ.

12 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന പിആർഡി 2023-ൽ ഡിജിറ്റൽ മാധ്യമങ്ങളുടെ പുതുക്കിയ മീഡിയ ലിസ്റ്റ് പുറത്തിറക്കിയത് കോം ഇന്ത്യയുടെ ശക്തമായ ഇടപെടലിലായിരുന്നു.

സംഘടനയിൽ അംഗത്വം ആഗ്രഹിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും www.comindia.org എന്ന് ഒഫീഷ്യൽ വെബ്സൈറ്റ് വഴിയും [4comindia@gmail.com](mailto://4comindia@gmail.com) എന്ന മെയിലിലും അപേക്ഷ അയക്കാവുന്നതാണ്.

ഇത്തരം അപേക്ഷകളിൽ ആവശ്യമായ പരിശോധന നടത്തിയ ശേഷം മാത്രമാകും അംഗത്വം നൽകുകയെന്നും ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് +91 99616 74536**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371333/operation-toofan-blackmailing-journalism-com-india-vincent-nellikunnel-president-soimon-mathew-general-secretary-kk-sreejith-treasurer)