---
title: "ബൈക്കിലെത്തി കവർച്ച; മുളന്തുരുത്തിയിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിച്ച അഞ്ചംഗ സംഘം പൊലീസ് പിടിയിൽ"
english_title: "Five-member gang arrested for breaking into petrol pumps and houses."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371311/five-member-gang-arrested-for-breaking-into-petrol-pumps-and-houses"
published_at: "2026-07-09T09:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f22f1cdd06_5.jpg"
keywords: ["Latest News", "Ernakulam", "Five-Member Gang Arrested", "Looted Houses And Business Establishments"]
---

# ബൈക്കിലെത്തി കവർച്ച; മുളന്തുരുത്തിയിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിച്ച അഞ്ചംഗ സംഘം പൊലീസ് പിടിയിൽ

> **Lead Summary:** **എറണാകുളം: [ **മുളന്തുരുത്തി, ആമ്പല്ലൂർ, കാഞ്ഞിരമറ്റം, അരയൻകാവ് തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് തുടർച്ചയായി കവർച്ച നടത്തിവന്ന അഞ്ചംഗ സംഘത്തെ മുളന്തുരുത്തി പൊലീസ് പിടികൂടി. വീടുകൾ, സൂപ്പർമാർക്കറ്റുകൾ, പെട്രോൾ പമ്പുകൾ എന്നിവ ലക്ഷ്യമിട്ട് മോഷ്ടിച്ച ബൈക്കുകളിലെത്തിയായിരുന്നു ഇവർ കവർച്ച നടത്തിയിരുന്നത്.

## Article Content

**എറണാകുളം: [ **മുളന്തുരുത്തി, ആമ്പല്ലൂർ, കാഞ്ഞിരമറ്റം, അരയൻകാവ് തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് തുടർച്ചയായി കവർച്ച നടത്തിവന്ന അഞ്ചംഗ സംഘത്തെ മുളന്തുരുത്തി പൊലീസ് പിടികൂടി. വീടുകൾ, സൂപ്പർമാർക്കറ്റുകൾ, പെട്രോൾ പമ്പുകൾ എന്നിവ ലക്ഷ്യമിട്ട് മോഷ്ടിച്ച ബൈക്കുകളിലെത്തിയായിരുന്നു ഇവർ കവർച്ച നടത്തിയിരുന്നത്.

തൃശ്ശൂർ, കൊടുങ്ങല്ലൂർ, നോർത്ത് പറവൂർ സ്വദേശികളായ റിയാദ് സി.ആർ. (26), ടി.ഐ. തൻസീർ (28), എൻ.ബി. ബൈജു (29), സി.എ. മിഥുൻ (28), കെ.എ. നിസാർ (28) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ റിയാദ്, തൻസീർ, ബൈജു എന്നിവർ നേരിട്ട് കവർച്ചയിൽ പങ്കെടുത്തപ്പോൾ, മിഥുനും നിസാറും മോഷ്ടിച്ച സാധനങ്ങൾ വാങ്ങുന്നവരാണ്.

പൊലീസിന്റെ അന്വേഷണത്തെ വഴിതെറ്റിക്കാൻ അതിവിദഗ്ധമായ രീതികളായിരുന്നു സംഘം പിന്തുടർന്നിരുന്നത്. ഹെൽമെറ്റും ഗ്ലൗസും ധരിച്ചും, മൊബൈൽ ഫോണുകൾ ഒഴിവാക്കിയുമായിരുന്നു കവർച്ച. എന്നാൽ, ഇവർ സഞ്ചരിച്ച ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അത് ആലുവയിൽനിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയതാണ് കേസിൽ നിർണ്ണായകമായത്. തുടർന്ന് വിവിധയിടങ്ങളിലെ ഇരുനൂറിലധികം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ വലയിലാക്കിയത്.

ചോദ്യം ചെയ്യലിൽ തലയോലപ്പറമ്പ് സപ്ലൈകോ ഔട്ട്‌ലെറ്റിലെ കവർച്ച ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രതികൾ സമ്മതിച്ചു. പിടിയിലായ റിയാദ് 24 കേസുകളിലും, തൻസീർ 24 കേസുകളിലും, ബൈജു 15 കേസുകളിലും പ്രതികളാണ്.

പ്രതികളെ പിറവം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മുളന്തുരുത്തി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂർത്തിയാക്കി പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371311/five-member-gang-arrested-for-breaking-into-petrol-pumps-and-houses)