---
title: "കുട്ടികളെ പ്രചാരണത്തിന് ഉപയോഗിച്ചു; മുഖ്യമന്ത്രി വിജയിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യം, മദ്രാസ് ഹൈക്കോടതിയിൽ ഹർജി "
english_title: "Demand to declare Chief Minister Vijayi's election victory void"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371296/Demand-to-declare-Chief-Minister-Vijayi's-election-victory-void"
published_at: "2026-07-09T09:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f1bcb9ee93_3.jpg"
keywords: ["Latest News", "Chennai", "Chief Minister Vijayi's election victory", "Demand To Declare"]
---

# കുട്ടികളെ പ്രചാരണത്തിന് ഉപയോഗിച്ചു; മുഖ്യമന്ത്രി വിജയിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യം, മദ്രാസ് ഹൈക്കോടതിയിൽ ഹർജി 

> **Lead Summary:** **ചെന്നൈ: [ **തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിൽ ഹരജി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കുട്ടികളെ വൈകാരികമായി ഉപയോഗിച്ചുവെന്നും, തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്നും ആരോപിച്ചാണ് ഹരജി ഫയൽ ചെയ്തിരിക്കുന്നത്. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ വിജയിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ഡിഎംകെ സ്ഥാനാർഥികളായ ആർ.ഡി ശേഖർ, എസ്. ഇനിഗോ ഇരുദയരാജ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

## Article Content

**ചെന്നൈ: [ **തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിൽ ഹരജി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കുട്ടികളെ വൈകാരികമായി ഉപയോഗിച്ചുവെന്നും, തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്നും ആരോപിച്ചാണ് ഹരജി ഫയൽ ചെയ്തിരിക്കുന്നത്. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ വിജയിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ഡിഎംകെ സ്ഥാനാർഥികളായ ആർ.ഡി ശേഖർ, എസ്. ഇനിഗോ ഇരുദയരാജ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

2026 ഏപ്രിലിൽ ചെന്നൈയിൽ നടന്ന പ്രചാരണ പരിപാടിക്കിടെ, കുട്ടികളെക്കൊണ്ട് വോട്ട് അഭ്യർത്ഥിപ്പിക്കുകയും പാർട്ടിയുടെ ചിഹ്നങ്ങൾ ധരിപ്പിക്കുകയും ചെയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശനമായ മാർഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് ഹരജിക്കാർ വാദിക്കുന്നു. ഇത് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളെ ഉപയോഗിച്ചുള്ള പ്രചാരണത്തിന് പുറമെ, തെരഞ്ഞെടുപ്പ് ചെലവുകളിലെ ക്രമക്കേടുകളും ഹരജിയിൽ പ്രധാന വിഷയമാണ്. പ്രചാരണ ഗാനങ്ങൾക്കായി സംഗീത സംവിധായകൻ തമന് നൽകിയ പ്രതിഫലം കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും, ഇതുവഴി നിശ്ചയിച്ച ചെലവ് പരിധി വിജയ് മറികടന്നുവെന്നുമാണ് ആരോപണം.

കൂടാതെ, സത്യവാങ്മൂലത്തിലെ വിവരങ്ങളിലെ പൊരുത്തക്കേടുകളും പെരുമാറ്റച്ചട്ട ലംഘനങ്ങളും ചൂണ്ടിക്കാട്ടി, അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നും പകരം തങ്ങളെ വിജയികളായി പ്രഖ്യാപിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെടുന്നു.

ഹരജി പരിഗണിച്ച ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ, മുഖ്യമന്ത്രി വിജയിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ഹരജി തീർപ്പാക്കുന്നത് വരെ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. സമാനമായ വിഷയത്തിൽ വോട്ടർമാർ നൽകിയ മറ്റ് ഹരജികളിലും കോടതി വിശദീകരണം തേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371296/Demand-to-declare-Chief-Minister-Vijayi's-election-victory-void)