---
title: "വി.ഡി. സതീശൻ മോദിക്കും അദാനിക്കും വേണ്ടി ഭരിക്കുന്നു; മംഗളൂരു യാത്രയിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് എം.വി. ഗോവിന്ദൻ"
english_title: "M.V. Govindan says Rahul Gandhi must respond during his visit to Mangaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371203/mv-govindan-says-rahul-gandhi-must-respond-during-his-visit-to-mangaluru"
published_at: "2026-07-08T15:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e1c2dcaa7b_22.jpg"
keywords: ["Latest News", "M.V. Govindan", "Rahul Gandhi must respond", "V.D. Satheesan's Mangaluru Visit"]
---

# വി.ഡി. സതീശൻ മോദിക്കും അദാനിക്കും വേണ്ടി ഭരിക്കുന്നു; മംഗളൂരു യാത്രയിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് എം.വി. ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം: [**പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മോദിക്കും അദാനിക്കും വേണ്ടി ഭരണം നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വി.ഡി. സതീശന്റെ മംഗളൂരു യാത്രയെക്കുറിച്ചും അദാനിയുമായുള്ള ഡീലിനെക്കുറിച്ചും രാഹുൽ ഗാന്ധി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

## Article Content

**തിരുവനന്തപുരം: [**പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മോദിക്കും അദാനിക്കും വേണ്ടി ഭരണം നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വി.ഡി. സതീശന്റെ മംഗളൂരു യാത്രയെക്കുറിച്ചും അദാനിയുമായുള്ള ഡീലിനെക്കുറിച്ചും രാഹുൽ ഗാന്ധി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അദാനിയുടെ കള്ളക്കച്ചവടങ്ങൾക്കെതിരെ വലിയ പ്രസംഗങ്ങൾ നടത്തുന്ന വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്നും, അതിനാൽ സതീശന്റെ കാര്യത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.

കേരളം ഭരിക്കുന്നത് ബി.ജെ.പി. അല്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞത് വി.ഡി. സതീശനെ ഉദ്ദേശിച്ചാണെന്നും, ബി.ജെ.പി. പ്രകടനപത്രികയിലെ കാര്യങ്ങളാണ് യു.ഡി.എഫ്. സർക്കാർ നടപ്പിലാക്കുന്നതെന്ന് ബി.ജെ.പി. അധ്യക്ഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അദാനിയുമായി സി.പി.എം. ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട വാർത്തകൾ ആദ്യം പുറത്തുവിട്ടത് ദേശാഭിമാനിയാണെന്ന വി.ഡി. സതീശന്റെ വാദത്തെയും എം.വി. ഗോവിന്ദൻ തള്ളി. ജൂൺ ഒന്നിന് ഇക്കണോമിക് ടൈംസും മൂന്നിന് മാതൃഭൂമിയുമാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പച്ചക്കള്ളം പറഞ്ഞ് ദേശാഭിമാനിയെയും പാർട്ടി നേതൃത്വത്തെയും ഇതിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഒളിച്ചുകളിയെയും ഗോവിന്ദൻ വിമർശിച്ചു.

എല്ലാ കമ്പനികൾക്കും തുല്യ അവസരം നൽകുന്നതിന് പകരം വിഴിഞ്ഞം പദ്ധതിയെ കുത്തകവത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ നിലപാടാണ് സി.പി.എം. എതിർക്കുന്നതെന്നും അദാനിയെ സഹായിക്കാനുള്ള നീക്കങ്ങൾക്കെതിരെയാണ് തങ്ങൾ പ്രതിഷേധിക്കുന്നതെന്നും എം.വി. ഗോവിന്ദൻ ആവർത്തിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371203/mv-govindan-says-rahul-gandhi-must-respond-during-his-visit-to-mangaluru)