---
title: "വേട്ടക്കാർ തന്നെ കുടിയന്മാരായപ്പോൾ! പത്തനംതിട്ടയിൽ മദ്യപിച്ച് പോലീസ് ജീപ്പോടിച്ച സംഭവം; മൂന്ന് ഡാൻസാഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ"
english_title: "The District Police Chief has taken strong action against DANSAF officers who drove a police jeep while intoxicated in Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371114/the-district-police-chief-has-taken-strong-action-against-dansaf-officers-who-drove-a-police-jeep-while-intoxicated-in-pathanamthitta"
published_at: "2026-07-08T10:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dd85f29b8f_pathanamthitta.jpg"
keywords: ["Latest News", "Drink And Drive", "Police Officer", "DANSAF Officers Suspended", "Pathanamthitta"]
---

# വേട്ടക്കാർ തന്നെ കുടിയന്മാരായപ്പോൾ! പത്തനംതിട്ടയിൽ മദ്യപിച്ച് പോലീസ് ജീപ്പോടിച്ച സംഭവം; മൂന്ന് ഡാൻസാഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

> **Lead Summary:** **പത്തനംതിട്ട: **പത്തനംതിട്ടയിൽ മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുത്ത് ജില്ലാ പൊലീസ് മേധാവി.

## Article Content

**പത്തനംതിട്ട: **പത്തനംതിട്ടയിൽ മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുത്ത് ജില്ലാ പൊലീസ് മേധാവി.

പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാൻസാഫ് സംഘത്തിലുള്ള മൂന്ന് പൊലീസുകാർക്കെതിരെയാണ് നടപടി. സുമൻ, പ്രിയേഷ്, രാഹുൽ എന്നീ മൂന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്പെൻ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി നേരിട്ട് നിയന്ത്രിക്കുന്ന ലഹരി വേട്ട സംഘമാണ് ഡാൻസാഫ്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ പത്തനംതിട്ട എസ്പി ഓഫീസിന് സമീപമായിരുന്നു സംഭവം. അർദ്ധരാത്രി തന്നെ നടപടി പൂർത്തിയാക്കിയെന്ന് എസ്പി അറിയിച്ചു.

പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തി തൂഫാൻ നടപടിക്ക് ആകെ നാണക്കേട് ഉണ്ടാക്കി എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. മദ്യപിച്ച് വാഹനം ഓടിച്ചതിന് പ്രിയേഷ് എം എന്ന പൊലീസുകാരനെതിരെ കേസെടുത്തിട്ടുണ്ട്. നാട്ടുകാർ തടഞ്ഞിട്ടതിന് പിന്നാലെ മറ്റ് രണ്ട് പേർ സ്ഥലം വിട്ടിരുന്നു.

തന്റെ ഓട്ടോയിലും മറ്റ് വാഹനങ്ങളിലും പൊലീസ് ജീപ്പ് ഇടിക്കേണ്ടതായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ ശോഭ പറയുന്നു. മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരൻ ഡ്രൈവർ സീറ്റിൽ കിടന്നാണ് ഓടിച്ചത്.

താൻ പിന്തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. ഇല്ലായിരുന്നെങ്കിൽ വലിയ അപകടമുണ്ടായേനെ എന്നും ശോഭ പറയുന്നു. പൊലീസ് വാഹനത്തിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ ഇറങ്ങിയോടി.

ആളുകൂടി ചോദ്യംചെയ്തപ്പോഴാണ് ഒരു ഉദ്യോഗസ്ഥൻ ഓടി രക്ഷപ്പെട്ടത്. വാഹനം ഓടിച്ചയാളെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371114/the-district-police-chief-has-taken-strong-action-against-dansaf-officers-who-drove-a-police-jeep-while-intoxicated-in-pathanamthitta)