---
title: "  കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങള്‍;  ഒടുവിൽ വിശദീകരണവുമായി മെറ്റ "
english_title: "Instagram ads promoting child sexual abuse; Meta explains"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371098/instagram-ads-promoting-child-sexual-abuse-meta-explains"
published_at: "2026-07-08T09:40:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f61c8b0704_ghkv.jpg"
keywords: ["Latest news", "Meta explains", "Instagram", "Ads promoting", "Child sexual abuse"]
---

#   കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങള്‍;  ഒടുവിൽ വിശദീകരണവുമായി മെറ്റ 

> **Lead Summary:** ന്യൂഡെൽഹി: **[** കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളുള്ള പരസ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ അയച്ച നോട്ടീസിന് മറുപടിയുമായി മെറ്റ. ഇത്തരം നിയമവിരുദ്ധമായ പരസ്യങ്ങൾക്ക് തങ്ങൾ ബോധപൂർവ്വം അനുമതി നൽകിയിട്ടുണ്ടെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് മെറ്റ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ വിശദീകരിച്ചു.

## Article Content

ന്യൂഡെൽഹി: **[** കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളുള്ള പരസ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ അയച്ച നോട്ടീസിന് മറുപടിയുമായി മെറ്റ. ഇത്തരം നിയമവിരുദ്ധമായ പരസ്യങ്ങൾക്ക് തങ്ങൾ ബോധപൂർവ്വം അനുമതി നൽകിയിട്ടുണ്ടെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് മെറ്റ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ വിശദീകരിച്ചു.

കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണ ഉള്ളടക്കങ്ങൾ തടയുന്ന കാര്യം മെറ്റ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച 40 ലക്ഷത്തോളം അക്കൗണ്ടുകൾ നിർജീവമാക്കിയിട്ടുണ്ടെന്നും സുരക്ഷാസംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും മെറ്റ വ്യക്തമാക്കി.

ഇൻസ്റ്റഗ്രാമിൽ പണം നൽകി പ്രചരിപ്പിക്കുന്ന ചില പരസ്യങ്ങളിൽ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് 'ബിബിസി ഐ' നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഉപയോക്താക്കളെ ടെലഗ്രാം ചാനലുകളിലെ നിയമവിരുദ്ധ ഗ്രൂപ്പുകളിലേക്ക് നയിക്കുന്ന ലിങ്കുകളും ഈ പരസ്യങ്ങളിൽ ഉണ്ടായിരുന്നു. ഇന്ത്യയിൽ വ്യാജ ഐഡന്റിറ്റിയിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് അതിന്റെ പ്രവർത്തനരീതി നിരീക്ഷിച്ചപ്പോഴാണ് ബിബിസി ഇക്കാര്യം പുറത്തുകൊണ്ടുവന്നത്.

ചില അശ്ലീല അക്കൗണ്ടുകൾ പിന്തുടർന്നതിന് പിന്നാലെ, ഉപയോക്താക്കൾ ആവശ്യപ്പെടാതെ തന്നെ സമാന സ്വഭാവമുള്ള പരസ്യങ്ങളും കുട്ടികളെ ഉൾപ്പെടുത്തിയുള്ള ലൈംഗിക ചൂഷണ പരസ്യങ്ങളും ഇൻസ്റ്റഗ്രാം നിർദ്ദേശിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒരു ആഴ്ചയ്ക്കുള്ളിൽ ഇത്തരത്തിലുള്ള മുപ്പതോളം വ്യത്യസ്ത പരസ്യങ്ങൾ ബിബിസി കണ്ടെത്തുകയുണ്ടായി.

ഇതിലൊരു പരസ്യത്തിനെതിരെ പരാതി നൽകിയപ്പോൾ അത് കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിക്കുന്നില്ലെന്ന മറുപടിയാണ് ഇൻസ്റ്റഗ്രാം ആദ്യം നൽകിയതെന്നും ബിബിസി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ വിവാദത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ മെറ്റയ്ക്ക് നോട്ടീസ് അയച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371098/instagram-ads-promoting-child-sexual-abuse-meta-explains)