---
title: "'മെസ്സിക്കുവേണ്ടിയുള്ള ചതി'; അർജന്റീനയോടുള്ള തോൽവിക്ക് പിന്നാലെ ഫിഫയ്ക്കും റഫറിക്കുമെതിരെ ഈജിപ്ത് കോച്ച്"
english_title: "Argentina vs. Egypt match: Egypt coach criticizes FIFA and the referee."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371094/argentina-vs-egypt-match-egypt-coach-criticizes-fifa-and-the-referee"
published_at: "2026-07-08T09:23:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dca2d40b46_2.jpg"
keywords: ["Latest News", "Atland", "Fifa World Cup 2026", "Argentina vs. Egypt match"]
---

# 'മെസ്സിക്കുവേണ്ടിയുള്ള ചതി'; അർജന്റീനയോടുള്ള തോൽവിക്ക് പിന്നാലെ ഫിഫയ്ക്കും റഫറിക്കുമെതിരെ ഈജിപ്ത് കോച്ച്

> **Lead Summary:** **അറ്റ്ലാന്റ: [ **അർജന്റീനയ്ക്കെതിരായ ലോകകപ്പ് പ്രീക്വാർട്ടർ തോൽവിക്ക് പിന്നാലെ ഫിഫയ്ക്കും റഫറിക്കുമെതിരെ രൂക്ഷവിമർശനവുമായി ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ. അർജന്റീനയെയും മെസ്സിയെയും ടൂർണമെന്റിൽ മുന്നോട്ട് കൊണ്ടുപോകാനായി അണിയറയിൽ ഗൂഢനീക്കങ്ങൾ നടന്നുവെന്നും, ഫലം നിശ്ചയിച്ചത് റഫറിയുടെ പക്ഷപാതപരമായ തീരുമാനങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

## Article Content

**അറ്റ്ലാന്റ: [ **അർജന്റീനയ്ക്കെതിരായ ലോകകപ്പ് പ്രീക്വാർട്ടർ തോൽവിക്ക് പിന്നാലെ ഫിഫയ്ക്കും റഫറിക്കുമെതിരെ രൂക്ഷവിമർശനവുമായി ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ. അർജന്റീനയെയും മെസ്സിയെയും ടൂർണമെന്റിൽ മുന്നോട്ട് കൊണ്ടുപോകാനായി അണിയറയിൽ ഗൂഢനീക്കങ്ങൾ നടന്നുവെന്നും, ഫലം നിശ്ചയിച്ചത് റഫറിയുടെ പക്ഷപാതപരമായ തീരുമാനങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളിന് മുന്നിലായിരുന്ന ഈജിപ്ത്, അവസാന നിമിഷങ്ങളിലെ ഗോളുകളിലൂടെയാണ് അർജന്റീനയോട് (3-2) തോൽവി സമ്മതിച്ചത്. മത്സരത്തിലെ റഫറിയായ ഫ്രാൻസ്വ ലെറ്റെക്സിയറെ നിയമിച്ചതിനെതിരെ ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു.

അർജന്റീനയെ ജയിപ്പിക്കാൻ റഫറി മനഃപൂർവം ശ്രമിച്ചുവെന്നാണ് ഹസ്സന്റെ വാദം. മത്സരത്തിനിടെ ഈജിപ്ത് നേടിയ ഒരു ഗോൾ വാർ (VAR) പരിശോധനയിലൂടെ റദ്ദാക്കിയതും, അർജന്റീനയുടെ വിജയഗോളിന് തൊട്ടുമുമ്പ് തങ്ങളുടെ താരത്തെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് പെനാൽറ്റി അനുവദിക്കാത്തതും വലിയ അനീതിയാണെന്ന് ഈജിപ്ത് താരങ്ങളും പരിശീലകനും പറയുന്നു.

ഈ തീരുമാനങ്ങൾ തങ്ങളുടെ കഠിനാധ്വാനത്തെ തകർത്തു കളഞ്ഞുവെന്ന് ഗോൾനേട്ടക്കാരൻ മൊസ്തഫ സിക്കോയും പ്രതികരിച്ചു. കളിക്കളത്തിലെ പ്രശ്നങ്ങൾക്ക് പുറമെ, മത്സരക്രമത്തിനെതിരെയും പരിശീലകൻ രംഗത്തെത്തി. പ്രീക്വാർട്ടർ കഴിഞ്ഞ് നാല് ദിവസത്തെ ഇടവേളയിൽ ഉച്ചയ്ക്ക് 12 മണിക്ക് മത്സരം നിശ്ചയിച്ചത് ഒട്ടും ശാസ്ത്രീയമല്ലെന്ന് അദ്ദേഹം വിമർശിച്ചു.

എങ്കിലും, വമ്പൻ ടീമിനെതിരെ തന്റെ താരങ്ങൾ പുറത്തെടുത്ത പോരാട്ടവീര്യത്തിൽ അഭിമാനമുണ്ടെന്നും, പ്രതിഷേധ സൂചകമായി ഇനി ലോകകപ്പ് മത്സരങ്ങൾ കാണില്ലെന്നും വ്യക്തമാക്കിയാണ് ഹസ്സൻ വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371094/argentina-vs-egypt-match-egypt-coach-criticizes-fifa-and-the-referee)