---
title: "യാത്രക്കാരെ ബസ് കാത്ത് നിൽക്കേണ്ട ...!  മൂന്ന് ജില്ലകളില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്"
english_title: "Private Bus Operators Association is on strike today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371075/private-bus-operators-association-is-on-strike-today"
published_at: "2026-07-08T06:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b72aab74e8_IUYHTGFRD.jpg"
keywords: ["Latest News", "Private Bus Strike", "KSRTC", "Priyadarshini Service"]
---

# യാത്രക്കാരെ ബസ് കാത്ത് നിൽക്കേണ്ട ...!  മൂന്ന് ജില്ലകളില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

> **Lead Summary:** **തിരുവനന്തപുരം : **സ്വകാര്യ ബസ് മേഖലയെ സർക്കാർ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഇന്ന് പണിമുടക്കുന്നു.

## Article Content

**തിരുവനന്തപുരം : **സ്വകാര്യ ബസ് മേഖലയെ സർക്കാർ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഇന്ന് പണിമുടക്കുന്നു.

കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഇന്ന് പണിമുടക്ക്. 'പ്രിയദർശനി' പദ്ധതി വന്നതോടെ തകർച്ചയിലായ സ്വകാര്യ ബസ് വ്യവസായത്തെ നിലനിർത്താൻ സർക്കാർ സഹായം നൽകണം. കിലോമീറ്ററിന് 55 രൂപ വാടകയ്ക്ക് സർക്കാർ സ്വകാര്യ ബസ്സുകള്‍ ഏറ്റെടുക്കണം എന്നിങ്ങനെയാണ് ആവശ്യങ്ങള്‍.

സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സൗജന്യ യാത്ര ഉറപ്പാക്കിയതോടെ, സ്വകാര്യ ബസുകളുടെ വരുമാനത്തില്‍ ഇടിവു വന്നിരുന്നു. പലയിടത്തും സര്‍വീസുകള്‍ വെട്ടിക്കുറക്കുന്ന സാഹചര്യവുമാണ്.

ഇതേത്തുടര്‍ന്ന്, സ്ത്രീ സൗജന്യയാത്ര മൂലം സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കണ്ട് ബസ് ഉടമകള്‍ നിവേദനം നല്‍കിയിരുന്നു. എന്നിട്ടും പരിഹാരമാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക്. കലക്ടറേറ്റിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും തീരുമാനിച്ചിട്ടുണ്ട്.

21 ദിവസം കൊണ്ട് 43 കോടി രൂപയുടെ നഷ്ടം സ്വകാര്യ ബസുകള്‍ക്ക് ഉണ്ടായതായി നേരത്തെ അസോസിയേഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബസുകളുടെ അറ്റകുറ്റപ്പണി, ഇന്ധന വില വർധന, ഇൻഷുറൻസ് എന്നിവയ്ക്ക് വലിയ തുക മാറ്റിവയ്ക്കേണ്ടതുണ്ട്.

പല റൂട്ടുകളിലും സർവീസ് നടത്തുന്ന ബസുകൾക്ക് ദിവസേന 2000 രൂപ മുതൽ 6000 രൂപവരെ നഷ്ടം ഉണ്ടാകുന്നുണ്ടെന്നാണ് അസോസിയേഷന്റെ വിലയിരുത്തല്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371075/private-bus-operators-association-is-on-strike-today)