---
title: "മുലപ്പാലിന്റെ മാധുര്യം മറന്നോ ...? സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി അമ്മയെ കൊന്ന് മകൾ, പിന്നാലെ അപകടമരണമാക്കാൻ ശ്രമം, അറസ്റ്റ് "
english_title: "Young woman kills mother to secure family property and government job"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371072/young-woman-kills-mother-to-secure-family-property-and-government-job"
published_at: "2026-07-08T06:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a425678eb89c_crime_.jpg"
keywords: ["Latest News", "Crime News", "Murder", "Accident"]
---

# മുലപ്പാലിന്റെ മാധുര്യം മറന്നോ ...? സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി അമ്മയെ കൊന്ന് മകൾ, പിന്നാലെ അപകടമരണമാക്കാൻ ശ്രമം, അറസ്റ്റ് 

> **Lead Summary:** **രാജസ്ഥാൻ: **കുടുംബസ്വത്തും സർക്കാർ ജോലിയും സ്വന്തമാക്കാൻ അമ്മയെ കൊലപ്പെടുത്തി യുവതി. സംഭവത്തിൽ ആയുഷി അറസ്റ്റിലായി.

## Article Content

**രാജസ്ഥാൻ: **കുടുംബസ്വത്തും സർക്കാർ ജോലിയും സ്വന്തമാക്കാൻ അമ്മയെ കൊലപ്പെടുത്തി യുവതി. സംഭവത്തിൽ ആയുഷി അറസ്റ്റിലായി.

കൊലപാതകം വാഹനാപകടമരണമാക്കി മാറ്റാൻ യുവതി ശ്രമിച്ചതായി പൊലീസ് പറ‍ഞ്ഞു. കേസിൽ ആയുഷിയെക്കൂടാതെ അമ്മാവനും മറ്റു ബന്ധുക്കളും ഉൾപ്പെടെ 6 പ്രതികളുണ്ടെന്ന് പൊലീസ് പറ‍ഞ്ഞു.

പ്രതാപ് നഗറിലെ താമസക്കാരിയായ നീരജ ശർമ (45) ആണ് കൊല്ലപ്പെട്ടത്. അമിതവേഗത്തിലെത്തിയ കാർ ഇടിച്ചാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ദുരൂഹത തോന്നിയതോടെ നീരജയുടെ സഹോദരൻ രാകേഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

വിശദമായ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. കൊലപാതകത്തിനായി പ്രതികൾ ക്വട്ടേഷൻ സംഘത്തെ ആശ്രയിക്കുകയും അപകടമരണമായി ചിത്രീകരിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഒരു വർഷം മുമ്പ് ഭർത്താവ് വിജയ് കുമാർ ശർമയുടെ മരണത്തെത്തുടർന്ന്, ആശ്രിത നിയമനപ്രകാരമാണ് നീരജ ശർമയ്ക്ക് സർക്കാർ ജോലി ലഭിച്ചത്. ആ ജോലി തനിക്ക് ലഭിക്കണമെന്നായിരുന്നു ആയുഷി ആഗ്രഹിച്ചിരുന്നത്.

പിതാവിന്റെ മരണശേഷം ജോലി താൻ ഏറ്റെടുക്കട്ടെയെന്ന് അമ്മയോട് ചോദിച്ചെങ്കിലും അമ്മ ജോലി സ്വീകരിക്കുകയായിരുന്നു. ഇത് മാനസിക സമ്മർദത്തിന് കാരണമായി എന്ന് ആയുഷി പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സർക്കാർ ജോലിയും കുടുംബസ്വത്തും സ്വന്തമാക്കുന്നതിനായി അമ്മയെ ഇല്ലാതാക്കാൻ ആയുഷി തന്റെ അമ്മാവനുമായും ബന്ധുക്കളുമായും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371072/young-woman-kills-mother-to-secure-family-property-and-government-job)