---
title: "'അഞ്ചുപേരെ കാണാനില്ല, മണ്ണിടിച്ചിൽ ദുരന്തത്തിൽ നാളെയും രക്ഷാപ്രവർത്തനം നടത്തും'; രണ്ട് പേരുടെ നില ​ഗുരുതരമെന്ന് മന്ത്രിമാർ"
english_title: "Ministers stated that rescue operations following the landslide disaster at Kalladi in Wayanad will continue tomorrow as well"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371063/ministers-stated-that-rescue-operations-following-the-landslide-disaster-at-kalladi-in-wayanad-will-continue-tomorrow-as-well"
published_at: "2026-07-07T22:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4d33f0edefa_t_siddiue.jpg"
keywords: ["Latest News", "Kalladi Landslide", "Wayanad", "Minister T Siddique"]
---

# 'അഞ്ചുപേരെ കാണാനില്ല, മണ്ണിടിച്ചിൽ ദുരന്തത്തിൽ നാളെയും രക്ഷാപ്രവർത്തനം നടത്തും'; രണ്ട് പേരുടെ നില ​ഗുരുതരമെന്ന് മന്ത്രിമാർ

> **Lead Summary:** **കൽപ്പറ്റ: **വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ നാളെയും രക്ഷാപ്രവർത്തനം നടത്തുമെന്ന് മന്ത്രിമാർ. മന്ത്രിമാരായ ടി സിദ്ധീഖും അനിൽ കുമാറുമാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

## Article Content

**കൽപ്പറ്റ: **വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ നാളെയും രക്ഷാപ്രവർത്തനം നടത്തുമെന്ന് മന്ത്രിമാർ. മന്ത്രിമാരായ ടി സിദ്ധീഖും അനിൽ കുമാറുമാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

ദുരന്ത സ്ഥലം സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ. ദുരന്തത്തിൽ മൂന്നുപേർ മരിച്ചതായും അഞ്ചുപേരെ കാണാനില്ലെന്നും മന്ത്രി ടി സിദ്ധീഖ് പറഞ്ഞു.

മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രഭാൻ, ബിഹാർ സ്വദേശിയായ വികാസ് കുമാർ, ജാർഖണ്ഡ് സ്വദേശിയായ അന്മോൾ എന്നിവരാണ് മരിച്ചവരിൽ മൂന്നുപേർ. വിക്രം, രാഹുൽ, മുഹമ്മദ് ഇമ്രാൻ, രാകേഷ്, അസറുദ്ദീൻ അൻസാരി എന്നിവരെയാണ് കാണാതായത്.

അങ്ങേയറ്റം വേദനാജനകമായ ദുരന്തമാണെന്നും ഇത്തവണ മഴക്ക് മുൻപ് തന്നെ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നുവെന്നും മന്ത്രി അനിൽകുമാർ പറഞ്ഞു. രക്ഷാ പ്രവർത്തനത്തിന് എല്ലാവർക്കും ഉടനെ തന്നെ എത്താൻ കഴിഞ്ഞിട്ടുണ്ട്.

കാലാവസ്ഥ പ്രതികൂലമാകുന്നത് വരെയുള്ള രക്ഷാപ്രവർത്തനം രാത്രിയിൽ തുടരുമെന്നും കമ്പനി പറഞ്ഞ കണക്ക് പ്രകാരം 5 ആളുകൾ മിംസ്സിം​ഗ് ആണെന്നും മന്ത്രി പറഞ്ഞു.

റോഡ് ഗതാഗത യോഗ്യമാക്കാൻ ഉള്ള പണികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ടി. സിദ്ധീഖ് പറഞ്ഞു. ശാസ്ത്രീയ പരിശോധന നടത്തും, അതിനായി 4 സോണുകൾ ആക്കി തിരിക്കും. കെടാവർ നായ്ക്കളെ കൊണ്ടുവരും. വളണ്ടിയർമാരുടെ സേവനം ഉറപ്പ് വരുത്തും. മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഉണ്ടാവും.

രാഹുൽ എന്നയാളെ കാണാനില്ല. അവരുടെ ഭാര്യ ഇവിടെയുണ്ട്. ബിഹാർ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ ആണ് മരിച്ചത്. 5 പേരെ കാണാനില്ല.

2 പേർ ഐസിയുവിൽ ചികിത്സയിലാണ്. അതിൽ ദിലീപിൻ്റെ നില ഗുരുതരമാണ്. നാളെ പൂർണ പരിശോധന നടത്താൻ വേണ്ടി മണ്ണിടിച്ചിൽ സ്ഥലത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371063/ministers-stated-that-rescue-operations-following-the-landslide-disaster-at-kalladi-in-wayanad-will-continue-tomorrow-as-well)