---
title: "'വിഷമമുണ്ടെങ്കിലും, ഒരു വലിയ ചാരിതാർത്ഥ്യത്തോടെയാണ് ഈ പടിയിറക്കം'; ഒരു സർക്കാരും അർഹതപ്പെട്ട പ്രൊമോഷൻ നൽകിയില്ലെന്ന് വി എ അരുൺ കുമാർ"
english_title: "V.A. Arun Kumar responds after being removed from the post of IHRD Director"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371059/va-arun-kumar-responds-after-being-removed-from-the-post-of-ihrd-director"
published_at: "2026-07-07T22:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4d2adaa93bd_arun_kumar.jpg"
keywords: ["Latest News", "V A Arun Kumar", "IHRD Director", "Facebook Post"]
---

# 'വിഷമമുണ്ടെങ്കിലും, ഒരു വലിയ ചാരിതാർത്ഥ്യത്തോടെയാണ് ഈ പടിയിറക്കം'; ഒരു സർക്കാരും അർഹതപ്പെട്ട പ്രൊമോഷൻ നൽകിയില്ലെന്ന് വി എ അരുൺ കുമാർ

> **Lead Summary:** തിരുവനന്തപുരം : ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുൺ കുമാർ.

## Article Content

തിരുവനന്തപുരം : ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുൺ കുമാർ.

ആത്മാർത്ഥമായി ജോലി ചെയ്തിട്ടും, അർഹതപ്പെട്ട സ്ഥിരം ഡയറക്ടർ പ്രൊമോഷൻ നൽകാൻ ഒരു സർക്കാരും തയ്യാറായിരുന്നില്ലെന്ന് അരുൺ കുമാർ തുറന്നടിച്ചു.

അഡിഷണൽ ഡയറക്ടർ പദവി വരെയുള്ള പ്രമോഷനുകൾക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടെങ്കിലും, ഡയറക്ടർ നിയമനം പൂർണ്ണമായും സർക്കാരുകളുടെ രാഷ്ട്രീയ തീരുമാനങ്ങൾക്ക് വിട്ടുകൊടുക്കുന്ന സാങ്കേതിക പഴുതുകളാണ് ആവർത്തിക്കപ്പെട്ടത്. അർഹതപ്പെട്ട അംഗീകാരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ സ്വാഭാവികമായും വിഷമമുണ്ടെന്നും അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

**ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം**

ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ ചുമതലയിൽ നിന്നുള്ള പുതിയ മാറ്റത്തിന്റെ ഉത്തരവ് ഇന്ന് പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ 32 വർഷക്കാലത്തെ നീണ്ട സർവീസിൽ പ്രിൻസിപ്പൽ, അഡിഷണൽ ഡയറക്ടർ തുടങ്ങി വിവിധ തസ്തികകളിൽ ആത്മാർത്ഥമായി ജോലി ചെയ്തിട്ടും, അർഹതപ്പെട്ട സ്ഥിരം ഡയറക്ടർ പ്രൊമോഷൻ നൽകാൻ ഒരു സർക്കാരും തയ്യാറായിരുന്നില്ല എന്നത് ഒരു വസ്തുതയാണ്.

അഡിഷണൽ ഡയറക്ടർ പദവി വരെയുള്ള പ്രമോഷനുകൾക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടെങ്കിലും, ഡയറക്ടർ നിയമനം പൂർണ്ണമായും സർക്കാരുകളുടെ രാഷ്ട്രീയ തീരുമാനങ്ങൾക്ക് വിട്ടുകൊടുക്കുന്ന സാങ്കേതിക പഴുതുകളാണ് ഇവിടെയും ആവർത്തിക്കപ്പെട്ടത്.

അർഹതപ്പെട്ട അംഗീകാരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ഏതൊരു പ്രൊഫഷണലിനും ഉണ്ടാകുന്ന സ്വാഭാവികമായ വിഷമമുണ്ടെങ്കിലും, ഒരു വലിയ ചാരിതാർത്ഥ്യത്തോടെയാണ് ഈ പടിയിറക്കം.

ഡയറക്ടറുടെ ചുമതല വഹിക്കാൻ കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ ഐ.എച്ച്.ആർ.ഡി എന്ന വലിയ പ്രസ്ഥാനത്തെ ശാസ്ത്ര-സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങളിലേക്ക് നയിക്കാനും, ഈ മേഖലയിൽ കൃത്യമായൊരു ദിശാബോധം സൃഷ്ടിക്കാനും കഴിഞ്ഞുവെന്ന ബോധ്യമാണ് ഏറ്റവും വലിയ പദവി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371059/va-arun-kumar-responds-after-being-removed-from-the-post-of-ihrd-director)