---
title: "'ഇതെല്ലാം പണക്കാരുടെ വിനോദങ്ങൾ'; മരുമകൾക്ക് ലഹരി നൽകി മുറിയിൽ പൂട്ടിയിട്ട് ക്രൂരപീഡനം; മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ അറസ്റ്റിൽ"
english_title: "Senior railway official arrested for subjecting daughter-in-law to brutal sexual abuse and dowry harassment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371055/bihar-vaishali-woman-constable-abduction-rape-allegation"
published_at: "2026-07-07T21:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37b94821a52_Woman_gang-raped.jpg"
keywords: ["Latest News", "Woman Assault Case", "Rape", "Senior Railway Officer", "Sexual Abuse"]
---

# 'ഇതെല്ലാം പണക്കാരുടെ വിനോദങ്ങൾ'; മരുമകൾക്ക് ലഹരി നൽകി മുറിയിൽ പൂട്ടിയിട്ട് ക്രൂരപീഡനം; മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

> **Lead Summary:** **ലക്നൗ : ** മരുമകളെ ക്രൂരമായ ലൈംഗിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ഇരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ അറസ്റ്റിൽ.

## Article Content

**ലക്നൗ : ** മരുമകളെ ക്രൂരമായ ലൈംഗിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ഇരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ അറസ്റ്റിൽ.

റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനീയറായ മുകേഷ് കുമാർ തിവാരിയെ (58) ആണ് മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ലക്നൗവിലെ ആലംഗാബിൽ നിന്ന് പൊലീസ് പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലംഗാബിലെ ബസ് റിപ്പയർ വർക്ക്‌ഷോപ്പിനു സമീപത്തുനിന്നാണ് പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.2023 നവംബറിലായിരുന്നു പ്രതിയുടെ മകനായ അഭിഷേക് തിവാരിയുമായി അതിജീവിതയുടെ വിവാഹം‌. ‌

ഭർതൃവീട്ടിൽ എത്തിയതിനു പിന്നാലെ യുവതിക്ക് നേരെ കടുത്ത സ്ത്രീധന പീഡനവും മാനസിക-ശാരീരിക ഉപദ്രവങ്ങളും ആരംഭിച്ചിരുന്നു. 2024 ഏപ്രിൽ 20ന് മാതാപിതാക്കളുടെ വീട്ടിൽ നിന്നും മടങ്ങിയെത്തിയ യുവതിയെ ഭർതൃപിതാവ് മുകേഷ് കുമാർ തിവാരി ലഹരിപദാർഥം കലർത്തിയ പാനീയം നൽകി ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

തുടർന്ന് മൂന്ന് ദിവസത്തോളം യുവതിയെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കി. ഒടുവിൽ ഭർതൃവീട്ടുകാരുടെ കണ്ണുവെട്ടിച്ച് പൊലീസിനെ ബന്ധപ്പെടാൻ സാധിച്ചതോടെയാണ് യുവതിയെ അവിടെനിന്നും രക്ഷപ്പെടുത്തിയത്.

വിവാഹ രാത്രിയിലെ വിരുന്നിനിടയിൽ ഭർത്താവിന്റെ സഹോദരിമാർ തന്നെ നിർബന്ധിച്ച് മദ്യം കഴിപ്പിക്കുകയും സിഗരറ്റ് കുറ്റികൾ ഉപയോഗിച്ച് ശരീരം പൊള്ളിച്ച് ഉപദ്രവിക്കുകയും ചെയ്തതായി യുവതി പൊലീസിനോട് വെളിപ്പെടുത്തി.

ഇതിനെ എതിർത്തപ്പോൾ ഇവർ ക്രൂരമായി മർദിച്ചു. ഭർത്താവും സഹോദരിമാരും സുഹൃത്തുക്കളെ വീട്ടിൽ വിളിച്ചുവരുത്തി പതിവായി പാർട്ടി നടത്താറുണ്ടായിരുന്നു. ഇതേക്കുറിച്ച് ഭർതൃപിതാവിനോട് പരാതിപ്പെട്ടപ്പോൾ, ‘ഇതെല്ലാം പണക്കാരുടെ വിനോദങ്ങൾ’ എന്നായിരുന്നു ഇയാളുടെ മറുപടിയെന്നും യുവതി പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് അഭിഷേക് തിവാരി, ഭർതൃപിതാവ് മുകേഷ് കുമാർ തിവാരി എന്നിവർക്കെതിരെ സ്ത്രീധന പീഡനം, മർദനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് ആദ്യം കേസെടുത്തത്.

എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ബലാത്സംഗ കുറ്റം കൂടി ചുമത്തുകയായിരുന്നു.

ഇതോടെയാണ് പ്രതി ഒളിവിൽ പോയത്. ശനിയാഴ്ച രാവിലെ പ്രതി ആലംഗാബ് പരിസരത്തുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ ശിവാനന്ദ് മിശ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371055/bihar-vaishali-woman-constable-abduction-rape-allegation)