---
title: "ഉണർന്നയുടൻ ഫോൺ നോക്കാറുണ്ടോ? തലച്ചോറിനെ കാത്തിരിക്കുന്നത് വലിയ അപകടം; ഈ ശീലം മാറ്റാൻ വഴികളിതാ....."
english_title: "Ways to change the habit of looking at your phone as soon as you wake up"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371009/Ways-to-change-the-habit-of-looking-at-your-phone-as-soon-as-you-wake-up"
published_at: "2026-07-07T16:32:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cdf5cc0ee6_tydrtyh.jpg"
keywords: ["Health", "phone usage", "Wake up", "Morning"]
---

# ഉണർന്നയുടൻ ഫോൺ നോക്കാറുണ്ടോ? തലച്ചോറിനെ കാത്തിരിക്കുന്നത് വലിയ അപകടം; ഈ ശീലം മാറ്റാൻ വഴികളിതാ.....

> **Lead Summary:** **[** രാവിലെ എഴുന്നേറ്റ ഉടനെ ചൂടുവെള്ളം കുടിക്കുന്നതും വ്യായാമം ചെയ്യുന്നതുമൊക്കെ പലരുടെയും നല്ല ശീലങ്ങളാണ്. എന്നാൽ ഇതിനൊപ്പം തന്നെ ഭൂരിഭാഗം ആളുകളും ചെയ്യുന്ന മറ്റൊരു കാര്യമുണ്ട്; കണ്ണുതുറന്നയുടൻ മൊബൈൽ ഫോൺ കയ്യിലെടുക്കുക. മെസേജുകളും സോഷ്യൽ മീഡിയയും വാർത്തകളും നോക്കിക്കൊണ്ട് ദിവസം ആരംഭിക്കുന്നത് ഒട്ടും ആരോഗ്യകരമായ ശീലമല്ലെന്നാണ് വിദഗ്ധർ പറയുന്നത്.

## Article Content

**[** രാവിലെ എഴുന്നേറ്റ ഉടനെ ചൂടുവെള്ളം കുടിക്കുന്നതും വ്യായാമം ചെയ്യുന്നതുമൊക്കെ പലരുടെയും നല്ല ശീലങ്ങളാണ്. എന്നാൽ ഇതിനൊപ്പം തന്നെ ഭൂരിഭാഗം ആളുകളും ചെയ്യുന്ന മറ്റൊരു കാര്യമുണ്ട്; കണ്ണുതുറന്നയുടൻ മൊബൈൽ ഫോൺ കയ്യിലെടുക്കുക. മെസേജുകളും സോഷ്യൽ മീഡിയയും വാർത്തകളും നോക്കിക്കൊണ്ട് ദിവസം ആരംഭിക്കുന്നത് ഒട്ടും ആരോഗ്യകരമായ ശീലമല്ലെന്നാണ് വിദഗ്ധർ പറയുന്നത്.

ഏകദേശം 70 മുതൽ 80 ശതമാനം വരെ ആളുകൾ ഉറക്കമുണർന്ന് 10 മുതൽ 15 മിനിറ്റിനുള്ളിൽ ഫോൺ ഉപയോഗിക്കുന്നവരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിസ്സാരമെന്ന് തോന്നുന്ന ഈ ശീലം ക്രമേണ ശരീരത്തിനും മനസ്സിനും വലിയ ദോഷം ചെയ്യും.

**തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു?**

നമ്മൾ ഉണരുമ്പോൾ തലച്ചോറ് നേരിയ ഉറക്കത്തിനും ഉണർവിനും ഇടയിലുള്ള ഒരു അവസ്ഥയിലായിരിക്കും. ഇതിനെ 'സ്ലീപ്പ് ഇനർഷ്യ' (Sleep inertia) എന്നാണ് വിദഗ്ധർ വിളിക്കുന്നത്. ഈ സമയത്ത് തലച്ചോറ് പതുക്കെ ഉണർന്ന് ശാന്തമായ രീതിയിൽ സജീവമാകേണ്ടതുണ്ട്. എന്നാൽ ഉണർന്നയുടൻ ഫോൺ എടുത്ത് സന്ദേശങ്ങളും ഇമെയിലുകളും സോഷ്യൽ മീഡിയയുമൊക്കെ പരിശോധിക്കാൻ തുടങ്ങുമ്പോൾ, തലച്ചോറിലേക്ക് പെട്ടെന്ന് വലിയ അളവിൽ വിവരങ്ങൾ വന്നുനിറയും. ഇത് ദിവസവും ആവർത്തിച്ചാൽ ശരീരം എപ്പോഴും നേരിയ മാനസിക സമ്മർദ്ദത്തിൽ (Stress) തുടരാൻ കാരണമാകും.

**ഉറക്കത്തെയും മാനസികാരോഗ്യത്തെയും തടസ്സപ്പെടുത്തുന്നു**

ഈ ശീലം മാനസികാരോഗ്യത്തെ മാത്രമല്ല, രാത്രിയിലെ ഉറക്കത്തെയും ബാധിക്കും. രാവിലെ ഫോൺ സ്‌ക്രീനിൽ നിന്നുള്ള വെളിച്ചം അടിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക ജൈവഘടികാരത്തെ (Biological Clock) തടസ്സപ്പെടുത്തും. ഇത് രാത്രിയിലെ സുഖകരമായ ഉറക്കത്തിന് തടസ്സമാവുകയും, പകൽ സമയത്തെ ഊർജ്ജത്തെയും ഓർമ്മശക്തിയെയും പ്രകടനത്തെയും മോശമായി ബാധിക്കുകയും ചെയ്യും. കൂടാതെ, അതിരാവിലെ തന്നെ നെഗറ്റീവ് വാർത്തകളോ സമ്മർദ്ദമുണ്ടാക്കുന്ന വിവരങ്ങളോ കാണുന്നത് ദിവസം മുഴുവൻ അസ്വസ്ഥത ഉണ്ടാക്കാനും കാരണമാകും.

**

ഈ ശീലം മാറ്റാൻ ചില എളുപ്പവഴികൾ:**

**ഫോൺ അകറ്റി വെക്കുക:** രാത്രി കിടക്കുമ്പോൾ ഫോൺ കിടപ്പുമുറിക്ക് പുറത്തോ കിടക്കയിൽ നിന്ന് കൈയെത്താത്ത ദൂരത്തിലോ വെക്കുക.

**അലാറം ക്ലോക്ക് ഉപയോഗിക്കുക:** രാവിലെ എഴുന്നേൽക്കാൻ ഫോണിലെ അലാറത്തിന് പകരം ടൈംപീസ് അല്ലെങ്കിൽ സാധാരണ അലാറം ക്ലോക്കുകൾ ഉപയോഗിക്കുക.

**മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ മാറ്റുക:** രാവിലെ എഴുന്നേറ്റയുടൻ 10 മിനിറ്റ് യോഗ ചെയ്യാനോ നടക്കാനോ മാറ്റിവെക്കുക.

**പ്രകൃതിയോട് അടുക്കുക:** എഴുന്നേറ്റയുടൻ 15 മിനിറ്റ് നേരം വാതിലോ ജനാലയോ തുറന്ന് അൽപം ശുദ്ധവായു ശ്വസിക്കുകയും വെളിച്ചം കൊള്ളുകയും ചെയ്യുക.

**ദിവസം പ്ലാൻ ചെയ്യുക: **രാവിലെ എഴുന്നേറ്റാലുടൻ അന്ന് ചെയ്യേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് പ്ലാൻ ചെയ്യുക. ഇത് ഫോണിലേക്ക് ശ്രദ്ധ പോകാതിരിക്കാൻ സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371009/Ways-to-change-the-habit-of-looking-at-your-phone-as-soon-as-you-wake-up)