---
title: "വയനാട്ടിൽനിന്ന് വരുന്നത് വേദനാജനകമായ വാർത്ത; തുരങ്കപാത ഇപ്പോൾ ഉദ്ഘാടനം ചെയ്യേണ്ടെന്ന് ഞങ്ങൾ അന്നേ പറഞ്ഞതാ... ആ മുന്നറിയിപ്പ് അവജ്ഞയോടുകൂടി തള്ളി’ -രാജ്മോഹൻ ഉണ്ണിത്താൻ"
english_title: "wayanad landslide rajmohan unnithan against tunnel road"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370987/wayanad-landslide-rajmohan-unnithan-against-tunnel-road"
published_at: "2026-07-07T15:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cc8e593ff1_rajmohan_unnithan.jpg"
keywords: ["Latest News", "Kalladi Landslide", "Rajmohan Unnithan MP", "Wayanad", "UDF"]
---

# വയനാട്ടിൽനിന്ന് വരുന്നത് വേദനാജനകമായ വാർത്ത; തുരങ്കപാത ഇപ്പോൾ ഉദ്ഘാടനം ചെയ്യേണ്ടെന്ന് ഞങ്ങൾ അന്നേ പറഞ്ഞതാ... ആ മുന്നറിയിപ്പ് അവജ്ഞയോടുകൂടി തള്ളി’ -രാജ്മോഹൻ ഉണ്ണിത്താൻ

> **Lead Summary:** ന്യൂഡൽഹി: വേദനാജനകമായ വാർത്തയാണ് വയനാട്ടിൽനിന്ന് വന്നുകൊണ്ടിരിക്കുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മൂന്നാം ഊഴം പ്രതീക്ഷിച്ചുകൊണ്ട് എൽ.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് തട്ടിക്കൂട്ടിയ ഒരു പരിപാടിയാണ് വയനാടിലെ തുരങ്കപാത. വികസനത്തിന്റെ പേരിൽ നാടിന് ആപത്തായ ഒരു പ്രവർത്തനവും ഒരു ഗവൺമെന്റും ഏറ്റെടുക്കാൻ പാടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

ന്യൂഡൽഹി: വേദനാജനകമായ വാർത്തയാണ് വയനാട്ടിൽനിന്ന് വന്നുകൊണ്ടിരിക്കുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മൂന്നാം ഊഴം പ്രതീക്ഷിച്ചുകൊണ്ട് എൽ.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് തട്ടിക്കൂട്ടിയ ഒരു പരിപാടിയാണ് വയനാടിലെ തുരങ്കപാത. വികസനത്തിന്റെ പേരിൽ നാടിന് ആപത്തായ ഒരു പ്രവർത്തനവും ഒരു ഗവൺമെന്റും ഏറ്റെടുക്കാൻ പാടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്ന ഏകതന്ത്രം മുന്നിൽ കണ്ടുകൊണ്ട് ആവിഷ്കരിച്ച ഈ തുരങ്കപാത ഒരു വലിയ ശാപമായി നാടിന് മാറും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഈ പാതക്ക് ഒരിക്കലും ഞങ്ങൾ എതിരില്ല. പക്ഷേ, പാരിസ്ഥിതിക ആഘാത പഠനവും ആവാസവ്യവസ്ഥയെ കുറിച്ചുള്ള പഠനങ്ങളും നടക്കാതെ, തിരഞ്ഞെടുപ്പ് വന്നപ്പോൾ ഉദ്ഘാടനത്തിന്റെ പേരിൽ വോട്ട് പിടിച്ച് മൂന്നാമൂഴം കിട്ടുമോ എന്ന ഒരു എക്സർസൈസ് ആണ് ഇടതുമുന്നണി നടത്തിയത്. അതിന് വലിയ വില കൊടുക്കേണ്ടി വന്നു’ -അദ്ദേഹം പറഞ്ഞു.

‘തുരങ്കപാതയുടെ ഉദ്ഘാടനം നടക്കുമ്പോൾ തന്നെ യുഡിഎഫ് അതിശക്തമായി അതിനെതിരെ പ്രതികരിച്ചിരുന്നു. അടിയന്തരമായി ഉദ്ഘാടനം ചെയ്യേണ്ട ഒരു കാര്യവുമില്ലെന്നും അതിനെക്കുറിച്ച് വ്യാപകമായ പഠനം നടക്കണമെന്നും യുഡിഎഫ് അന്ന് ആവശ്യപ്പെട്ടതാണ്. പക്ഷേ, അന്ന് യുഡിഎഫ് വികസനത്തിനെതിരാണെന്ന് പറഞ്ഞുകൊണ്ട് ആ മുന്നറിയിപ്പ് അവജ്ഞയോടുകൂടി തള്ളിക്കളഞ്ഞു. തട്ടിക്കൂട്ട് ഉദഘാടനം നിർവഹിക്കുകയും ചെയ്തു.

അന്നേ ഞങ്ങൾ ഈ ആശങ്ക പങ്കുവെച്ചതാണ്. ഇപ്പോൾ ഞെട്ടിപ്പിക്കുന്ന വേദനാജനകമായ ഒരു വാർത്തയാണ് വയനാട്ടിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. അവിടെ മണ്ണ് ഇടിഞ്ഞുവീണ് എട്ടോളം ആളുകൾ മണ്ണിനടിയിൽപെട്ടിരിക്കുന്നു. രണ്ടുപേർ മരിച്ചു എന്ന് റിപ്പോർട്ട് ഉണ്ട്. ചില ആളുകളെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ട് ഉണ്ട്. വികസനത്തിന്റെ പേരിൽ നാടിന് ആപത്തായ ഒരു പ്രവർത്തനവും ഒരു ഗവൺമെന്റും ഏറ്റെടുക്കാൻ പാടില്ല എന്നതിന്റെ ഉദാഹരണമാണ് വയനാട് തുരങ്കപാത.

പാരിസ്ഥിതിക ആഘാത പഠനം നടത്താതെ, ആവാസ വ്യവസ്ഥയെ കുറിച്ചുള്ള ഒരു ധാരണയുമില്ലാതെ, തെരഞ്ഞെടുപ്പിൽ ജയിക്കുക എന്ന ഏകതന്ത്രം മുന്നിൽ കണ്ടുകൊണ്ട് ആവിഷ്കരിച്ച ഈ പാത വലിയ ശാപമായി നാടിന് മാറും എന്നതിൽ യാതൊരു തർക്കവുമില്ല.

അവിടെ മണ്ണിനടിയിൽപെട്ടവരുടെ ജീവൻ രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ഗവൺമെന്റ് തയ്യാറാകണം. ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കിൽ അവരുടെ കുടുംബത്തിന് ആശ്വാസം കൊടുക്കണം. രക്ഷാപ്രവർത്തനത്തിനു വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ വയനാട്ടിൽ ചെയ്യണമെന്ന് ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നു’ -അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370987/wayanad-landslide-rajmohan-unnithan-against-tunnel-road)