---
title: "വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം"
english_title: "Around 18 people are suspected to be trapped following a massive landslide at Kalladi in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370955/around-18-people-are-suspected-to-be-trapped-following-a-massive-landslide-at-kalladi-in-wayanad"
published_at: "2026-07-07T13:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cb539f308b_kalladi.jpg"
keywords: ["Latest News", "Kalladi Landslide", "Wayanad"]
---

# വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

> **Lead Summary:** **വയനാട് : ( **[www.truevisionnews.com]** ) **വയനാട് കള്ളാടിയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ പതിനെട്ടോളം പേർ കുടുങ്ങിയതായി സംശയം.

## Article Content

**വയനാട് : ( **[www.truevisionnews.com]** ) **വയനാട് കള്ളാടിയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ പതിനെട്ടോളം പേർ കുടുങ്ങിയതായി സംശയം.

അപകടത്തിൽപ്പെട്ട ആറു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ രണ്ടുപേരുടെ മരണം സ്ഥിതീകരിച്ചു . പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന നിരവധി ഇതരസംസ്ഥാന തൊഴിലാളികളെ കാണാതായതായാണ് വിവരം.

മേഖലയിൽ തുരങ്കപാത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവന്ന കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരിലേറെയും. പതിനാറോളം തൊഴിലാളികളെ കാണാനില്ലെന്നാണ് വിവരം. എന്നാൽ 18 ഓളം പേർ മണ്ണിനടിയിൽപ്പെട്ടിട്ടുണ്ടെന്നാണ് സൂപ്പർവൈസർമാരിൽ നിന്ന് ലഭിക്കുന്ന സൂചന.

രണ്ടാഴ്ച മുൻപ് ഇവിടെ മണ്ണടിച്ചിലുണ്ടായപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ കളക്ടർ ഉത്തരവിട്ടിരുന്നു. എങ്കിലും തൊഴിലാളികൾ ക്യാമ്പുകളിൽ തന്നെ തുടരുകയായിരുന്നുവെന്ന് പഞ്ചായത്ത് മെമ്പർ അജ്മൽ പറഞ്ഞു.

പ്രദേശത്തെ പള്ളിയും വീടുകളും തകരുകയും വാഹനങ്ങൾ ചെളിയിൽ പുതഞ്ഞു കിടക്കുകയും ചെയ്യുന്ന ദാരുണമായ അവസ്ഥയാണുള്ളത്. മണ്ണിടിച്ചിലിനെ തുടർന്ന പ്രദേശത്തെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പാലവും റോഡും തകരുകയും മണ്ണു മൂടുകയും ചെയ്തതോടെ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്.

കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന അതിതീവ്ര മഴയാണ് ദുരന്തത്തിന് കാരണമായത്. എൻ.ഡി.ആർ.എഫ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ജെ.സി.ബി, ഹിറ്റാച്ചി തുടങ്ങിയ യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് മണ്ണ് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും മോശം കാലാവസ്ഥയും മഴയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370955/around-18-people-are-suspected-to-be-trapped-following-a-massive-landslide-at-kalladi-in-wayanad)