---
title: "'വയനാട്ടിലേത് മനുഷ്യനിർമിത മണ്ണിടിച്ചിൽ; അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയത് അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഒലിച്ചിറങ്ങിയത്' - പ്രതികരിച്ച് മന്ത്രി ടി. സിദ്ദിഖ്"
english_title: " t siddique says that wayanad kalladi landslide was man made"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370943/t-siddique-says-that-wayanad-kalladi-landslide-was-man-made"
published_at: "2026-07-07T13:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cadbf83ac3_t_siddique_.jpg"
keywords: ["Latest News", "Kalladi Landslide", "Minister  T Siddique", "Wayanad"]
---

# 'വയനാട്ടിലേത് മനുഷ്യനിർമിത മണ്ണിടിച്ചിൽ; അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയത് അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഒലിച്ചിറങ്ങിയത്' - പ്രതികരിച്ച് മന്ത്രി ടി. സിദ്ദിഖ്

> **Lead Summary:** വയനാട്: തുരങ്കപാത നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിന് സമീപത്തുണ്ടായ മണ്ണിടിച്ചിലിൽ പ്രതികരിച്ച് മന്ത്രി ടി. സിദ്ദിഖ്. മണ്ണിടിച്ചിൽ മനുഷ്യനിർമിതമാണെന്നും അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയത് അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഒലിച്ചിറങ്ങിയത് എന്നും മന്ത്രി വ്യക്തമാക്കി.

## Article Content

വയനാട്: തുരങ്കപാത നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിന് സമീപത്തുണ്ടായ മണ്ണിടിച്ചിലിൽ പ്രതികരിച്ച് മന്ത്രി ടി. സിദ്ദിഖ്. മണ്ണിടിച്ചിൽ മനുഷ്യനിർമിതമാണെന്നും അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയത് അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഒലിച്ചിറങ്ങിയത് എന്നും മന്ത്രി വ്യക്തമാക്കി.

അപകടം വിഷമിപ്പിക്കുന്നു. അപകട സ്ഥലത്ത് കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് എന്നും മന്ത്രി അറിയിച്ചു. തുടക്കത്തിൽ തന്നെ അശാസ്ത്രീയമായി മണ്ണ് നിക്ഷേപിച്ചിരുന്നു. കൊങ്കൺ അധികൃതരുടെ മീറ്റിങ്ങിൽ ഉൾപ്പെടെ അപകടം സംഭവിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും നടപടി ഉണ്ടായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അപകടത്തെ സംബന്ധിക്കുന്ന പൂർണമായ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ എന്ന് മന്ത്രി എ.പി. അനിൽ കുമാർ പറഞ്ഞു. സാധ്യമായ ഫോഴ്സിനെ എല്ലാം അയച്ചിട്ടുണ്ട്. പ്രവൃത്തികൾക്ക് ശേഷം മണ്ണ് കൂട്ടിയിട്ടതാണ്. പ്രവൃത്തി തൽക്കാലം മുന്നോട്ടു പോകരുത്, നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടതാണ്. ഔദ്യോഗികമായി മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും എ.പി. അനിൽ കുമാർ കൂട്ടിച്ചേർത്തു.

ഒരു വീടും പള്ളിയും പൂർണമായും തകർന്നിട്ടുണ്ട്. സ്ഥലത്തെ ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലായി. ജോലിക്കാർ 15 പേരോളം ക്യാബിനകത്ത് ഉണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. പ്രദേശത്ത് തട്ടുകട നടത്തിയിരുന്ന കുടുംബവും മണ്ണിനടിയിൽ പെട്ടോ എന്നും സംശയമുണ്ട്. തൊഴിലാളികളായ 6പേരെ മേപ്പാടി വിംസ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ആശുപത്രിയിൽ എത്തിച്ചവരെല്ലാം അതിഥി തൊഴിലാളികളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370943/t-siddique-says-that-wayanad-kalladi-landslide-was-man-made)