---
title: "ഒരുമിച്ച് ജീവിക്കാൻ അരുംകൊല...ആദ്യ ശ്രമം പാളി, പരിക്കുകളോടെ രക്ഷപ്പെട്ട ഭർത്താവിന് ഐവി ഡ്രിപ്പിലൂടെ നൽകിയത് ടോയ്ലെറ്റ് ക്ലീനർ,  നഴ്സായ ഭാര്യയും കാമുകനും പിടിയിൽ"
english_title: "A nurse her lover have been arrested in connection with the murder of a young man by injecting him with a cleaning solution"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370915/a-nurse-her-lover-have-been-arrested-in-connection-with-the-murder-of-a-young-man-by-injecting-him-with-a-cleaning-solution"
published_at: "2026-07-07T11:42:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c9986a0d74_crime.jpg"
keywords: ["Latest News", "Crime", "Arrest", "Hyderabad"]
---

# ഒരുമിച്ച് ജീവിക്കാൻ അരുംകൊല...ആദ്യ ശ്രമം പാളി, പരിക്കുകളോടെ രക്ഷപ്പെട്ട ഭർത്താവിന് ഐവി ഡ്രിപ്പിലൂടെ നൽകിയത് ടോയ്ലെറ്റ് ക്ലീനർ,  നഴ്സായ ഭാര്യയും കാമുകനും പിടിയിൽ

> **Lead Summary:** ഹൈദരാബാദ്: ഐവി ഡ്രിപ്പിലൂടെ ശുചീകരണ ലായനി കുത്തിവെച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നഴ്സായ ഭാര്യയും കാമുകനും സുഹൃത്തും അറസ്റ്റിലായി. തെലങ്കാനയിലെ നിസാമാബാദ് സ്വദേശിയായ പ്രശാന്തിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സന്ധ്യ, കാമുകനായ അനിൽ, ഇയാളുടെ സുഹൃത്തായ വെങ്കിട്ട് സായ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അനിലും സന്ധ്യയും പ്രണയത്തിലായിരുന്നുവെന്നും ഇതിന് ഭർത്താവ് തടസമാകുമെന്നതിനാലാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും പൊലീസ് പറഞ്ഞു.

## Article Content

ഹൈദരാബാദ്: ഐവി ഡ്രിപ്പിലൂടെ ശുചീകരണ ലായനി കുത്തിവെച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നഴ്സായ ഭാര്യയും കാമുകനും സുഹൃത്തും അറസ്റ്റിലായി. തെലങ്കാനയിലെ നിസാമാബാദ് സ്വദേശിയായ പ്രശാന്തിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സന്ധ്യ, കാമുകനായ അനിൽ, ഇയാളുടെ സുഹൃത്തായ വെങ്കിട്ട് സായ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അനിലും സന്ധ്യയും പ്രണയത്തിലായിരുന്നുവെന്നും ഇതിന് ഭർത്താവ് തടസമാകുമെന്നതിനാലാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും പൊലീസ് പറഞ്ഞു.

​ഗൾഫിൽ ജോലിചെയ്യുന്ന പ്രശാന്ത് അടുത്തിടെയാണ് നാട്ടിലെത്തിയത്. സന്ധ്യയും അനിലും തമ്മിലുള്ള വിവാഹേതരബന്ധത്തെച്ചൊല്ലി ദമ്പതിമാർക്കിടയിൽ തർക്കങ്ങൾ നിലനിന്നിരുന്നു. തുടർന്നാണ് പ്രശാന്തിനെ ഇല്ലാതാക്കി ഒരുമിച്ച് ജീവിക്കാൻ സന്ധ്യയും അനിലും തീരുമാനിച്ചത്. ഇതിനായി ആദ്യം പ്രശാന്തിനെ വീടിന് മുകളിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം പരിക്കുകളോടെ രക്ഷപ്പെട്ടു. തുടർന്ന് ചികിത്സയിലിരിക്കെയാണ് ഐവി ഡ്രിപ്പിലൂടെ ടോയ്ലെറ്റ് ക്ലീനിങ് ലിക്വിഡ് കുത്തിവെച്ച് പ്രശാന്തിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

പ്രശാന്തിന് അമിതമായ അളവിൽ മദ്യംനൽകിയാണ് ആദ്യത്തെ കൊലപാതകശ്രമം പ്രതികൾ ആസൂത്രണംചെയ്തത്. മദ്യലഹരിയിലായിരുന്ന പ്രശാന്തിനെ പ്രതികൾ വീടിന്റെ ടെറസിൽനിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. എന്നാൽ, ​ഗുരുതരമായ പരിക്കുകളോടെ പ്രശാന്ത് രക്ഷപ്പെട്ടു. മദ്യലഹരിയിൽ അബദ്ധത്തിൽ ടെറസിൽനിന്ന് താഴെവീണെന്നായിരുന്നു ഇതുസംബന്ധിച്ച് സന്ധ്യ നൽകിയിരുന്ന മൊഴി.

ഈ സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് സന്ധ്യ അടുത്ത കൊലപാതകശ്രമം ആസൂത്രണംചെയ്തത്. നഴ്സായ സന്ധ്യ തന്നെയാണ് ആശുപത്രിയിൽ ഭർത്താവിനെ പരിചരിച്ചിരുന്നത്. ഈ അവസരം മുതലാക്കിയാണ് ഐവി ഡ്രിപ്പിലൂടെ സ്ഥിരമായി ടോയ്ലെറ്റ് ക്ലീനിങ് ലിക്വിഡ് നൽകിയിരുന്നത്. തുടർന്ന് വിഷാംശം ഉള്ളിൽച്ചെന്ന് പ്രശാന്ത് മരണപ്പെടുകയായിരുന്നു.

പ്രശാന്തിന്റെ മരണത്തിൽ സംശയം തോന്നി അമ്മയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് വിശദമായ അന്വേഷണം നടത്തുകയും സന്ധ്യയെ ഉൾപ്പെടെ ചോദ്യംചെയ്യുകയും ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. നേരത്തേ പ്രശാന്തിനെ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് വെങ്കിട്ട് സായിക്ക് പങ്കുള്ളത്. പ്രശാന്തിനെ വീടിന് മുകളിൽനിന്ന് തള്ളിയിട്ടത് ഇയാളാണെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370915/a-nurse-her-lover-have-been-arrested-in-connection-with-the-murder-of-a-young-man-by-injecting-him-with-a-cleaning-solution)