---
title: "പിണങ്ങിപ്പോയ ഭാര്യയെ വിളിക്കാൻ ഭാര്യാഗൃഹത്തിലെത്തിയ യുവാവിനെ അളിയൻ തീയിട്ടുകൊന്നു; രക്ഷിക്കാനെത്തിയ ബന്ധുവും മരിച്ചു"
english_title: "Brother-in-law sets young man on fire, kills him, relative who came to save him also dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370897/brother-in-law-sets-young-man-on-fire-kills-him-relative-who-came-to-save-him-also-dies"
published_at: "2026-07-07T10:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c8da65541e_dgedfgb.jpg"
keywords: ["Latest news", "Brother-in-law", "Fire death", "Husband", "Wife"]
---

# പിണങ്ങിപ്പോയ ഭാര്യയെ വിളിക്കാൻ ഭാര്യാഗൃഹത്തിലെത്തിയ യുവാവിനെ അളിയൻ തീയിട്ടുകൊന്നു; രക്ഷിക്കാനെത്തിയ ബന്ധുവും മരിച്ചു

> **Lead Summary:** ചണ്ഡീഗഢ്:**[ **പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാൻ ഭാര്യാഗൃഹത്തിലെത്തിയ യുവാവിനെ ഭാര്യയുടെ സഹോദരൻ തീക്കൊളുത്തി കൊലപ്പെടുത്തി. പഞ്ചാബിലെ തരൺ തരൻ സ്വദേശി ലൗവ്പ്രീത് സിങ് ആണ് കൊല്ലപ്പെട്ടത്.

## Article Content

ചണ്ഡീഗഢ്:**[ **പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാൻ ഭാര്യാഗൃഹത്തിലെത്തിയ യുവാവിനെ ഭാര്യയുടെ സഹോദരൻ തീക്കൊളുത്തി കൊലപ്പെടുത്തി. പഞ്ചാബിലെ തരൺ തരൻ സ്വദേശി ലൗവ്പ്രീത് സിങ് ആണ് കൊല്ലപ്പെട്ടത്.

ലൗവ്പ്രീതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ബന്ധു ഗിരിജാ കൗറും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ജൂൺ 13-നാണ് ലൗവ്പ്രീത് സിങ് ഭാര്യ സന്ദീപ് കൗറിന്റെ വീട്ടിലെത്തിയത്.

ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് സ്വന്തം വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു സന്ദീപ്. ഇവരെ തിരികെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയപ്പോഴാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. സംസാരിക്കുന്നതിനിടെയുണ്ടായ തർക്കത്തിനൊടുവിൽ സന്ദീപിന്റെ സഹോദരൻ സജൻ സിങ്, ലൗവ്പ്രീതിന്റെ ശരീരത്തിലേക്ക് തീപിടിക്കുന്ന ദ്രാവകം ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.

ഇത് കണ്ട് ഓടിയെത്തിയ സജന്റെ തന്നെ ബന്ധുവായ ഗിരിജാ കൗർ ലൗവ്പ്രീതിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇവരുടെ ശരീരത്തിലേക്കും തീ പടരുകയായിരുന്നു. ഇരുവരും ഭയന്നോടുന്നതും മറ്റൊരാൾ ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതുമായ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ പ്രതിയായ സജൻ സിങ്ങിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സജൻ സിങ്ങിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370897/brother-in-law-sets-young-man-on-fire-kills-him-relative-who-came-to-save-him-also-dies)