---
title: "നാളെ സ്‌കൂളിന് അവധി; കാഞ്ഞങ്ങാട് സ്‌കൂളിൻ്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി, വ്യാപകമായ നാശം "
english_title: " Kanhangad school roof blown off in strong winds"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370850/kanhangad-school-roof-blown-off-in-strong-winds"
published_at: "2026-07-06T22:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4be0f5d31d3_strong_wind.jpg"
keywords: ["Latest News", "Heavy Rain", "Holiday School", "Kanhangad South Government Vocational Higher Secondary School"]
---

# നാളെ സ്‌കൂളിന് അവധി; കാഞ്ഞങ്ങാട് സ്‌കൂളിൻ്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി, വ്യാപകമായ നാശം 

> **Lead Summary:** കാസർഗോഡ്: കാസർഗോഡ് കാഞ്ഞങ്ങാട് സൗത്ത് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിൻ്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി. 8 ക്ലാസ് റൂമുകൾക്ക് മുകളിലുള്ള റൂഫിംഗ് ഷീറ്റാണ് കാറ്റിൽ പറന്നു പോയത്.

## Article Content

കാസർഗോഡ്: കാസർഗോഡ് കാഞ്ഞങ്ങാട് സൗത്ത് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിൻ്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി. 8 ക്ലാസ് റൂമുകൾക്ക് മുകളിലുള്ള റൂഫിംഗ് ഷീറ്റാണ് കാറ്റിൽ പറന്നു പോയത്.

മേൽക്കൂരയുടെ ഷീറ്റ് ഉൾപ്പെടെയുള്ള ഭാഗം തെങ്ങിൻ്റെ മുകളിൽ കുടുങ്ങിക്കിടക്കുന്നു. ഷീറ്റുകൾ തൊട്ടടുത്ത പറമ്പിലാണ് വീണത്. ഇന്ന് രാത്രി എട്ട് മണിക്കാണ് സംഭവം നടന്നത്. വ്യാപകമായ നാശം സംഭവിച്ചതിനാൽ നാളെ സ്കൂളിന് അവധി പ്രഖ്യാപിച്ചു.

അതേസമയം കാസര്‍ഗോഡ് മടക്കരയില്‍ മീന്‍പിടിക്കാന്‍ പോയ വള്ളം നീലേശ്വരം അഴിത്തല പുലിമുട്ടില്‍ തട്ടി തകര്‍ന്നു. വള്ളത്തിലുണ്ടായിരുന്ന ഒഡിഷ സ്വദേശികളായ അഞ്ച് തൊഴിലാളികള്‍ രക്ഷപ്പെട്ടു. വള്ളം തകര്‍ന്ന് എന്‍ജിനും വലയും ഉള്‍പ്പടെ നഷ്ടപ്പെട്ടു.

ന്യൂനമർദ്ദപാത്തിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ടും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നത്.

ജൂലൈ 6 മുതൽ ജൂലൈ 10 വരെയുള്ള തീയതികളിൽ, കേരളം & മാഹി എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ 8 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുമാണ് സാധ്യത. അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ (ചിലപ്പോൾ പരമാവധി 60 കി.മീ വരെ) വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370850/kanhangad-school-roof-blown-off-in-strong-winds)