---
title: "നവവധു കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിലയിൽ: സ്ത്രീധനപീഡന കൊലപാതകമെന്ന് കുടുംബം, ഭർത്താവ് അറസ്റ്റിൽ"
english_title: "Newlywed woman found dead after falling from building family alleges dowry-related murder husband arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370764/newlywed-woman-found-dead-after-falling-from-building-family-alleges-dowry-related-murder-husband-arrested"
published_at: "2026-07-06T14:23:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b6d64eabde_newlywed_death.jpg"
keywords: ["Latest News", "Crime", "Newlywed woman", "Arrest", "NewDelhi"]
---

# നവവധു കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിലയിൽ: സ്ത്രീധനപീഡന കൊലപാതകമെന്ന് കുടുംബം, ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** ന്യൂഡൽഹി: ഡൽഹിയിൽ നവവധു കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ. ഡൽഹിയിലെ ലോധി കോളനിയിലാണ് 28-കാരിയായ ആകൃതി സുതാറിനെ കെട്ടിടത്തിൽനിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് ഓഫീസിൽ പാർട്ടി നടത്തുകയും അമ്മയോട് സന്തോഷത്തോടെ സംസാരിക്കുകയും ചെയ്തുവെന്ന് പറഞ്ഞ കുടുംബം അവൾ ആത്മഹത്യ ചെയ്തുവെന്ന വാദം പൂർണമായും തള്ളിക്കളഞ്ഞു. ആകൃതിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ എന്നും ഇത് സ്ത്രീധനപീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു.

## Article Content

ന്യൂഡൽഹി: ഡൽഹിയിൽ നവവധു കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ. ഡൽഹിയിലെ ലോധി കോളനിയിലാണ് 28-കാരിയായ ആകൃതി സുതാറിനെ കെട്ടിടത്തിൽനിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് ഓഫീസിൽ പാർട്ടി നടത്തുകയും അമ്മയോട് സന്തോഷത്തോടെ സംസാരിക്കുകയും ചെയ്തുവെന്ന് പറഞ്ഞ കുടുംബം അവൾ ആത്മഹത്യ ചെയ്തുവെന്ന വാദം പൂർണമായും തള്ളിക്കളഞ്ഞു. ആകൃതിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ എന്നും ഇത് സ്ത്രീധനപീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു.

ആകൃതിയുടെ ഭർത്താവായ അരാസ്തു സിക്കയും കുടുംബവും അവളെ സ്ത്രീധനത്തിനായി നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം. അവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് നൽകുന്ന വിവരം അനുസരിച്ച്; പുഷ്പ് വിഹാർ സ്വദേശിയായ ആകൃതി സുതാറിനെ ശനിയാഴ്ച വൈകുന്നേരം ലോധി കോളനിയിലെ പാലിക കുഞ്ചിലുള്ള എൻ.ഡി.എം.സി ഫ്‌ളാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് താഴെ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.

അവർ താമസിച്ചിരുന്ന വീട്ടിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. ആകൃതി എന്തിനാണ് അവിടെ പോയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. രാത്രി ഒമ്പത് മണിയോടെ നാട്ടുകാരാണ് യുവതിയെ നിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ശരീരത്തിൽ ചതവുകളും മാരകമായ പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

ഉടൻതന്നെ എയിംസ് ട്രോമ സെന്ററിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സൗത്ത് ഡൽഹി പോലീസ് സീനിയർ ഓഫീസർ അനന്ത് മിത്തൽ നൽകുന്ന വിവരമനുസരിച്ച്, ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ (BNSS) 196-ാം വകുപ്പ് പ്രകാരം നടപടികൾ ആരംഭിക്കുകയും ഇൻക്വസ്റ്റ് നടപടികൾക്കായി സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ നടന്നു വരികയാണ്, ഇതിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ.

വിവാഹാവധി കഴിഞ്ഞ് ജൂലൈ ഒന്നിനാണ് ആകൃതി വീണ്ടും ജോലിയിൽ പ്രവേശിച്ചത്. ശനിയാഴ്ച അവധിയായിരുന്നിട്ടും അവൾ ഓഫീസിൽ പോവുകയും സഹപ്രവർത്തകർക്കായി ചെറിയൊരു പാർട്ടി നൽകുകയും ചെയ്തിരുന്നുവെന്ന് കുടുംബം പറയുന്നു. ആകൃതിക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നുവെന്നും അവർ വാദിക്കുന്നു. 'അവൾ അസന്തുഷ്ടയായിരുന്നുവെങ്കിൽ അല്ലെങ്കിൽ ജീവിതം അവസാനിപ്പിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിൽ, ജോലിയിലേക്ക് തിരിച്ചെത്തിയത് ആഘോഷിച്ചത് എന്തിനാണ്?' ആകൃതിയുടെ അമ്മാവൻ മനഞ്ജയ് സുതാർ ചോദിക്കുന്നു.

ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ ആകൃതി അവരുടെ അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നതായും കുടുംബം പറയുന്നു. അപ്പോൾ അവൾ തികച്ചും സാധാരണമായാണ് സംസാരിച്ചതെന്നും ഓഫീസിലെ ആഘോഷങ്ങളെക്കുറിച്ച് പറയുകയും ചെയ്തു. വീട്ടിലേക്ക് പോവുകയാണ് എന്നും അറിയിച്ചിരുന്നു. എന്നാൽ രാത്രി എട്ടുമണിയോടെ ഭർത്താവ് അരാസ്തു സിക്ക കുടുംബത്തെ വിളിച്ച് ആകൃതിയെ കാണാനില്ലെന്ന് അറിയിച്ചു. ഏകദേശം ഒന്നര മണിക്കൂറിന് ശേഷം പാലിക കുഞ്ചിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് കുടുംബത്തെ അറിയിക്കുകയായിരുന്നു.

സ്ത്രീധനമായി 20 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ആകൃതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ആകൃതിയുടെ സഹോദരൻ അമയ് സുതാർ (24) ആരോപിച്ചു. ഈ ആവശ്യത്തിന്റെ പേരിൽ അവൾ നിരന്തരം പീഡനങ്ങൾക്കും ഭീഷണികൾക്കും ഇരയായിരുന്നുവെന്നും മരണത്തിന് രണ്ട് ദിവസം മുമ്പ് ഇരുവരും തമ്മിൽ വലിയ വഴക്കുണ്ടായതായും സഹോദരൻ വെളിപ്പെടുത്തി. ആകൃതി മാനസികമായി കരുത്തുള്ളവളാണെന്നും അവൾ ഒരിക്കലും സ്വയം ജീവനൊടുക്കില്ലെന്നും അമയ് പറയുന്നു.

പോലീസ് നൽകുന്ന വിവരമനുസരിച്ച്, ഛത്തർപുരിലെ ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു ആകൃതി. എട്ട് വർഷത്തെ പ്രണയത്തിന് ശേഷം ഏപ്രിൽ 24-നാണ് ആകൃതിയും അരാസ്തുവും തമ്മിലുള്ള വിവാഹം നടന്നത്. അരാസ്തുവിന്റെ സഹോദരി അഗസ്തിക സിക്കയുമായുള്ള സൗഹൃദത്തിലൂടെയാണ് ആകൃതി ഈ ബന്ധത്തിലേക്ക് എത്തിയത് എന്ന് ബന്ധുക്കൾ പറയുന്നു. അരാസ്തു നിലവിൽ തൊഴിൽരഹിതനാണെന്നും അദ്ദേഹത്തിന്റെ പിതാവ് സർക്കാർ ജീവനക്കാരനാണെന്നും പോലീസ് അറിയിച്ചു.

വീട്ടിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയുള്ള, അധികം താമസക്കാരില്ലാത്ത ഒരു ഫ്‌ളാറ്റ് സമുച്ചയത്തിൽ ആകൃതിയുടെ മൃതദേഹം കണ്ടെത്തിയതിനെയാണ് കുടുംബം ചോദ്യം ചെയ്യുന്നത്. സംഭവസ്ഥലത്ത് രക്തക്കറകൾ ഇല്ലാത്തത് ഇത് കൃത്യമായി ആസൂത്രണം ചെയ്ത സംഭവമാണെന്ന സംശയവും വർധിപ്പിക്കുന്നതായി പോലീസ് പറയുന്നു. ആകൃതിയുടെ മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമാകുമെന്നും എല്ലാ വശങ്ങളും അന്വേഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370764/newlywed-woman-found-dead-after-falling-from-building-family-alleges-dowry-related-murder-husband-arrested)