---
title: "ഇതര രാജ്യങ്ങളുമായി മത്സരിക്കാന്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖല ശാക്തീകരിക്കും -മന്ത്രി എന്‍ ഷംസുദ്ദീന്‍"
english_title: "State-level inauguration of the Plus One admission ceremony, Kozhikode; Minister for General Education Adv. N. Shamsudheen"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370755/state-level-inauguration-of-the-plus-one-admission-ceremony-kozhikode-minister-for-general-education-adv-n-shamsudheen"
published_at: "2026-07-06T13:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b663fde5fa_shamshudeen.jpg"
keywords: ["Latest News", "Plus One Admission Cerrmony", "Kozhikode", "Education Minister N Shamsudheen"]
---

# ഇതര രാജ്യങ്ങളുമായി മത്സരിക്കാന്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖല ശാക്തീകരിക്കും -മന്ത്രി എന്‍ ഷംസുദ്ദീന്‍

> **Lead Summary:** **കോഴിക്കോട് : പു**തിയ കാലത്ത് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് മത്സരിക്കേണ്ടിവരുന്നത് മറ്റു രാജ്യങ്ങളിലെ കുട്ടികളുമായാണെന്നും അതിന് പ്രാപ്തരാക്കുംവിധം വിദ്യാഭ്യാസ മേഖല ശാക്തീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന്‍.

## Article Content

**കോഴിക്കോട് : പു**തിയ കാലത്ത് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് മത്സരിക്കേണ്ടിവരുന്നത് മറ്റു രാജ്യങ്ങളിലെ കുട്ടികളുമായാണെന്നും അതിന് പ്രാപ്തരാക്കുംവിധം വിദ്യാഭ്യാസ മേഖല ശാക്തീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന്‍.

പ്ലസ് വണ്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് തലക്കുളത്തൂര്‍ സി.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ലോകം ഗ്ലോബല്‍ വില്ലേജായി മാറുകയും അകലം കുറയുകയും ചെയ്ത കാലത്ത് വിദ്യാഭ്യാസ രംഗത്തും അനുദിനം മാറ്റങ്ങളുണ്ടാകുന്നു. ലോകം സഞ്ചരിക്കുന്നതിനൊപ്പം നമുക്കും സഞ്ചരിക്കാനാവുകയും എല്ലാ വിദ്യാഭ്യാസ സ്വപ്‌നങ്ങളും സഫലീകരിക്കാനാവുകയും വേണം. ഒരു പുതുയുഗപ്പിറവിയിലേക്കും വലിയ മാറ്റത്തിലേക്കും കേരളം കടന്നുവരണം.

മറ്റുള്ളവരെ വിദ്യാഭ്യാസത്തിനായി ഇവിടേക്ക് ആകര്‍ഷിക്കാനാവുംവിധം നമ്മുടെ വിദ്യാഭ്യാസ രീതികള്‍ പരിഷ്‌കരിച്ച് മുന്നോട്ടുപോകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഉള്‍പ്പെടെയുണ്ടായ നൂതന മാറ്റങ്ങള്‍ വിദ്യാഭ്യാസ രംഗത്തും പ്രകടമാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്വന്തം കഴിവുകള്‍ വിദ്യാര്‍ഥികള്‍ സ്വയം വിലയിരുത്തുകയും ഏത് മേഖലയിലെത്തിയാല്‍ ശോഭിക്കാനാവുമെന്ന് ഓരോരുത്തരും തിരിച്ചറിയുകയും വേണം. സ്വപ്‌നം കാണുന്ന മേഖലകളിലും ചുമതലകളിലും എത്താനാവണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്‌കൂളിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. അഡ്വ. വിദ്യ ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷയായി. എം കെ രാഘവന്‍ എം.പി മുഖ്യാതിഥിയായി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ്, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ചീരോത്ത്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ രാമചന്ദ്രന്‍, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടി ദിവാകരന്‍, ഗ്രാമപഞ്ചായത്ത് അംഗം സൂര്യ ജോഷിത്ത്, ഹയര്‍സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സിലിങ് സെല്‍ സംസ്ഥാന കോഓഡിനേറ്റര്‍ ഡോ. സി.എം അസീം, കോഴിക്കോട് ആര്‍.ഡി.ഡി എസ് സുധ, പി.എസ്.സി മുന്‍ അംഗം ടി ടി ഇസ്മായില്‍, പ്രിന്‍സിപ്പല്‍ ഫാത്തിമ ഹന്ന ഹഗര്‍, പ്രധാനാധ്യാപിക നിഷ എന്‍ ചിറയില്‍, കെ മധു, അബ്ദുല്‍ അസീസ്, ഇ കെ അഖ്മല്‍, എന്‍ കെ അബ്ദുല്‍ സത്താര്‍, വി ടി അനുപമ, അഭിലാഷ് കാവാട്ട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370755/state-level-inauguration-of-the-plus-one-admission-ceremony-kozhikode-minister-for-general-education-adv-n-shamsudheen)