---
title: "'കാലിൽ ബൂട്ടിട്ട് ചവിട്ടിയരച്ചു, ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് പറഞ്ഞിട്ടും ഉപദ്രവിച്ചു'; കോന്നിയിലെ വ്യാജപീഡന കേസിൽ പൊലീസിനെതിരെ യുവാവ്"
english_title: "False complaint by 13-year-old in Konni, Youth taken into custody levels serious allegations against the police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370634/false-complaint-by-13-year-old-in-konni-youth-taken-into-custody-levels-serious-allegations-against-the-police"
published_at: "2026-07-05T19:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a65c55587a_koodal.jpg"
keywords: ["Latest News", "Konni Fake Rape Case", "Koodal Police"]
---

# 'കാലിൽ ബൂട്ടിട്ട് ചവിട്ടിയരച്ചു, ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് പറഞ്ഞിട്ടും ഉപദ്രവിച്ചു'; കോന്നിയിലെ വ്യാജപീഡന കേസിൽ പൊലീസിനെതിരെ യുവാവ്

> **Lead Summary:** **പത്തനംതിട്ട: **കോന്നിയിലെ 13കാരിയുടെ വ്യാജ പരാതിയിൽ കൂടൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കസ്റ്റഡിയിലെടുത്ത യുവാവ്.

## Article Content

**പത്തനംതിട്ട: **കോന്നിയിലെ 13കാരിയുടെ വ്യാജ പരാതിയിൽ കൂടൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കസ്റ്റഡിയിലെടുത്ത യുവാവ്.

പൊലീസ് ക്രൂരമായി മർദിച്ചു. കാലിൽ ബൂട്ടിട്ട് ചവിട്ടിയരച്ചു. മൂന്നാം തീയതി വൈകിട്ട് കസ്റ്റഡിയിലെടുത്ത ശേഷം ഇന്നലെ വൈകിട്ടാണ് വിട്ടയച്ചതെന്നും യുവാവ് ആരോപിക്കുന്നു.

മുടിയിൽ പിടിച്ചു വലിച്ചു. ചെവിയിൽ പിടിച്ച് കറക്കി. ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് പറഞ്ഞിട്ടും ഉപദ്രവിച്ചു. വിട്ടയയ്ക്കുന്നത് വരെ പ്രായപൂർത്തിയാകാത്ത കുട്ടികളും സ്റ്റേഷനിൽ ഉണ്ടായിരുന്നു. ആളുമാറി സഹോദരനെയും പിടിച്ചുകൊണ്ടുപോയിയെന്നും പിന്നീട് വിട്ടയച്ചുവെന്നും യുവാവ് പറഞ്ഞു.

ചൈൽഡ് ഹെൽപ് ലൈൻ വഴിയായിരുന്നു പൊലീസിന് പെൺകുട്ടിയുടെ പരാതി കിട്ടിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹപാഠികൾ ഉൾപ്പെടെ ആറുപേരെ ഇന്നലെ രാവിലെ മുതൽ കസ്റ്റഡിയിൽ വച്ചിരുന്നു.

ആദ്യം പെൺകുട്ടി നൽകിയ മൊഴികളിലും പിന്നീട് നൽകിയ മൊഴികളിലും മാറ്റമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ കസ്റ്റഡിയിലെടുത്ത ആറ് പേരെയും താൽക്കാലികമായി വിട്ടയയ്ക്കുകയായിരുന്നു.

എന്നാൽ കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിക്കില്ല. രജിസ്റ്റർ ചെയ്ത പോക്‌സോ കേസുകളിൽ അന്വേഷണം തുടരും. ചൈൽഡ് ഹെൽപ്പ് ലൈനിൽ കളവായി മൊഴി നൽകിയ സാഹചര്യം പരിശോധിക്കും.

പെൺകുട്ടിക്ക് ആരെങ്കിലും മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. 13 കാരിയുടെ മൊഴി പൂർണമായും കളവ് എന്ന നിഗമനത്തിലാണ് പൊലീസുള്ളത്.

കളവ് പറയാൻ കാരണം പ്രണയ നൈരാശ്യമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. സഹപാഠിയുമായി ബ്രേക്ക് അപ്പ് ആയതിൻ്റെ ദേഷ്യത്തിൽ കെട്ടിച്ചമച്ച കഥ എന്നാണ് പൊലീസ് വിശദമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370634/false-complaint-by-13-year-old-in-konni-youth-taken-into-custody-levels-serious-allegations-against-the-police)