---
title: "ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ മൊജ്തബ ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം"
english_title: "Mojtaba Khamenei's wife confirmed killed in joint Israeli-US strike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370616/mojtaba-khameneis-wife-confirmed-killed-in-joint-israeli-us-strike"
published_at: "2026-07-05T16:05:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a33f2f3b64_ryestrh.jpg"
keywords: ["Latest news", "Israeli-US WAR", "Mojtaba Khamene Wife", "Killed", "Iran"]
---

# ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ മൊജ്തബ ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം

> **Lead Summary:** ടെഹ്‌റാൻ: **[** ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ അദ്ദേഹത്തിന്റെ മരുമകളും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. നിലവിലെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ ഭാര്യ സഹ്‌റ ഹദാദ് ആദെലാണ് ഫെബ്രുവരി 28-നുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

## Article Content

ടെഹ്‌റാൻ: **[** ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ അദ്ദേഹത്തിന്റെ മരുമകളും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. നിലവിലെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ ഭാര്യ സഹ്‌റ ഹദാദ് ആദെലാണ് ഫെബ്രുവരി 28-നുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഇവരുടെ സംസ്‌കാര ചടങ്ങുകൾ ജൂലൈ ഒന്നിന് ടെഹ്‌റാനിലെ ഫറാങ് ഹൈസ്‌കൂളിൽ നടന്നു. സഹ്‌റയുടെ പിതാവും മുൻ പാർലമെന്റ് സ്പീക്കറുമായ ഖോലം അലി ഹദാദ് ആദെൽ ചടങ്ങിൽ പങ്കെടുത്തു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ മൊജ്തബ ഖമനയി ചടങ്ങിൽ എത്തിയില്ലെന്നാണ് റിപ്പോർട്ട്.

1999-ലായിരുന്നു മൊജ്തബയുടെയും സഹ്‌റയുടെയും വിവാഹം. അധ്യാപികയായിരുന്ന സഹ്‌റയ്ക്ക് മൂന്ന് മക്കളുണ്ട്. ഫെബ്രുവരിയിലുണ്ടായ ഇതേ ആക്രമണത്തിൽ ഖമനയിക്കും സഹ്‌റയ്ക്കും പുറമേ ഖമനയിയുടെ ഭാര്യ, മകൾ, മകളുടെ ഭർത്താവ്, പേരക്കുട്ടി എന്നിവരും കൊല്ലപ്പെട്ടിരുന്നു.

അതേസമയം, കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനയിക്ക് അന്തിമോപചാരം അർപ്പിക്കാൻ പതിനായിരങ്ങളാണ് ടെഹ്റാനിലെ പ്രാർത്ഥനാ ഹാളിലേക്ക് എത്തുന്നത്. എന്നാൽ, ഖമനയിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ലോകരാഷ്ട്രങ്ങളെ തടയാൻ അമേരിക്ക കടുത്ത സമ്മർദ്ദം ചെലുത്തിയതായി ഇറാൻ മാധ്യമങ്ങൾ ആരോപിച്ചു.

സാമ്പത്തിക സഹായങ്ങൾ തടയുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കിഴക്കൻ യൂറോപ്പ്, ആഫ്രിക്ക, ഗൾഫ് മേഖലകളിൽ നിന്നുള്ള 13 രാഷ്ട്രങ്ങൾ ചടങ്ങിൽ നിന്ന് പിന്മാറിയെന്നാണ് ഇറാൻ പറയുന്നത്. എന്നാൽ ഈ സമ്മർദ്ദങ്ങൾക്കിടയിലും നൂറിലധികം രാജ്യങ്ങളുടെ പ്രതിനിധികൾ പൊതുദർശന ചടങ്ങിൽ പങ്കെടുത്തതായും ഇറാൻ അവകാശപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370616/mojtaba-khameneis-wife-confirmed-killed-in-joint-israeli-us-strike)