---
title: "'ഒരാളെ വയ്ക്കുമ്പോൾ അവർക്ക് അസൗകര്യം ഉണ്ടാകും, ഭൂതക്കണ്ണാടി വച്ച് നോക്കുമ്പോൾ പ്രശ്നമുണ്ടെന്ന് തോന്നും'; ആയുഷ് വകുപ്പിലെ നിയമനം റദ്ദാക്കിയതിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി"
english_title: "Health Minister issues clarification on the cancellation of the appointment in the AYUSH Department"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370615/health-minister-issues-clarification-on-the-cancellation-of-the-appointment-in-the-ayush-department"
published_at: "2026-07-05T16:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a424c27ae066_muraleedharan.jpg"
keywords: ["Latest News", "Ayush Department", "Health Minister", "K Muraleedharan"]
---

# 'ഒരാളെ വയ്ക്കുമ്പോൾ അവർക്ക് അസൗകര്യം ഉണ്ടാകും, ഭൂതക്കണ്ണാടി വച്ച് നോക്കുമ്പോൾ പ്രശ്നമുണ്ടെന്ന് തോന്നും'; ആയുഷ് വകുപ്പിലെ നിയമനം റദ്ദാക്കിയതിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: ആ**യുഷ് വകുപ്പിലെ സ്റ്റേറ്റ് പ്രോഗ്രാം മാനേജറുടെ നിയമനം റദ്ദാക്കിയതിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ.

## Article Content

**തിരുവനന്തപുരം: ആ**യുഷ് വകുപ്പിലെ സ്റ്റേറ്റ് പ്രോഗ്രാം മാനേജറുടെ നിയമനം റദ്ദാക്കിയതിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ.

നിയമനം റദ്ദാക്കിയതിന് ഒരു കാരണവുമില്ലെന്ന് മന്ത്രി. ഒരാളെ വയ്ക്കുമ്പോൾ അവർക്ക് അസൗകര്യം ഉണ്ടാകും. ഇത് സാധാരണ നടക്കുന്നതാണ്. ഭൂതക്കണ്ണാടി വച്ച് നോക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

ആരോഗ്യമന്ത്രിയുടെ ഓഫീസിലെ നിയമനങ്ങളിൽ ദുരൂഹതയെന്ന് പരാതി ഉയർന്നതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ആയുഷ് വകുപ്പിലെ സ്റ്റേറ്റ് പ്രോഗ്രാം മാനേജറുടെ നിയമനത്തിലാണ് ദുരൂഹത.

ഹോമിയോപ്പതി സ്റ്റേറ്റ് പ്രോഗ്രാം മാനജേറുടെ നിയമന ഉത്തരവ് മന്ത്രി റദ്ദാക്കി. കാരണം വ്യക്തമാക്കാതെയാണ് നിയമനം റദ്ദാക്കിയിരിക്കുന്നത്. മന്ത്രിയുടെ നടപടിക്കെതിരെ ഒരു വിഭാഗം ഡോക്ടർമാർക്കിടയിൽ അതൃപ്തി പുകയുന്നുണ്ട്.

ആരോഗ്യ വകുപ്പിലെ ഉത്തരവുകളിൽ ഇത്തരത്തിൽ പിഴവുണ്ടാകുന്നതും നിയമനങ്ങളിൽ പ്രശ്നങ്ങൾ ആരോപിക്കപ്പെടുന്നതും ഡോക്ടർമാരിൽ നിന്ന് അതൃപ്തി വരുന്നതും ഇത് ആദ്യമായല്ല. ഇപ്പോൾ ഹോമിയോപ്പതി സ്റ്റേറ്റ് പ്രോഗ്രാം മാനേജറുടെ നിയമന ഉത്തരവിലാണ് ദുരൂഹത ആരോപിക്കപ്പെടുന്നത്.

ജൂൺ 26നാണ് ഡോ. ആർ. റെജികുമാറിനെ ആയുഷിൻ്റെ സ്റ്റേറ്റ് പ്രോഗ്രാം മാനേജറായി നിയമിച്ചത്. പത്തനംതിട്ട അടൂരിലെ ഡോക്ടറാണ് റെജികുമാർ.

ഇദ്ദേഹത്തെ നിയമനം നടത്തി നാല് ദിവസം കഴിഞ്ഞ് ജൂൺ 30ന് തന്നെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവരികയായിരുന്നു. എന്തുകൊണ്ട് നിയമനം റദ്ദാക്കിയെന്ന കാര്യം ഉത്തരവിൽ വ്യക്തമല്ല. ആരോഗ്യമന്ത്രിയുടെ കുറിപ്പടിയോടെയുള്ള ഒരു കത്ത് ലഭിച്ചതിനെ തുടർന്നാണ് നിയമനം റദ്ദാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370615/health-minister-issues-clarification-on-the-cancellation-of-the-appointment-in-the-ayush-department)