---
title: "  സംശയരോഗം ജീവനെടുത്തു ....! ഡൽഹിയിൽ  ഭാര്യയെ ബാറ്ററി കൊണ്ട് തലയ്ക്കടിച്ചു കൊന്ന ശേഷം യുവാവ് ജീവനൊടുക്കി"
english_title: "Delhi Man kills wife by striking her on the head with a battery, then takes his own life."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370560/delhi-man-kills-wife-by-striking-her-on-the-head-with-a-battery-then-takes-his-own-life"
published_at: "2026-07-05T11:04:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49ef69f20c2_DEAD.jpg"
keywords: ["Delhi", "SUICIDE", "MURDER", "delhimurder"]
---

#   സംശയരോഗം ജീവനെടുത്തു ....! ഡൽഹിയിൽ  ഭാര്യയെ ബാറ്ററി കൊണ്ട് തലയ്ക്കടിച്ചു കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

> **Lead Summary:** **ന്യൂഡൽഹി: **സംശയരോഗം കുടുംബത്തെ ദുരന്തത്തിലേക്ക് തള്ളിവിട്ടു. ഡൽഹിയിലെ തിലംഗ്പുർ കോട്‌ല ഗ്രാമത്തിൽ ഭാര്യയെ ബാറ്ററി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് വിഷം കഴിച്ച് ജീവനൊടുക്കി. വിനയ് ആണ് ഭാര്യ നിഷയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

## Article Content

**ന്യൂഡൽഹി: **സംശയരോഗം കുടുംബത്തെ ദുരന്തത്തിലേക്ക് തള്ളിവിട്ടു. ഡൽഹിയിലെ തിലംഗ്പുർ കോട്‌ല ഗ്രാമത്തിൽ ഭാര്യയെ ബാറ്ററി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് വിഷം കഴിച്ച് ജീവനൊടുക്കി. വിനയ് ആണ് ഭാര്യ നിഷയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

നിഷ ഫോണിൽ മറ്റാരോടോ സംസാരിക്കുന്നുവെന്ന വിനയ്‌യുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ജൂലൈ രണ്ടിനായിരുന്നു സംഭവം. അഞ്ച് വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. കഴിഞ്ഞ ഏഴ് മാസങ്ങളായി ഇവർ ഈ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

തർക്കത്തിനിടെ വിനയ് ഒരു എക്സൈഡ് കമ്പനിയുടെ വലിയ ബാറ്ററി ഉപയോഗിച്ച് നിഷയുടെ തലയിൽ ആഞ്ഞടിക്കുകയായിരുന്നു. നിഷയെ കൊലപ്പെടുത്തിയ ശേഷം വിനയ് അലുമിനിയം ഫോസ്ഫൈഡ് വിഷം കഴിച്ചു. തുടർന്ന് തന്റെ മൂന്ന് വയസ്സുകാരിയായ മകളെയും കൂട്ടി സമീപത്തുള്ള മാതാവിന്റെ വാടകവീട്ടിലെത്തുകയും സഹോദരി പ്രിയയോട് താൻ ഭാര്യയെ കൊന്നുവെന്നും വിഷം കഴിച്ചുവെന്നും വെളിപ്പെടുത്തുകയുമായിരുന്നു.

പ്രിയ ഉടൻ തന്നെ ദമ്പതികളുടെ വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിഷയെയാണ് കണ്ടത്. അയൽവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി ഇരുവരെയും ഉടൻ തന്നെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ മുറിവുകളാണ് നിഷയുടെ മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇരുവരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103(1) പ്രകാരം കൊലപാതകത്തിന് റൻഹോള പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ദമ്പതികൾ തമ്മിൽ മുൻപും വഴക്കുകൾ ഉണ്ടായിരുന്നോ എന്നും മറ്റാരെങ്കിലും ഈ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370560/delhi-man-kills-wife-by-striking-her-on-the-head-with-a-battery-then-takes-his-own-life)