---
title: "വിവാഹമോതിരം വാങ്ങാൻ പോയപ്പോൾ ഇരുവരും കഞ്ചാവ് ഉപയോഗിച്ചു, പിന്നീട് വാക്കുതർക്കം; പട്ടായയിൽ  യുവതി കാമുകനെ കുത്തിക്കൊന്ന്  മൃതദേഹം ശുചിമുറിയിൽ ഒളിപ്പിച്ചു"
english_title: "A British woman has been arrested in Pattaya, Thailand, for stabbing her boyfriend to death after using drugs."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370536/a-british-woman-has-been-arrested-in-pattaya-thailand-for-stabbing-her-boyfriend-to-death-after-using-drugs"
published_at: "2026-07-05T08:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49d02620034_CRIME.jpg"
keywords: []
---

# വിവാഹമോതിരം വാങ്ങാൻ പോയപ്പോൾ ഇരുവരും കഞ്ചാവ് ഉപയോഗിച്ചു, പിന്നീട് വാക്കുതർക്കം; പട്ടായയിൽ  യുവതി കാമുകനെ കുത്തിക്കൊന്ന്  മൃതദേഹം ശുചിമുറിയിൽ ഒളിപ്പിച്ചു

> **Lead Summary:** **പട്ടായ (തായ്‌ലൻഡ്) : **തായ്‌ലൻഡിലെ പട്ടായയിൽ ബ്രിട്ടിഷ് പൗരനെ കാമുകി കുത്തിക്കൊലപ്പെടുത്തി. തോമസ് ഡേവിഡ് പവൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇദ്ദേഹത്തിന്റെ കാമുകി ഇസബെൽ വയലറ്റ് കരേരാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**പട്ടായ (തായ്‌ലൻഡ്) : **തായ്‌ലൻഡിലെ പട്ടായയിൽ ബ്രിട്ടിഷ് പൗരനെ കാമുകി കുത്തിക്കൊലപ്പെടുത്തി. തോമസ് ഡേവിഡ് പവൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇദ്ദേഹത്തിന്റെ കാമുകി ഇസബെൽ വയലറ്റ് കരേരാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ലഹരി ഉപയോഗത്തിന് ശേഷമുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെയാണ് സംഭവം. തോമസും ഇസബെല്ലും ഇവർ താമസിച്ചിരുന്ന സ്ഥലത്തെത്തിയ തോമസിന്റെ സുഹൃത്താണ് പൊലീസിനെ വിവരമറിയിക്കുന്നത്.

മുതുകിലും ഇടതുകൈയിലും കുത്തേറ്റ നിലയിൽ ശുചിമുറിയിലാണ് തോമസിന്റെ മൃതദേഹം കിടന്നിരുന്നത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ ശുചിമുറിയിലെ മൃതദേഹത്തിനു സമീപം നിലത്തിരിക്കുകയായിരുന്നു ഇസബെൽ. കഞ്ചാവുപയോഗിച്ച് ലഹരി വിട്ടുമാറാത്ത അവസ്ഥയിലായിരുന്നു ഇവർ. പൊലീസെത്തുന്നതിന് 6 മണിക്കൂർ മുൻപുതന്നെ തോമസിന്റെ മരണം സംഭവിച്ചിരുന്നെന്നാണ് തായ് പത്രമായ ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ശുചിമുറിയിലെ സിങ്കിൽനിന്ന് കഴുകി വൃത്തിയാക്കിയ നിലയിലുള്ള 50 സെന്റിമീറ്റർ നീളമുള്ള കത്തി പൊലീസ് കണ്ടെടുത്തു. തോമസ് സ്വയം മുറിവേൽപ്പിക്കുകയായിരുന്നു എന്നാണ് ഇസബെൽ മൊഴി നൽകിയത്. എന്നാൽ ഇസബെല്ലിന്റെ കൈവിരലുകളിൽ മുറിവുണ്ടായിട്ടുണ്ടെന്നും ഇവരുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും പൊലീസ് കണ്ടെത്തി.

വിവാഹമോതിരം വാങ്ങാൻ പുറത്തുപോയെന്നും അവിടെവച്ച് ഇരുവരും കഞ്ചാവ് ഉപയോഗിച്ചെന്നും പിന്നെയൊന്നും ഓർക്കുന്നില്ലെന്നുമാണ് യുവതിയുടെ മൊഴി. അതേസമയം, ഇവരുടെ താമസസ്ഥലത്ത് ചോരക്കറയും പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം മറ്റൊരിടത്തുനിന്ന് വലിച്ചിഴച്ച് ശുചിമുറിയിൽ എത്തിച്ചതിന്റെ തെളിവുകളും ലഭിച്ചു.

തോമസിന്റെ മൃതദേഹത്തിൽ തലയ്ക്കു പിന്നിലായി തലയിണയും വച്ചിട്ടുണ്ട്. എന്തോ കുഴപ്പമുണ്ടായിട്ടുണ്ടെന്ന് തോമസിന്റെ യുഎസിലുള്ള ബിസിനസ് പങ്കാളി വിളിച്ചറിയച്ചതു പ്രകാരമാണ് സുഹൃത്ത് വീട്ടിലെത്തി പരിശോധിച്ചത്. കൊല്ലപ്പെട്ട തോമസ് പട്ടായയിൽ വാടകയ്ക്കെടുത്ത ആഡംബരവീടിനുള്ളിൽ കഞ്ചാവ് ഫാം നടത്തിയിരുന്നെന്നും തോമസും ഇസബെല്ലും തായ്‌ലൻഡിലേക്ക് താമസം മാറാൻ തീരുമാനിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370536/a-british-woman-has-been-arrested-in-pattaya-thailand-for-stabbing-her-boyfriend-to-death-after-using-drugs)