---
title: "ജില്ലയിൽ ഷിഗെല്ല ആശങ്ക: രണ്ടു കുട്ടികൾ കൂടി ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ; കർശന പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം"
english_title: "Shigella concerns in the district: Two more children under observation at the District Hospital."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370535/shigella-concerns-in-the-district-two-more-children-under-observation-at-the-district-hospital"
published_at: "2026-07-05T08:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49cd51832b9_SHIGALLA.jpg"
keywords: ["Shigella", "District Hospital", "HEALTH", "Health alert", "Kozhenchery District Hospital", "Food safety inspection", "Aranmula", "Symptoms"]
---

# ജില്ലയിൽ ഷിഗെല്ല ആശങ്ക: രണ്ടു കുട്ടികൾ കൂടി ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ; കർശന പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം

> **Lead Summary:** **പത്തനംതിട്ട : ** ജില്ലയിൽ ഷിഗെല്ല ബാധ സംബന്ധിച്ച ആശങ്കകൾ വർധിക്കുന്നു. ആറന്മുളയിൽ പത്തു വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ, ഷിഗെല്ലയ്ക്കു സമാനമായ രോഗലക്ഷണങ്ങളോടെ രണ്ടു കുട്ടികൾ കൂടി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

## Article Content

**പത്തനംതിട്ട : ** ജില്ലയിൽ ഷിഗെല്ല ബാധ സംബന്ധിച്ച ആശങ്കകൾ വർധിക്കുന്നു. ആറന്മുളയിൽ പത്തു വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ, ഷിഗെല്ലയ്ക്കു സമാനമായ രോഗലക്ഷണങ്ങളോടെ രണ്ടു കുട്ടികൾ കൂടി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം ഷിഗെല്ല തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി സാംപിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. പഴകിയ പൊറോട്ട കഴിച്ചതാണ് രോഗബാധയ്ക്ക് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന്, ജില്ലയിലെ ഹോട്ടലുകളിൽ വിപുലമായ പരിശോധനകൾ നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചു.

ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ പടരുന്നതിനു പിന്നാലെ ഷിഗെല്ലയും സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രി പി.സി.വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരാൻ തീരുമാനിച്ചു.

രോഗാണു കുട്ടികളിലൂടെയാണു വേഗം പടരുന്നത്. കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ആരോഗ്യവകുപ്പ്, തദ്ദേശ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ 7നു ജില്ലയിലെ സ്കൂളുകളിൽ പകർച്ചവ്യാധി ബോധവൽക്കരണ ദിനം ആചരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370535/shigella-concerns-in-the-district-two-more-children-under-observation-at-the-district-hospital)