---
title: "സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ തിരിമറി ആരോപണം; ജീവനൊടുക്കാന്‍ ശ്രമിച്ച ജീവനക്കാരികളില്‍ ഒരാള്‍ മരിച്ചു"
english_title: "One of the female employees who attempted suicide after misappropriating funds from a gold loan firm in Thiruvananthapuram has died"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370516/one-of-the-female-employees-who-attempted-suicide-after-misappropriating-funds-from-a-gold-loan-firm-in-thiruvananthapuram-has-died"
published_at: "2026-07-05T05:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49a5f72416d_suicide.jpg"
keywords: ["Latest News", "Thiruvananthapuram Suicide Case", "Misappropriating Funds Issue", "Gold Loan Firm", "Suicide", "Death"]
---

# സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ തിരിമറി ആരോപണം; ജീവനൊടുക്കാന്‍ ശ്രമിച്ച ജീവനക്കാരികളില്‍ ഒരാള്‍ മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരത്ത് സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന്, ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളില്‍ ഒരാള്‍ മരിച്ചു. വെങ്ങാനൂര്‍ സ്വദേശി അഞ്ജു ആണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരത്ത് സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന്, ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളില്‍ ഒരാള്‍ മരിച്ചു. വെങ്ങാനൂര്‍ സ്വദേശി അഞ്ജു ആണ് മരിച്ചത്.

വെങ്ങാനൂര്‍ നെല്ലിവിള സൂര്യ ഫിനാന്‍സിലെ ജീവനക്കാരാണിവര്‍. സ്ഥാപനത്തില്‍ രണ്ട് ജീവനക്കാരും ചേര്‍ന്ന് ഏകദേശം 50 ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തി എന്നായിരുന്നു ആരോപണം ഉയര്‍ന്നത്.

കഴിഞ്ഞ 30നാണ് ഓഫീസിനുള്ളില്‍ വച്ച് രണ്ടുപേരും ഒരുമിച്ച് വിഷം കഴിച്ചത്. ഷേക്ക് വാങ്ങിയതിന് ശേഷം അതില്‍ എലിവിഷം ചേര്‍ത്ത് കഴിക്കുകയായിരുന്നുവെന്നാണ് വിവരം.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ജുവിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. അഞ്ജുവിന് ഒപ്പം വിഷം കഴിച്ച സഹപ്രവര്‍ത്തകയ്ക്ക് വലിയ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അവര്‍ ആശുപത്രി വിട്ടെന്നും വിവരമുണ്ട്.

വെങ്ങാനൂരിൽ പ്രവര്‍ത്തിക്കുന്ന സൂര്യ ഫിനാന്‍സ് എന്ന സ്വകാര്യ സ്വര്‍ണപണയ സ്ഥാപനത്തിലാണ് ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടന്നുവെന്ന ആരോപണമുയര്‍ന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി ലഭിച്ചിട്ടില്ല. എന്നാല്‍ അഞ്ജുവിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് വെങ്ങാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫിനാൻസിൽ അത്തരമൊരു തിരിമറി നടന്നിട്ടുണ്ടോ എന്നും അഞ്ജുവിനും ഒപ്പം ജീവനൊടുക്കാൻ ശ്രമിച്ച യുവതിക്കും അതിൽ പങ്കുണ്ടോ എന്നതും ഉൾപ്പെടെയുളള വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്. തിരിമറി ഉണ്ടായിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് പൊലീസിൽ പരാതി നല്‍കിയില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.

***ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370516/one-of-the-female-employees-who-attempted-suicide-after-misappropriating-funds-from-a-gold-loan-firm-in-thiruvananthapuram-has-died)