---
title: "മാലിന്യം തള്ളുന്നത് തോട്ടിൽ;  കോഴിക്കോട്  നാദാപുരത്ത് ഫുഡ് കോർട്ടുകളിൽ പലതിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലെന്ന് പരാതി"
english_title: "Complaints have been raised that many food courts in Nadapuram, Kozhikode, lack waste management systems."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370464/complaints-have-been-raised-that-many-food-courts-in-nadapuram-kozhikode-lack-waste-management-systems-"
published_at: "2026-07-04T17:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48f6b80bc84_WEAST.jpg"
keywords: ["Complaints", "Food courts", "Nadapuram Food Courts", "Lack waste management systems"]
---

# മാലിന്യം തള്ളുന്നത് തോട്ടിൽ;  കോഴിക്കോട്  നാദാപുരത്ത് ഫുഡ് കോർട്ടുകളിൽ പലതിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലെന്ന് പരാതി

> **Lead Summary:** **നാദാപുരം: **അർദ്ധരാത്രി വരെ ആളുകൾ നിറയുന്ന ഫുഡ് കോർട്ടുകളാണ് നാദാപുരത്ത് ഏറെയും . എന്നാൽ പലതിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലെന്ന് പരാതി. ഉച്ചിഷ്ട മാലിന്യങ്ങൾ തള്ളുന്നത് പൊതു ജലാശയങ്ങളിലാണ്.

## Article Content

**നാദാപുരം: **അർദ്ധരാത്രി വരെ ആളുകൾ നിറയുന്ന ഫുഡ് കോർട്ടുകളാണ് നാദാപുരത്ത് ഏറെയും . എന്നാൽ പലതിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലെന്ന് പരാതി. ഉച്ചിഷ്ട മാലിന്യങ്ങൾ തള്ളുന്നത് പൊതു ജലാശയങ്ങളിലാണ്.

പ്രദേശത്തെ പ്രധാന ജലാശയങ്ങളിൽ ഒന്നായ കക്കംവെള്ളി തോട്ടിലേക്കും പൊതു ഓടകളിലേക്കും വ്യാപകമായി ഹോട്ടൽ അവശിഷ്ടങ്ങൾ തള്ളുന്നതായി നാട്ടുകാർ. മേഖലയിൽ പ്രവർത്തിക്കുന്ന ഫുഡ് കോർട്ടിൽ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളുമാണ് തോട്ടിലേക്ക് നിക്ഷേപിക്കുന്നത്.

കഴിഞ്ഞ ദിവസം കക്കംവെള്ളിയിലെ സ്ഥാപനത്തിൽ നിന്നും മാലിന്യം തോട്ടിൽ തള്ളുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിലെ മാലിന്യങ്ങൾ തോട്ടിൽ കൊണ്ടുവന്നു കളയുന്നതായി കണ്ടെത്തിയത്.

പ്രദേശവാസികൾ ആശ്രയിക്കുന്ന കക്കംവെള്ളി തോട് ഇത്തരത്തിൽ വൻതോതിൽ മലിനമാക്കുന്നത് കടുത്ത ആരോഗ്യഭീഷണിയാണ് ഉയർത്തുന്നത്. പ്രദേശത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ ഇത് കാരണമാകുമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാലിന്യം തള്ളുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച നാട്ടുകാർ വൻ പ്രതിഷേധത്തിലാണ്.

തുച്ഛമായ പണം നൽകി ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ജലാശയങ്ങൾ മലിനമാക്കുന്ന ഫുഡ് കോർട്ട് അധികൃതർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്തിനോടും ആരോഗ്യ വകുപ്പിനോടും നാട്ടുകാർ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ശക്തമായ പരിശോധനയും നടപടിയും ഉണ്ടായില്ലെങ്കിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370464/complaints-have-been-raised-that-many-food-courts-in-nadapuram-kozhikode-lack-waste-management-systems-)