---
title: "22 ലക്ഷം രൂപയുടെ ബില്ല്, കാലൊടിഞ്ഞ് ചികിത്സക്കെത്തിയ പതിനെട്ടുകാന് ജീവൻ നഷ്ടമായി; ആശുപത്രിക്കെതിരെ പ്രതിഷേധം"
english_title: "18 year old who sought treatment for a broken leg loses his life protest against the hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370443/18-year-old-who-sought-treatment-for-a-broken-leg-loses-his-life-protest-against-the-hospital"
published_at: "2026-07-04T15:58:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48e0b5ae737_protest.jpg"
keywords: ["Latest News", "Medical Negligence", "Protest", "Death Case"]
---

# 22 ലക്ഷം രൂപയുടെ ബില്ല്, കാലൊടിഞ്ഞ് ചികിത്സക്കെത്തിയ പതിനെട്ടുകാന് ജീവൻ നഷ്ടമായി; ആശുപത്രിക്കെതിരെ പ്രതിഷേധം

> **Lead Summary:** ജാർഖണ്ഡ് : കാലൊടിഞ്ഞ് ചികിത്സക്കെത്തിയ പതിനെട്ടുകാരന് ചികിത്സാപ്പിഴവ് കാരണം ജീവൻ നഷ്ടമായെന്ന് ആരോപിച്ച് കുടുംബം. ജാർഖണ്ഡിലെ റാഞ്ചിയിലുള്ള രാജ് ആശുപത്രിയിലാണ് സംഭവം.

## Article Content

ജാർഖണ്ഡ് : കാലൊടിഞ്ഞ് ചികിത്സക്കെത്തിയ പതിനെട്ടുകാരന് ചികിത്സാപ്പിഴവ് കാരണം ജീവൻ നഷ്ടമായെന്ന് ആരോപിച്ച് കുടുംബം. ജാർഖണ്ഡിലെ റാഞ്ചിയിലുള്ള രാജ് ആശുപത്രിയിലാണ് സംഭവം.

മാത്രമല്ല, ചികിത്സാച്ചെലവെന്ന പേരിൽ ഏകദേശം 22 ലക്ഷം രൂപയുടെ ബില്ല് ആശുപത്രി അധികൃതർ യുവാവിന്റെ മാതാപിതാക്കൾക്ക് നൽകിയെന്നും ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്തു. ഇതോടെ കോപാകുലരായ രക്ഷിതാക്കൾ ആശുപത്രി അധികൃതർക്കെതിരെ കടുത്ത പ്രതിഷേധവുമായി രം​ഗത്തെത്തി.

വലിയ തർക്കങ്ങളിലേക്കും ബഹളത്തിലേക്കുമാണ് പ്രതിഷേധമെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പതിനെട്ടുകാരനായ രാജുകുമാർ രഞ്ജന്റെ ബന്ധുക്കളാണ് പ്രതിഷേധവുമായെത്തിയത്. അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ ചികിത്സയ്ക്കിടെ രോഗിയുടെ നില വഷളാകുകയും തലച്ചോറിൽ അണുബാധയുണ്ടെന്ന് പറഞ്ഞ് ഡോക്ടർമാർ ഇയാളെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. 40 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യുവാവ് മരണപ്പെടുന്നത്. കാലിന് പരിക്കുപറ്റിയെത്തിയ ഒരാൾക്ക് എങ്ങനെയാണ് മരണം സംഭവിക്കുന്നതെന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്.

രോഗിയുടെ നില അതീവ ഗുരുതരമായപ്പോൾ 22 ലക്ഷം രൂപയുടെ വൻ തുക ബില്ലായി നൽകിയ ശേഷം രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറയുന്നു. ഇതിൽ പ്രകോപിതരായ ബന്ധുക്കൾ ആശുപത്രിയിലെ ഡോക്ടർമാരെയും ജീവനക്കാരെയും തടഞ്ഞുവെച്ച് രണ്ടു മണിക്കൂറോളം പ്രതിഷേധിച്ചു. ഒടുവിൽ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

അതേസമയം, തലച്ചോറിലെ രക്തസ്രാവം, നട്ടെല്ലിനും ശ്വാസകോശത്തിനും ഉണ്ടായ പരിക്കുകൾ തുടങ്ങി അതീവ ഗുരുതരാവസ്ഥയിലാണ് രോഗിയെ എത്തിച്ചതെന്നും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ചികിത്സ നൽകിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370443/18-year-old-who-sought-treatment-for-a-broken-leg-loses-his-life-protest-against-the-hospital)