---
title: "മുംബൈയിൽ മഴക്കെടുതി രൂക്ഷം; റോഡുകൾ വെള്ളത്തിനടിയിൽ, നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു"
english_title: "Severe rain havoc in Mumbai; roads submerged, and a red alert has been declared for the city."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370392/severe-rain-havoc-in-mumbai-roads-submerged-and-a-red-alert-has-been-declared-for-the-city"
published_at: "2026-07-04T13:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48ba2565cf2_RAIN.jpg"
keywords: ["Mumbai", "Severe rain", "Red Alert", "Rain", "Monsoon", "Weather Warning"]
---

# മുംബൈയിൽ മഴക്കെടുതി രൂക്ഷം; റോഡുകൾ വെള്ളത്തിനടിയിൽ, നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

> **Lead Summary:** **മുംബൈ: ** കാലവർഷം കനത്തതോടെ മുംബൈ നഗരവും പരിസരപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിൽ. വരും മണിക്കൂറുകളിൽ അതിശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് തുടരുന്ന മഴയിൽ അഞ്ച് പേർ മരിച്ചു.

## Article Content

**മുംബൈ: ** കാലവർഷം കനത്തതോടെ മുംബൈ നഗരവും പരിസരപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിൽ. വരും മണിക്കൂറുകളിൽ അതിശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് തുടരുന്ന മഴയിൽ അഞ്ച് പേർ മരിച്ചു.

ശനിയാഴ്ച രാവിലെ 8 മണി വരെയുള്ള 24 മണിക്കൂറിനുള്ളിൽ മുംബൈയുടെ പല ഭാഗങ്ങളിലും 100 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. മുംബൈയിലെ ബാന്ദ്രയിൽ 150.6 മില്ലിമീറ്ററും പരേലിൽ 141.8 മില്ലിമീറ്ററും വിക്രോളിയിൽ 143 മില്ലിമീറ്ററും മഴ ലഭിച്ചു.

നഗരത്തിലെ ഭൂരിഭാഗം റോഡുകളും വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിൽ കടുത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ സർവീസ് നടത്തുന്നുണ്ടെങ്കിലും മുംബൈയിലെലോക്കൽ ട്രെയിനുകൾ പലതും വൈകിയാണ് ഓടുന്നത്. മുംബൈയ്ക്ക് പുറമെ പൂനെ, താനെ എന്നീ നഗരങ്ങളിലും കനത്ത മഴയെത്തുടർന്ന് കിലോമീറ്ററുകളോളം നീളുന്ന വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ഉച്ചയ്ക്ക് ശേഷം കടലിൽ 4.26 മീറ്റർ ഉയരത്തിൽ ശക്തമായ വേലിയേറ്റത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. മഴയോടനുബന്ധിച്ചുണ്ടായ വിവിധ അപകടങ്ങളിൽ മുംബൈയിൽ മൂന്നും, പൂനെ, താനെ എന്നിവിടങ്ങളിൽ ഓരോ മരണം വീതവുമാണ് റിപ്പോർട്ട് ചെയ്തത്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370392/severe-rain-havoc-in-mumbai-roads-submerged-and-a-red-alert-has-been-declared-for-the-city)