---
title: "'അർജന്റീന ടീമിൽ പോരായ്മകളുണ്ട്; കേപ്പ് വെർദെക്കെതിരായ കടുപ്പമേറിയ വിജയം, തുറന്നുസമ്മതിച്ച് ലയണൽ മെസി"
english_title: "Messi says there are shortcomings in the Argentina team."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370387/messi-says-there-are-shortcomings-in-the-argentina-team"
published_at: "2026-07-04T13:06:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48b84ae40ef_messi.jpg"
keywords: ["Latest News", "Sports", "Fifa World Cup 2026", "Messi About Argentina Team"]
---

# 'അർജന്റീന ടീമിൽ പോരായ്മകളുണ്ട്; കേപ്പ് വെർദെക്കെതിരായ കടുപ്പമേറിയ വിജയം, തുറന്നുസമ്മതിച്ച് ലയണൽ മെസി

> **Lead Summary:** **മയാമി:[ **ലോകകപ്പ് നിലനിർത്താനുള്ള തയ്യാറെടുപ്പിലാണ് അർജന്റീനയെങ്കിലും ടീം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് സൂചിപ്പിച്ച് ലയണൽ മെസി. പ്രീക്വാർട്ടർ പോരാട്ടത്തിൽ ദുർബലരായ കേപ്പ് വെർദെയെ അധികസമയത്ത് കഷ്ടപ്പെട്ട് മറികടന്നതിന് പിന്നാലെയാണ് മെസി ടീമിലെ അപാകതകളെക്കുറിച്ച് മനസ്സ് തുറന്നത്. 3-2 എന്ന സ്‌കോറിനായിരുന്നു അർജന്റീനയുടെ ജയം.

## Article Content

**മയാമി:[ **ലോകകപ്പ് നിലനിർത്താനുള്ള തയ്യാറെടുപ്പിലാണ് അർജന്റീനയെങ്കിലും ടീം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് സൂചിപ്പിച്ച് ലയണൽ മെസി. പ്രീക്വാർട്ടർ പോരാട്ടത്തിൽ ദുർബലരായ കേപ്പ് വെർദെയെ അധികസമയത്ത് കഷ്ടപ്പെട്ട് മറികടന്നതിന് പിന്നാലെയാണ് മെസി ടീമിലെ അപാകതകളെക്കുറിച്ച് മനസ്സ് തുറന്നത്. 3-2 എന്ന സ്‌കോറിനായിരുന്നു അർജന്റീനയുടെ ജയം.

> കേപ്പ് വെർദെയുടെ കരുത്തുറ്റ പ്രതിരോധവും ഗോൾകീപ്പർ വൊസിഞ്ഞയുടെ മികച്ച പ്രകടനവും അർജന്റീനൻ മുന്നേറ്റനിരയെ വട്ടംചുറ്റിച്ചിരുന്നു. "ഈ മത്സരം കടുപ്പമായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. സ്‌പെയിനിനെയും ഉറുഗ്വേയെയും പോലുള്ള വമ്പൻമാർക്കെതിരെ തോൽക്കാതെ പിടിച്ചുനിന്ന ടീമാണ് കേപ്പ് വെർദെ," മെസി പറഞ്ഞു.

ആദ്യ ഗോളിന് ശേഷം അമിത ആത്മവിശ്വാസത്തിലായതും പന്ത് കൈവശം വെക്കുന്നതിലുണ്ടായ പിഴവുകളുമാണ് ടീമിന് തിരിച്ചടിയായതെന്ന് അദ്ദേഹം വിലയിരുത്തി.നോക്കൗട്ട് ഘട്ടത്തിൽ ഒരു ടീമിനെയും നിസ്സാരമായി കാണാൻ കഴിയില്ലെന്ന വലിയ പാഠമാണ് ഈ മത്സരം നൽകിയതെന്നും മെസി ഓർമ്മിപ്പിച്ചു.

**പോസിറ്റീവ് വശങ്ങൾ**

പ്രതിസന്ധികൾക്കിടയിലും കടുത്ത ചൂടിനെ വകവെക്കാതെ 120 മിനിറ്റ് പൊരുതിയ സഹതാരങ്ങളുടെ മനോവീര്യത്തെ മെസി പ്രശംസിച്ചു. മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിലും ജയിച്ചുകയറാൻ കഴിഞ്ഞത് ടീമിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. എങ്കിലും കിരീടം നിലനിർത്തണമെങ്കിൽ പ്രകടനം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത മത്സരത്തിൽ ഈജിപ്തിനെതിരെയാണ് അർജന്റീനയുടെ പോരാട്ടം. അതിനായുള്ള തയ്യാറെടുപ്പുകളും വിശ്രമവുമാണ് ഇപ്പോൾ ടീമിന്റെ പ്രധാന ലക്ഷ്യം. സ്കലോണിയും സംഘവും തങ്ങളുടെ പോരായ്മകൾ പരിഹരിച്ച് കരുത്തുറ്റ ഈജിപ്തിനെ എങ്ങനെ നേരിടുമെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370387/messi-says-there-are-shortcomings-in-the-argentina-team)