---
title: "25,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകൾക്ക് ജിഎസ്ടി 5 ശതമാനമാക്കാൻ ശുപാർശ"
english_title: "GST on smartphones priced below Rs 25,000 to be reduced to 5%"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370383/overloadeGST-on-smartphones-priced-below-Rs-to-be-reduced-to-new-update "
published_at: "2026-07-04T12:43:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48b51e62b15_fewsdg.jpg"
keywords: ["Latest news", "GST on smartphones", "Priced below", "Mobile phones"]
---

# 25,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകൾക്ക് ജിഎസ്ടി 5 ശതമാനമാക്കാൻ ശുപാർശ

> **Lead Summary:** ന്യൂഡൽഹി: **[** 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്‌ഫോണുകളുടെ ജിഎസ്ടി നിരക്ക് നിലവിലെ 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കണമെന്ന് ശുപാർശ. ഗ്രാന്റ് തോൺട്ടൺ ഭാരത്, പോളിസി വാച്ച് ഇന്ത്യ ഫൗണ്ടേഷൻ എന്നിവർ ചേർന്ന് തയ്യാറാക്കിയ ധവളപത്രത്തിലാണ് ഈ നിർദേശമുള്ളത്. അതേസമയം, 25,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകൾക്ക് 18 ശതമാനം ജിഎസ്ടി തുടരാമെന്നും റിപ്പോർട്ടിൽ പറയുന്നു.

## Article Content

ന്യൂഡൽഹി: **[** 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്‌ഫോണുകളുടെ ജിഎസ്ടി നിരക്ക് നിലവിലെ 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കണമെന്ന് ശുപാർശ. ഗ്രാന്റ് തോൺട്ടൺ ഭാരത്, പോളിസി വാച്ച് ഇന്ത്യ ഫൗണ്ടേഷൻ എന്നിവർ ചേർന്ന് തയ്യാറാക്കിയ ധവളപത്രത്തിലാണ് ഈ നിർദേശമുള്ളത്. അതേസമയം, 25,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകൾക്ക് 18 ശതമാനം ജിഎസ്ടി തുടരാമെന്നും റിപ്പോർട്ടിൽ പറയുന്നു.

കുറഞ്ഞ വിലയുള്ള ഫോണുകളുടെ നികുതി കുറയ്ക്കുന്നത് സാധാരണക്കാർക്ക് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സഹായകരമാകും. ഇന്ത്യയിലെ മൊത്തം സ്മാർട്ട്‌ഫോൺ വിൽപ്പനയുടെ മൂന്നിൽ രണ്ട് ഭാഗവും 25,000 രൂപയിൽ താഴെയുള്ള വിഭാഗത്തിലാണ്.

ആദ്യമായി ഫോൺ വാങ്ങുന്നവർ, ഗ്രാമീണ ഉപയോക്താക്കൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ എന്നിവരാണ് ഈ വിഭാഗത്തെ പ്രധാനമായും ആശ്രയിക്കുന്നത്. സ്മാർട്ട്ഫോണുകളുടെ ഉയർന്ന വിലയാണ് പലർക്കും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകുന്നതിന് തടസ്സമെന്നും, രാജ്യത്ത് ഇപ്പോഴും 35 കോടിയോളം ആളുകൾ ഫീച്ചർ ഫോണുകളാണ് ഉപയോഗിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ജിഎസ്ടി നിരക്ക് കുറയ്ക്കുന്നത് ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് കൂടുതൽ കരുത്താകും. സാധാരണക്കാരിലേക്ക് ഡിജിറ്റൽ സേവനങ്ങൾ എളുപ്പത്തിൽ എത്താനും ആഭ്യന്തര ഇലക്ട്രോണിക്‌സ് നിർമ്മാണ മേഖലയുടെ വളർച്ചയ്ക്കും ഇത് കാരണമാകും. വിയറ്റ്‌നാം, തായ്‌ലൻഡ്, ഇൻഡോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യയേക്കാൾ കുറഞ്ഞ നികുതിയായതിനാൽ സ്മാർട്ട്ഫോൺ ഉപയോഗവും ആഭ്യന്തര നിർമ്മാണവും വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സ്മാർട്ട്ഫോണുകൾ ഇനി ആഡംബര വസ്തുവല്ല, മറിച്ച് ഡിജിറ്റൽ ലോകത്തിലേക്കുള്ള അടിസ്ഥാന ഉപകരണമാണെന്നും അതിനാൽ നികുതി കുറയ്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്നും ധവളപത്രം അടിവരയിടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370383/overloadeGST-on-smartphones-priced-below-Rs-to-be-reduced-to-new-update )