---
title: "അടുക്കളയിലെ കാര്യം കഷ്ടം തന്നെ...! സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; വെളുത്തുള്ളി കിലോ 250, ഇഞ്ചിക്ക് 200 രൂപ"
english_title: "vegetable price hike kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370360/vegetable-price-hike-kerala"
published_at: "2026-07-04T11:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48a81c0f131_vegetable_price.jpg"
keywords: ["Latest News", "Vegetable Price Hike", "Market", "Kerala"]
---

# അടുക്കളയിലെ കാര്യം കഷ്ടം തന്നെ...! സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; വെളുത്തുള്ളി കിലോ 250, ഇഞ്ചിക്ക് 200 രൂപ

> **Lead Summary:** കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറിക്കുൾപ്പെടെ വില ഉയർന്നു. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവക്കാണ് വലിയ തോതിൽ വില കൂടിയിരിക്കുന്നത്. സവാളക്ക് കിലോക്ക് 28 രൂപയാണ് കോഴിക്കോട് മാർക്കറ്റ് വില. അതേസമയം ഇഞ്ചിക്ക് 200 രൂപയും വെളുത്തുള്ളിക്ക് 250 രൂപയുമാണ്. ഉള്ളിക്ക് കോഴിക്കോട് ക്വിന്‍റലിന് 3400 രൂപ വരെയാണ് ശരാശരി വില.

## Article Content

കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറിക്കുൾപ്പെടെ വില ഉയർന്നു. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവക്കാണ് വലിയ തോതിൽ വില കൂടിയിരിക്കുന്നത്. സവാളക്ക് കിലോക്ക് 28 രൂപയാണ് കോഴിക്കോട് മാർക്കറ്റ് വില. അതേസമയം ഇഞ്ചിക്ക് 200 രൂപയും വെളുത്തുള്ളിക്ക് 250 രൂപയുമാണ്. ഉള്ളിക്ക് കോഴിക്കോട് ക്വിന്‍റലിന് 3400 രൂപ വരെയാണ് ശരാശരി വില.

കഴിഞ്ഞ ദിവസങ്ങളിൽ തക്കാളി, കോളിഫ്ളവർ, കാബേജ് എന്നിവക്ക് വില വർധിച്ചിരുന്നു. കോഴിക്കോട് മാർക്കറ്റ് വിലയനുസരിച്ച് ബീറ്റ് റൂട്ടിന് കിലോക്ക് 48-60 കിലോ വരെ റീട്ടെയിൽ വിലയുണ്ട്. കോളി ഫ്ലവറിന് കിലോക്ക് 44-56 രൂപ വരെയാണ് റീട്ടെയിൽ വില. കാബേജിന് കിലോക്ക് 44 മുതൽ 56 രൂപ വരെയാണ് റീട്ടെയിൽ വില.

ഇന്ധന വില വർധനവിന് പുറമെ പച്ചക്കറിക്കും വില കൂടുന്നത് കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നുണ്ട്. ഓണം സീസണാകുന്നതോടെ ഇനിയും വില കൂടാനാണ് സാധ്യത. കാലാവസ്ഥയിലെ മാറ്റങ്ങളും പശ്ചിമേഷ്യൻ പ്രതിസന്ധിയുമെല്ലാം പച്ചക്കറി വിലയെ ബാധിച്ചിട്ടുണ്ട്.

അതേസമയം മീനിന് പിന്നാലെ ബീഫിനും വിലക്കയറ്റം. കോഴിക്കോട് ജില്ലയിൽ ഈ മാസം 15 മുതൽ ബീഫിന് കിലോയ്ക്ക് 60 മുതൽ 100 രൂപ വരെ വർധിപ്പിക്കാനാണ് തീരുമാനമായിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കന്നുകാലികളുടെ വരവ് കുറഞ്ഞതും വാങ്ങൽച്ചെലവ് ഉയർന്നതുമാണ് വില വർധനയ്ക്ക് കാരണമെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.

ബീഫ് സ്പെഷ്യൽ വിഭവങ്ങൾക്കായി പേരുകേട്ട കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളിലും ഈ വിലവർധനയുടെ പ്രതിഫലനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അസംസ്കൃത ബീഫിന്റെ വില കൂടുന്നതോടെ ബീഫ് വിഭവങ്ങൾക്കും വില വർധിപ്പിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.

പുതിയ നിരക്ക് പ്രകാരം, നിലവിൽ കിലോയ്ക്ക് 340 രൂപയ്ക്ക് വിൽക്കുന്ന എല്ലോടുകൂടിയ ബീഫിന് 400 രൂപ നൽകേണ്ടിവരും. 360 രൂപയുള്ള എല്ലില്ലാത്ത ബീഫിന്റെ വില 460 രൂപയായും ഉയരും. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലികളുടെ ലഭ്യത ഗണ്യമായി കുറഞ്ഞതും, ലഭ്യമായ കന്നുകാലികൾക്ക് ഉയർന്ന വില നൽകേണ്ടിവരുന്നതുമാണ് വിലവർധനയ്ക്ക് പ്രധാന കാരണമെന്ന് ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

അതേസമയം, ബീഫ് വില വർധിപ്പിക്കാനുള്ള തീരുമാനം ഹോട്ടൽ മേഖലയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇന്ധനവില വർധന, പാചകവാതക വിലയും ലഭ്യതാ പ്രശ്നങ്ങളും മൂലം നേരത്തേ തന്നെ ചെലവുകൾ ഉയർന്ന സാഹചര്യത്തിൽ, ബീഫിന്റെ വിലയും വർധിച്ചാൽ വിഭവങ്ങളുടെ വില കൂട്ടേണ്ടി വരുമെന്നാണ് ഹോട്ടൽ ഉടമകളുടെ വിലയിരുത്തൽ.

ഭക്ഷണത്തിന്റെ വില വീണ്ടും ഉയർന്നാൽ സാധാരണക്കാരെ അത് പ്രതികൂലമായി ബാധിക്കുമെന്നും, ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവരുടെ ചെലവുഭാരം വർധിക്കുമെന്നും മേഖലയിലെ പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370360/vegetable-price-hike-kerala)