---
title: "ഇതെന്ത് നാടകമാണ്....?  സ്വന്തം വസ്ത്രങ്ങൾ അഴിച്ചുമാറ്റി; മോഷണത്തിനിടെ പിടിക്കപ്പെട്ടപ്പോൾ പീഡനക്കേസിൽ കുടുക്കുമെന്ന് യുവതിയുടെ ഭീഷണി"
english_title: "Woman threatened to frame him in a sexual assault case after he was caught stealing Jaipur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370356/woman-threatened-to-frame-him-in-a-sexual-assault-case-after-he-was-caught-stealing-jaipur"
published_at: "2026-07-04T11:38:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48a42fa5446_theft.jpg"
keywords: ["Theft", "Jaipur", "attempted theft", "threat of assault", "CCTV footage", "police custody"]
---

# ഇതെന്ത് നാടകമാണ്....?  സ്വന്തം വസ്ത്രങ്ങൾ അഴിച്ചുമാറ്റി; മോഷണത്തിനിടെ പിടിക്കപ്പെട്ടപ്പോൾ പീഡനക്കേസിൽ കുടുക്കുമെന്ന് യുവതിയുടെ ഭീഷണി

> **Lead Summary:** **ജയ്പുർ: ** വീട്ടിൽ കയറി മോഷണം നടത്തുന്നതിനിടെ പിടിക്കപ്പെട്ട യുവതി, തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കുടുക്കുമെന്ന് ഭീഷണി മുഴക്കി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. മോഷണം നടത്തുന്നതിനിടെ വീട്ടുകാർ കൈയോടെ പിടികൂടിയപ്പോൾ രക്ഷപ്പെടാനുള്ള ശ്രമമെന്ന നിലയിൽ യുവതി സ്വന്തം വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയായിരുന്നു.

## Article Content

**ജയ്പുർ: ** വീട്ടിൽ കയറി മോഷണം നടത്തുന്നതിനിടെ പിടിക്കപ്പെട്ട യുവതി, തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കുടുക്കുമെന്ന് ഭീഷണി മുഴക്കി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. മോഷണം നടത്തുന്നതിനിടെ വീട്ടുകാർ കൈയോടെ പിടികൂടിയപ്പോൾ രക്ഷപ്പെടാനുള്ള ശ്രമമെന്ന നിലയിൽ യുവതി സ്വന്തം വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയായിരുന്നു.

തുടർന്ന് പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജയ്പുരിലെ മുഹാനയിലെ ഒരു വീട്ടിലാണ് യുവതി മോഷണശ്രം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ​ഗൃഹനാഥൻ സിസിടിവി ക്യാമറ വഴി കണ്ടതോടെയാണ് യുവതിയെ കൈയോടെ പിടികൂടിയത്.

ദിവസങ്ങൾക്ക് മുൻപും ഇതേ വീട്ടിൽ മോഷണം നടന്നിരുന്നു. സ്വർണാഭരണങ്ങളും പണവും അന്ന് നഷ്ടമായി. ഇതോടെയാണ് ​ഗൃഹനാഥൻ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. വ്യാഴാഴ്ച ​ഗൃഹനാഥനും കുടുംബവും വീട് പൂട്ടി പുറത്തുപോയി. ഈ സമയത്താണ് യുവതി വീട്ടിൽക്കയറി മോഷണശ്രമം നടത്തിയത്.

യാത്രയ്ക്കിടെ മൊബൈൽഫോണിൽ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കിടപ്പുമുറിക്കുള്ളിൽ ഒരു യുവതിയെ കണ്ടത്. യുവതി അലമാര തുറക്കുന്നതും അലമാരയിൽനിന്ന് ആഭരണങ്ങൾ സൂക്ഷിച്ച പെട്ടി പുറത്തെടുത്ത് പരിശോധിക്കുന്നതും ​ഗൃഹനാഥൻ തത്സമയം മൊബൈൽഫോണിൽ കണ്ടു.

ഉടൻതന്നെ ​ഗൃഹനാഥൻ അയൽക്കാരനെ വിവരമറിയിച്ചു. അയൽക്കാരൻ ഓടിയെത്തി വീടിന്റെ ​ഗേറ്റും വാതിലും പുറത്തുനിന്ന് പൂട്ടി. ഇതിനിടെ ​ഗൃഹനാഥനും വീട്ടിൽ തിരിച്ചെത്തി. വീട്ടിനുള്ളിൽ കുടുങ്ങുകയും മോഷണശ്രമം പിടിക്കപ്പെടുകയും ചെയ്തതോടെയാണ് യുവതി രക്ഷപ്പെടാനായി വസ്ത്രമുരിഞ്ഞ് ഭീഷണി മുഴക്കിയത്.

വസ്ത്രമുരിയാൻ ശ്രമിച്ച യുവതി എല്ലാവരെയും പീഡനക്കേസിൽ കുടുക്കുമെന്നാണ് ഭീഷണി മുഴക്കിയിരുന്നത്. ഇതിന്റെ ദൃശ്യങ്ങളും ​ഗ‍ൃഹനാഥൻ മൊബൈൽഫോണിൽ പകർത്തിയിരുന്നു. തുടർന്നാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ യുവതിക്കെതിരേ കേസെടുത്തതായി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370356/woman-threatened-to-frame-him-in-a-sexual-assault-case-after-he-was-caught-stealing-jaipur)