---
title: "ലാളിച്ച കൈകളാൽ കൊന്നൊടുക്കി ....! മദ്യപിച്ച് വഴക്കുണ്ടാക്കിയ മകന്റെ വായിൽ ആസിഡ് ഒഴിച്ചു, പിടഞ്ഞുവീണ ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; ഗുജറാത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ  "
english_title: "Parents were arrested in Rajkot, Gujarat, for killing their son, who had picked a quarrel while intoxicated."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370341/parents-were-arrested-in-rajkot-gujarat-for-killing-their-son-who-had-picked-a-quarrel-while-intoxicated"
published_at: "2026-07-04T10:54:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a489985897b3_crime.jpg"
keywords: ["Rajkot", "murder", "acid attack", "family dispute", "post-mortem report", "arrest"]
---

# ലാളിച്ച കൈകളാൽ കൊന്നൊടുക്കി ....! മദ്യപിച്ച് വഴക്കുണ്ടാക്കിയ മകന്റെ വായിൽ ആസിഡ് ഒഴിച്ചു, പിടഞ്ഞുവീണ ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; ഗുജറാത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ  

> **Lead Summary:** **രാജ്കോട്ട്: **കൊടുംക്രൂരത... മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ ഗുജറാത്തിലെ രാജ്‌കോട്ടിൽ അറസ്റ്റിലായി. രാജ്‌കോട്ട് ഗുണ്ടല സ്വദേശി റാം ബംഭാവ ആണ് കൊല്ലപ്പെട്ടത്.

## Article Content

**രാജ്കോട്ട്: **കൊടുംക്രൂരത... മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ ഗുജറാത്തിലെ രാജ്‌കോട്ടിൽ അറസ്റ്റിലായി. രാജ്‌കോട്ട് ഗുണ്ടല സ്വദേശി റാം ബംഭാവ ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ മാതാപിതാക്കളായ ബാബു എന്ന അതുൽ ബംഭാവ (47), മനീഷ് എന്ന മോതി ബംഭാവ (45) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മകൻ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ കൊലപാതക വിവരം പുറത്താവുകയായിരുന്നു.

യുവാവിൻ്റെ ഭാര്യ ബൻസിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നത്. ജൂൺ 30നാണ് റാം ബംഭാവ മരണപ്പെട്ടത്. ജൂൺ 29ന് റാമും ഭാര്യ ബൻസിയും ബൻസിയുടെ വീട്ടിലെത്തിയിരുന്നു. ഇവിടെ വെച്ച് മദ്യപിച്ച റാം ബൻസിയുടെ പിതാവുമായി തർക്കമുണ്ടാക്കി.

തുടർന്ന് ബൻസിയുടെ പിതാവ് റാമിൻ്റെ പിതാവിനെ വിളിച്ചു യുവാവിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. പിറ്റേദിവസം ബൻസി സ്വന്തം വീട്ടിൽ തുടരുമ്പോഴാണ് റാം ആസിഡ് കുടിച്ചു മരിച്ചുവെന്ന വിവരം അറിയുന്നത്. എന്നാൽ സംസ്കാരച്ചടങ്ങുകൾക്ക് ശേഷം റാമിൻ്റെ ബന്ധുക്കളാണ്, ജൂൺ 30ന് നടന്ന സംഭവങ്ങൾ ബൻസിയെ അറിയിച്ചത്.

മദ്യപിച്ചു വീട്ടിലെത്തിയ റാം പിതാവുമായി വഴക്കിട്ടുവെന്നും ഇതിനിടെ, മാതാവ് റാമിൻ്റെ വായിൽ ബലംപ്രയോഗിച്ചു ആസിഡ് ഒഴിച്ചുവെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. പിടഞ്ഞുവീണ റാമിൻ്റെ വായ പൊത്തിയ പിതാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും ബന്ധുക്കൾ ബൻസിയെ അറിയിച്ചു. ഇക്കാര്യം പുറത്ത് പറയരുതെന്നും സത്യം പുറത്തുവന്നാൽ കുടുംബത്തിൻ്റെ മതിപ്പ് നഷ്ടമാകുമെന്നും ബന്ധുക്കൾ ബൻസിയോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370341/parents-were-arrested-in-rajkot-gujarat-for-killing-their-son-who-had-picked-a-quarrel-while-intoxicated)