---
title: "കാഫിർ സ്ക്രീൻഷോട്ട് കേസ്: ജാമ്യം ലഭിച്ച ജിതിൻ ഭാസ്കറിന് സ്വീകരണം ഒരുക്കി ഡിവൈഎഫ്ഐ"
english_title: "'Kafir' screenshot case: DYFI organizes reception for Jithin Bhaskar after he is granted bail."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370307/kafir-screenshot-case-dyfi-organizes-reception-for-jithin-bhaskar-after-he-is-granted-bail"
published_at: "2026-07-04T08:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a487db80beaf_JITHIN_BASKAR.jpg"
keywords: ["Bail", "Jithin Bhaskar", "Reception", "DYFI", "Kafir screenshot case"]
---

# കാഫിർ സ്ക്രീൻഷോട്ട് കേസ്: ജാമ്യം ലഭിച്ച ജിതിൻ ഭാസ്കറിന് സ്വീകരണം ഒരുക്കി ഡിവൈഎഫ്ഐ

> **Lead Summary:** **കോഴിക്കോട്: **കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജയിലിലായിരുന്ന ജിതിൻ ഭാസ്കറിന് ജാമ്യം ലഭിച്ചതിന് പിന്നാലെ വലിയ സ്വീകരണമൊരുക്കാൻ ഡിവൈഎഫ്ഐ. ഇന്നാണ് ജിതിന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്.

## Article Content

**കോഴിക്കോട്: **കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജയിലിലായിരുന്ന ജിതിൻ ഭാസ്കറിന് ജാമ്യം ലഭിച്ചതിന് പിന്നാലെ വലിയ സ്വീകരണമൊരുക്കാൻ ഡിവൈഎഫ്ഐ. ഇന്നാണ് ജിതിന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്.

കേസിൽ റിമാൻഡിലായി 18-ാം ദിവസമാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജിതിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജയിൽ മോചിതനാകുന്ന ജിതിന് ഇന്ന് വൈകിട്ട് 4:30ന് തിരുവള്ളൂരിൽ വെച്ചാണ് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നത്.

ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ് ജിതിൻ ഭാസ്കർ. കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡിവൈഎഫ്ഐയുടെ വിശദീകരണം. ജിതിന് സ്ക്രീൻഷോട്ട് നിർമ്മാണത്തിൽ യാതൊരു പങ്കുമില്ലെന്ന് ഡിവൈഎഫ്ഐ വാദിക്കുമ്പോഴും, അദ്ദേഹം തന്നെയാണ് ഇത് നിർമ്മിച്ചതെന്നും പ്രചരിപ്പിച്ചതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

ആഴ്ചയിൽ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നടക്കമുള്ള കർശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജിതിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരുന്നതോടെ കേസിൽ കൂടുതൽ തുടർനടപടികളുണ്ടാകും. ജൂൺ 16നായിരുന്നു ജിതിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370307/kafir-screenshot-case-dyfi-organizes-reception-for-jithin-bhaskar-after-he-is-granted-bail)