---
title: "ലോക്ക് മാറ്റി, സാധനങ്ങൾ ചിതറിയ നിലയിൽ; റിയാദിൽ നിന്നെത്തിയ പ്രവാസിയുടെ ബാഗിൽ നിന്ന് രണ്ട് ലക്ഷത്തിന്റെ വിദേശ കറൻസി മോഷണം പോയതായി പരാതി "
english_title: "Complaint filed regarding the theft of foreign currency worth over ₹2 lakh from a passenger's bag"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370306/complaint-filed-regarding-the-theft-of-foreign-currency-worth-over-2-lakh-from-a-passengers-bag"
published_at: "2026-07-04T08:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a487d0433172_akash_airlines.jpg"
keywords: ["Latest News", "Flight Passenger Complaint", "Foreign Currency Theft", "Akash Airlines", "Kochi"]
---

# ലോക്ക് മാറ്റി, സാധനങ്ങൾ ചിതറിയ നിലയിൽ; റിയാദിൽ നിന്നെത്തിയ പ്രവാസിയുടെ ബാഗിൽ നിന്ന് രണ്ട് ലക്ഷത്തിന്റെ വിദേശ കറൻസി മോഷണം പോയതായി പരാതി 

> **Lead Summary:** **നെടുമ്പാശേരി (കൊച്ചി): **യാത്രക്കാരന്റെ ബാഗിൽ നിന്ന് 2 ലക്ഷത്തിലേറെ രൂപയുടെ വിദേശ കറൻസികൾ മോഷണം പോയതായി പരാതി. ഇന്നലെ ആകാശ എയർലൈൻസിൽ റിയാദിൽ നിന്ന് കൊച്ചിയിലെത്തിയ ആലുവ സ്വദേശി ഷഫീഖ് ഇസ്മായിലിന്റെ പണമാണ് നഷ്ടപ്പെട്ടത്.

## Article Content

**നെടുമ്പാശേരി (കൊച്ചി): **യാത്രക്കാരന്റെ ബാഗിൽ നിന്ന് 2 ലക്ഷത്തിലേറെ രൂപയുടെ വിദേശ കറൻസികൾ മോഷണം പോയതായി പരാതി. ഇന്നലെ ആകാശ എയർലൈൻസിൽ റിയാദിൽ നിന്ന് കൊച്ചിയിലെത്തിയ ആലുവ സ്വദേശി ഷഫീഖ് ഇസ്മായിലിന്റെ പണമാണ് നഷ്ടപ്പെട്ടത്.

പണമടങ്ങിയ ബാഗുൾപ്പെടെ 3 ചെക്ക്–ഇൻ ബാഗുകളാണ് ഷഫീഖിന് ഉണ്ടായിരുന്നത്. 8000 റിയാൽ വച്ചിരുന്ന ബാഗ് ചെക്ക് ഇൻ ചെയ്ത് വിട്ട ശേഷമാണ‌ു പണം ഉണ്ടായിരുന്നല്ലോ എന്ന് ഓർത്തത്. ഉടൻ അവിടത്തെ മാനേജരോട് പറഞ്ഞെങ്കിലും സുരക്ഷിതമായി കൊച്ചിയിൽ എത്തിക്കോളും എന്നു പറഞ്ഞു.

കൊച്ചിയിലെത്തിയപ്പോൾ ബാഗുകൾ ലഭിച്ചത് ഏറെ വൈകിയാണ്. പണമടങ്ങിയ ബാഗിന്റെ നമ്പർ ലോക്ക് മാറ്റിയ നിലയിലായിരുന്നു. പരിശോധനയിൽ പണം നഷ്ടപ്പെട്ടെന്ന് മനസ്സിലായി.

ബാഗിന്റെ ഉള്ളിലെ സിബ്ബുകളെല്ലാം തുറന്ന നിലയിലും ഉണ്ടായിരുന്ന ചോക്ലേറ്റുകളും കുട്ടികളുടെ കളിപ്പാട്ടങ്ങളുൾപ്പെടെയുള്ള വസ്തുക്കളും ചിതറിയ നിലയിലുമായിരുന്നു.

വിമാനത്താവളത്തിൽ ഇന്ത്യൻ രൂപയായി മാറ്റാൻ കരുതിയ പണമാണ് നഷ്ടപ്പെട്ടത്. റിയാദിലെ ഇന്ത്യൻ എംബസി സ്കൂളിൽ കായികാധ്യാപകനായ ഷഫീഖ് അധികൃതർക്കു പരാതി നൽകി.

ഇതേ വിമാനത്തിൽ ജിദ്ദയിൽ നിന്നു കയറിയ ഒരു നഴ്സിന്റെ ബാഗും ഇത്തരത്തിൽ നമ്പർ ലോക്ക് അഴിച്ച നിലയിലായിരുന്നു. എന്നാൽ വില പിടിപ്പുള്ളതൊന്നും ഇല്ലാതിരുന്നതിനാൽ നഷ്ടപ്പെട്ടില്ല എന്ന് ഷഫീഖ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370306/complaint-filed-regarding-the-theft-of-foreign-currency-worth-over-2-lakh-from-a-passengers-bag)