---
title: "'മറ്റാര് മുദ്രാവാക്യവും തിരിച്ചടിച്ചു,പയ്യന്നൂരിലും തളിപ്പറമ്പിലും തീരുമാനം ഗുണകരമായില്ല'; വിമർശനവുമായി സിപിഎം നേതാവ് പുത്തലത്ത് ദിനേശൻ"
english_title: "CPM Central Committee member Puthalath Dinesan has openly criticized the candidate selection for the Payyannur and Taliparamba constituencies in the Assembly elections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370302/cpm-central-committee-member-puthalath-dinesan-has-openly-criticized-the-candidate-selection-for-the-payyannur-and-taliparamba-constituencies-in-the-assembly-elections"
published_at: "2026-07-04T08:34:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4878b4a7660_dinesh.jpg"
keywords: ["Latest News", "Puthalath Dineshan", "CPM", "Assembly Election"]
---

# 'മറ്റാര് മുദ്രാവാക്യവും തിരിച്ചടിച്ചു,പയ്യന്നൂരിലും തളിപ്പറമ്പിലും തീരുമാനം ഗുണകരമായില്ല'; വിമർശനവുമായി സിപിഎം നേതാവ് പുത്തലത്ത് ദിനേശൻ

> **Lead Summary:** **തിരുവനന്തപുരം : ** നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥി നിർണയത്തിൽ തുറന്ന വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പുത്തലത്ത് ദിനേശൻ.

## Article Content

**തിരുവനന്തപുരം : ** നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥി നിർണയത്തിൽ തുറന്ന വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പുത്തലത്ത് ദിനേശൻ.

രണ്ടിടത്തും സ്ഥാനാർഥികളെ സംബന്ധിച്ച് വിവാദമുയർന്ന സാഹചര്യത്തിൽ പാർട്ടി എടുത്ത തീരുമാനങ്ങൾ ഗുണം ചെയ്തില്ലെന്ന് ‘തിരഞ്ഞെടുപ്പു രംഗത്തു വന്ന ചില പോരായ്മകൾ’ എന്ന തലക്കെട്ടിൽ സമൂഹമാധ്യമത്തിലെ കുറിപ്പിൽ വിമർശിച്ചു.

ദേവസ്വംബോർഡ് അയ്യപ്പസംഗമം പോലെയുള്ള പരിപാടികൾ നടത്തുന്നതിൽ തെറ്റില്ല. എന്നാൽ, അതു സർക്കാർ പരിപാടിയാണെന്ന പ്രചാരണമുണ്ടായതു ജനങ്ങളെ സ്വാധീനിച്ചു.

ആർഎസ്എസ് പശ്ചാത്തലമുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം ഈ സമ്മേളനത്തിൽ വായിച്ചതും ശരിയായില്ല. സ്വർണപ്പാളിക്കേസിൽ എ.പത്മകുമാർ ജയിലിൽ കിടക്കുമ്പോൾ സംഘടനാ നടപടിയെടുക്കുന്നതിനു പരിമിതിയുണ്ടായിരുന്നു.

എന്നാൽ, അടിയന്തര പ്രാധാന്യം കണക്കിലെടുത്തു നടപടിയെടുക്കാത്തതു പോരായ്മയാണ്. പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ച 6 പേർ എൽഡിഎഫിനെതിരെ മത്സരിച്ചതു ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കാൻ ഇടയാക്കി.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ മുസ്‍ലിം വിരുദ്ധ പരാമർശങ്ങളോടു പാർട്ടിക്കുള്ള വിയോജിപ്പ് വ്യക്തമാക്കിയതാണ്. എന്നാൽ, കുറെക്കൂടി വ്യക്തമായും വിമർശനപരമായും പ്രസ്താവന നൽകുന്നതിൽ പോരായ്മ സംഭവിച്ചു.

എൽഡിഎഫ് മുന്നോട്ടുവച്ച തിരഞ്ഞെടുപ്പ് മുദ്രാവാക്യം ജനങ്ങളെ ആകർഷിച്ചില്ല. തിരഞ്ഞെടുപ്പു കാലത്തെ ചില പ്രസ്താവനകളും തിരിച്ചടിക്ക് ഇടയാക്കിയെന്നും കുറിപ്പിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370302/cpm-central-committee-member-puthalath-dinesan-has-openly-criticized-the-candidate-selection-for-the-payyannur-and-taliparamba-constituencies-in-the-assembly-elections)