---
title: "'അദ്ദേഹം എങ്ങോട്ടോ പോയതാണ്...'; ഭർത്താവിനെ കാണാനില്ലെന്ന് പരാതി, പിന്നാലെ കണ്ടെത്തിയത് ബാത്ത്റൂമിൽ കുഴിച്ചുമൂടിയ മൃതദേഹം, ഭാര്യ അറസ്റ്റിൽ "
english_title: "Murder Body of missing husband found beneath bathroom tiles at home; wife arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370279/murder-body-of-missing-husband-found-beneath-bathroom-tiles-at-home-wife-arrested"
published_at: "2026-07-03T23:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a425678eb89c_crime_.jpg"
keywords: ["Latest News", "Muder Case", "Missing Man", "Found Dead Body"]
---

# 'അദ്ദേഹം എങ്ങോട്ടോ പോയതാണ്...'; ഭർത്താവിനെ കാണാനില്ലെന്ന് പരാതി, പിന്നാലെ കണ്ടെത്തിയത് ബാത്ത്റൂമിൽ കുഴിച്ചുമൂടിയ മൃതദേഹം, ഭാര്യ അറസ്റ്റിൽ 

> **Lead Summary:** **ലഖ്നോ: **ഉത്തർപ്രദേശിലെ ആഗ്രയിൽ 45 ദിവസമായി കാണാതായിരുന്ന 44-കാരനായ സുരേന്ദ്ര കുമാർ ശർമയുടെ മൃതദേഹം സ്വന്തം വീടിന്റെ ബാത്ത്റൂമിലെ പുതുതായി പാകിയ ടൈലുകൾക്ക് അടിയിൽ നിന്ന് കണ്ടെത്തി.

## Article Content

**ലഖ്നോ: **ഉത്തർപ്രദേശിലെ ആഗ്രയിൽ 45 ദിവസമായി കാണാതായിരുന്ന 44-കാരനായ സുരേന്ദ്ര കുമാർ ശർമയുടെ മൃതദേഹം സ്വന്തം വീടിന്റെ ബാത്ത്റൂമിലെ പുതുതായി പാകിയ ടൈലുകൾക്ക് അടിയിൽ നിന്ന് കണ്ടെത്തി.

സംഭവത്തിൽ ഭാര്യ റൂബിയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയതായി സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

സുരേന്ദ്ര കുമാർ ശർമയെ മേയ് 18 മുതൽ കാണാതായിരുന്നു. ഭർത്താവ് എവിടെയോ പോയതാണെന്നും ഉടൻ മടങ്ങിയെത്തുമെന്നും റൂബി ബന്ധുക്കളോടും അയൽവാസികളോടും പറഞ്ഞിരുന്നത്. തുടർന്ന് മേയ് 26-ന് സുരേന്ദ്ര കുമാർ ശർമയെ കാണാനില്ലെന്ന് കാണിച്ച് പൊലിസിൾ പരാതിയും നൽകി.

എന്നാൽ അന്വേഷണത്തിനിടെ റൂബിയുടെ മൊഴികളിൽ വൈരുധ്യങ്ങൾ കണ്ടെത്തിയ പൊലിസ് വെള്ളിയാഴ്ച വീണ്ടും വീട്ടിലെത്തി പരിശോധന നടത്തി.

വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ ബാത്ത്റൂമിൽ പുതുതായി ടൈലുകൾ പാകിയതും ചുമരിലും നിലത്തും പുതിയ പ്ലാസ്റ്ററിംഗ് നടത്തിയതും പൊലിസ് ശ്രദ്ധയിൽപ്പെട്ടു.

സംശയം തോന്നിയതിനെ തുടർന്ന് ടൈലുകൾ പൊളിച്ച് കുഴിച്ചുനോക്കിയപ്പോഴാണ് അഴുകിയ നിലയിലുള്ള സുരേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിൽ, കൊലപാതകത്തിന് പിന്നാലെ മൃതദേഹം ബാത്ത്റൂമിനുള്ളിൽ കുഴിച്ചുമൂടുകയും മണ്ണിട്ട് മൂടിയശേഷം പ്ലാസ്റ്ററിംഗ് നടത്തി പുതിയ ടൈലുകൾ വിരിച്ച് തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലിസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ റൂബി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് മുമ്പുതന്നെ ബാത്ത്റൂം നവീകരണത്തിനായ തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്നുവെന്നും അവർ മൊഴി നൽകിയതായി അന്വേഷണസംഘം അറിയിച്ചു.

എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്നും മറ്റാരെങ്കിലും ഗൂഢാലോചനയിൽ പങ്കാളികളായിരുന്നോയെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

സുരേന്ദ്രയുടെ സഹോദരൻ അനിൽ ശർമ്മയുടെ മൊഴിപ്രകാരം, സുരേന്ദ്ര സ്ഥിരമായി മദ്യപിച്ചിരുന്നതായും ഇതിന്റെ പേരിൽ ദമ്പതികൾ തമ്മിൽ വഴക്കുകൾ പതിവായിരുന്നുവെന്നും പറഞ്ഞു. സുരേന്ദ്രയെ കാണാതായ വിവരം ആദ്യം കുടുംബത്തെ അറിയിച്ചതും പിന്നീട് കാണാതായെന്ന പരാതി നൽകിയതും റൂബിയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ച പൊലിസ് വീട്ടിൽ നിന്ന് ഫോറൻസിക് തെളിവുകളും ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്നും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹരിപർവത് എ.സി.പി ഹേമന്ത് പട്ടേൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370279/murder-body-of-missing-husband-found-beneath-bathroom-tiles-at-home-wife-arrested)