---
title: "ടാങ്കർ മുകളിലെ വൈദ്യുതി ലൈനിൽ തട്ടി; മഹാരാഷ്ട്രയിൽ ഷോക്കേറ്റ് വയോധികൻ മരിച്ചു"
english_title: "Elderly man dies of electrocution after water tanker hits power line"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370262/elderly-man-dies-of-electrocution-after-water-tanker-hits-power-line"
published_at: "2026-07-03T20:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47d28371fcb_shock_death.jpg"
keywords: ["Latest News", "Shock Death", "Maharastra"]
---

# ടാങ്കർ മുകളിലെ വൈദ്യുതി ലൈനിൽ തട്ടി; മഹാരാഷ്ട്രയിൽ ഷോക്കേറ്റ് വയോധികൻ മരിച്ചു

> **Lead Summary:** **സംഭാജിനഗർ : **മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. ടാങ്കറിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

## Article Content

**സംഭാജിനഗർ : **മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. ടാങ്കറിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭാജിനഗറിലെ പൈത്താൻ താലൂക്കിലെ പാച്ചോഡിലാണ് വെള്ളിയാഴ്ച സംഭവം നടന്നത്. പാച്ചോഡ് സ്വദേശിയായ ശിവാജി സാഹേബ്‌റാവു ഭുംറെ (58) ആണ് മരിച്ചത്.

പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ടാങ്കർ ട്രാക്ടറുമായി ഘടിപ്പിച്ച് മുന്നോട്ട് എടുക്കുന്നതിനിടെ മുകളിലൂടെ കടന്നുപോയ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.

ഇതോടെ ട്രാക്ടറിലേക്കും ടാങ്കറിലേക്കും ശക്തമായ രീതിയിൽ വൈദ്യുതി പ്രവഹിക്കുകയും രണ്ട് പേരും തെറിച്ചുവീഴുകയുമായിരുന്നു.

പരിക്കേറ്റ മനോജ് രാംനാഥ് ഭുംറെയ്ക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഛത്രപതി സംഭാജിനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളിലും വൈദ്യുതാഘാതമേറ്റ് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈ ഡോംബിവ്‌ലിയിൽ കനത്ത മഴയിൽ വെള്ളക്കെട്ടിൽ കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 24 വയസ്സുകാരിയും, താനെ ഭീവണ്ടിയിൽ സ്വീറ്റ് സ്റ്റാളിലെ ജീവനക്കാരനായ 26 കാരനും, മുംബ്രയിൽ 17 വയസ്സുകാരിയുമാണ് കഴിഞ്ഞ ദിവസം സമാന രീതിയിൽ മരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370262/elderly-man-dies-of-electrocution-after-water-tanker-hits-power-line)