---
title: "ആന്റി ഏജിങ് ഇൻജക്ഷനായി മറുപിള്ള കടത്ത്: പാകിസ്ഥാനിൽ മൂന്ന് ചൈനീസ് പൗരന്മാരടക്കം അഞ്ച് പേർ പിടിയിൽ; പിടിച്ചെടുത്തത് 500 കിലോ പ്ലാസന്റ"
english_title: "Five people, including three Chinese nationals, arrested in Pakistan for smuggling placenta as anti-aging injections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370222/five-people-including-three-chinese-nationals-arrested-in-pakistan-for-smuggling-placenta-as-anti-aging-injections"
published_at: "2026-07-03T16:51:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a479b5c0bd15_fergrg.jpg"
keywords: ["Latest news", "Pakistan", "placenta as anti-aging injections", "smuggling placenta", "Chinese"]
---

# ആന്റി ഏജിങ് ഇൻജക്ഷനായി മറുപിള്ള കടത്ത്: പാകിസ്ഥാനിൽ മൂന്ന് ചൈനീസ് പൗരന്മാരടക്കം അഞ്ച് പേർ പിടിയിൽ; പിടിച്ചെടുത്തത് 500 കിലോ പ്ലാസന്റ

> **Lead Summary:** ഇസ്ലാമാബാദ്: **[**) പ്രായമാകുന്നത് തടയാനുള്ള (ആന്റി ഏജിങ്) ഇൻജക്ഷൻ നിർമ്മാണത്തിനായി ആശുപത്രികളിൽ നിന്ന് മറുപിള്ള (പ്ലാസന്റ) മോഷ്ടിച്ച് വിൽപന നടത്തുന്ന വൻ സംഘത്തെ പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി പിടികൂടി. ഇസ്ലാമാബാദിലെ അതീവ സുരക്ഷയുള്ള എഫ്-7 സെക്ടറിലെ ആഡംബര വസതിയിൽ നടത്തിയ പരിശോധനയിൽ മൂന്ന് ചൈനീസ് പൗരന്മാരടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 500 കിലോഗ്രാം മറുപിള്ളയും കണ്ടെടുത്തു.

## Article Content

ഇസ്ലാമാബാദ്: **[**) പ്രായമാകുന്നത് തടയാനുള്ള (ആന്റി ഏജിങ്) ഇൻജക്ഷൻ നിർമ്മാണത്തിനായി ആശുപത്രികളിൽ നിന്ന് മറുപിള്ള (പ്ലാസന്റ) മോഷ്ടിച്ച് വിൽപന നടത്തുന്ന വൻ സംഘത്തെ പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി പിടികൂടി. ഇസ്ലാമാബാദിലെ അതീവ സുരക്ഷയുള്ള എഫ്-7 സെക്ടറിലെ ആഡംബര വസതിയിൽ നടത്തിയ പരിശോധനയിൽ മൂന്ന് ചൈനീസ് പൗരന്മാരടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 500 കിലോഗ്രാം മറുപിള്ളയും കണ്ടെടുത്തു.

റാവൽപിണ്ടി, ഇസ്ലാമാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ആശുപത്രികളിൽ നിന്ന് മാസം തോറും നിയമവിരുദ്ധമായി ഇവർ മറുപിള്ള ശേഖരിച്ചിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ വിയറ്റ്നാമിലേക്ക് കടത്താൻ ഇസ്ലാമാബാദ് വിമാനത്താവളത്തിൽ എത്തിച്ച 100 കിലോ മനുഷ്യശരീര കോശങ്ങളും ബുധനാഴ്ച അധികൃതർ പിടിച്ചെടുത്തു.

ആശുപത്രികളിലെ മാലിന്യ നിർമ്മാർജ്ജന കരാറുള്ള കമ്പനികളുമായി ബന്ധപ്പെട്ടാണ് സംഘം പ്രവർത്തിച്ചിരുന്നത്. ആശുപത്രികളിൽ നിന്ന് ഓരോ മറുപിള്ളയ്ക്കും 800 രൂപ നൽകിയാണ് ഇവർ ഇത് വാങ്ങിയിരുന്നത്. തുടർന്ന് ഇവ ഉണക്കി സൂക്ഷിക്കുകയായിരുന്നു പതിവ്.

പ്രായം കുറയ്ക്കാനുള്ള ആന്റി ഏജിങ് ഇൻജക്ഷനുകൾ നിർമ്മിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ഓരോ ഇൻജക്ഷനും 7 ലക്ഷം രൂപ വരെയാണ് വിപണിയിൽ വിലയെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി. ലാഹോർ, പെഷവാർ തുടങ്ങിയ നഗരങ്ങളിലും ഈ സംഘത്തിന് ശൃംഖലകളുണ്ടെന്നാണ് സൂചന.

പിടിയിലായപ്പോൾ ആടുകളുടെ പ്ലാസന്റയാണെന്നാണ് പ്രതികൾ വാദിച്ചതെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ ഇത് മനുഷ്യന്റേതാണെന്ന് തെളിഞ്ഞു. പാകിസ്ഥാനിൽ മനുഷ്യ അവയവങ്ങൾ അനധികൃതമായി ശേഖരിക്കുന്നത് 10 വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

സാധാരണയായി മെഡിക്കൽ രംഗത്ത് കടുത്ത നിയന്ത്രണങ്ങളോടെ പൊള്ളലേറ്റവരുടെ ചികിത്സയ്ക്കും ചില പ്രത്യേക മരുന്നുകൾക്കുമാണ് പ്ലാസന്റ ഉപയോഗിക്കാറുള്ളത്. മുൻപും വൃക്ക കടത്ത് മാഫിയകൾ സജീവമായിരുന്ന പാകിസ്ഥാനിൽ അവയവക്കച്ചവടത്തിന്റെ ഏറ്റവും പുതിയ രൂപമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370222/five-people-including-three-chinese-nationals-arrested-in-pakistan-for-smuggling-placenta-as-anti-aging-injections)