---
title: "ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ജർമൻ പരിശീലകൻ ജൂലിയൻ നാഗൽസ്‌മാൻ രാജിവച്ചു"
english_title: "Coach Julian Nagelsmann resigns after poor World Cup performance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370215/coach-julian-nagelsmann-resigns-after-poor-world-cup-performance"
published_at: "2026-07-03T16:27:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4796a98a365_sdfvsd.jpg"
keywords: ["Latest news", "FIFA  World Cup 2026", "Germany", "Julian Nagelsmann", "Germany coach"]
---

# ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ജർമൻ പരിശീലകൻ ജൂലിയൻ നാഗൽസ്‌മാൻ രാജിവച്ചു

> **Lead Summary:** ന്യൂയോർക്ക്:**[ **ലോകകപ്പ് പ്രീ ക്വാർട്ടറിൽ പരാഗ്വായോട് തോറ്റ് പുറത്തായതിന് പിന്നാലെ ജർമൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നും ജൂലിയൻ നാഗൽസ്‌മാൻ രാജിവച്ചു. ടൂർണമെന്റിലുടനീളം സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവച്ച ജർമൻ ടീമിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.

## Article Content

ന്യൂയോർക്ക്:**[ **ലോകകപ്പ് പ്രീ ക്വാർട്ടറിൽ പരാഗ്വായോട് തോറ്റ് പുറത്തായതിന് പിന്നാലെ ജർമൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നും ജൂലിയൻ നാഗൽസ്‌മാൻ രാജിവച്ചു. ടൂർണമെന്റിലുടനീളം സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവച്ച ജർമൻ ടീമിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കുറസോവോയെ 7-1 ന് തകർത്താണ് ജർമനി തുടങ്ങിയതെങ്കിലും, രണ്ടാം മത്സരത്തിൽ ഐവറി കോസ്റ്റിനെതിരെ 2-1 ന്റെ കഷ്ടിച്ചുള്ള വിജയമാണ് നേടിയത്. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നോക്കൗട്ടിൽ എത്തിയതെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇക്വഡോറിനോട് തോറ്റത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിരുന്നു.

ജയത്തിന് വേണ്ടിയല്ല ജർമനി കളിച്ചതെന്ന് മത്സരശേഷം ക്യാപ്റ്റൻ ജോഷ്വാ കിമ്മിച്ച് പരസ്യമായി പ്രതികരിച്ചതും, സൂപ്പർതാരം ഡെനിസ് ഉണ്ടാവിന്റെ പ്രസ്താവനകളും വലിയ ചർച്ചയായിരുന്നു.

2023 സെപ്റ്റംബറിലായിരുന്നു നാഗൽസ്മാൻ ജർമനിയുടെ ചുമതലയേൽക്കുന്നത്. ഇദ്ദേഹത്തിന് കീഴിൽ കളിച്ച 37 മത്സരങ്ങളിൽ 23 ജയവും 7 സമനിലയും 7 തോൽവിയുമാണ് ടീം നേടിയത്. 2024 യൂറോ കപ്പ് ക്വാർട്ടറിൽ സ്പെയിനിനോടും, യുവേഫ നേഷൻസ് ലീഗ് സെമിയിൽ പോർച്ചുഗലിനോടും തോറ്റതിന് പിന്നാലെയാണ് ഇപ്പോൾ ലോകകപ്പിലെ ഈ വൻ തിരിച്ചടി.

2014-ൽ ലോകകിരീടം നേടിയ ശേഷം തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് ജർമനി പ്രീ ക്വാർട്ടർ കാണാതെ പുറത്താകുന്നത്. അതേസമയം, മുൻ ലിവർപൂൾ പരിശീലകൻ യൂർഗെൻ ക്ലോപ്പ് ജർമനിയുടെ പുതിയ പരിശീലകനായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പരിശീലക സ്ഥാനത്തേക്ക് തന്റെ പേര് ചർച്ചകളിൽ ഉണ്ടെന്ന് അറിയാമെന്നും എന്നാൽ ഇതിനെക്കുറിച്ച് സംസാരിക്കേണ്ട സമയം ഇതല്ലെന്നുമായിരുന്നു ലോകകപ്പിനിടെ ക്ലോപ്പ് പ്രതികരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370215/coach-julian-nagelsmann-resigns-after-poor-world-cup-performance)